National
താജ്മഹല്‍ നാളെ മുതല്‍ രാത്രിയിലും സന്ദര്‍ശകര്‍ക്കായി തുറക്കും
രാത്രിയില്‍ താജ് സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നത് ഒരു വര്‍ഷത്തിന് ശേഷം
ന്യൂഡല്‍ഹി | താജ്മഹല്‍ സന്ദര്‍ശനത്തിന് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. നാളെ മുതല്‍ രാത്രിയിലും സന്ദര്‍ശകര്‍ക്കായി താജ് മഹല്‍ പരിസരത്തേക്ക് പ്രവേശനം അനുവദിക്കും. കൊവിഡ് പ്രതിസന്ധി കാരണം ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട ശേഷമാണ് സന്ദര്‍ശകര്‍ക്ക് രാത്രിയില്‍ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17 മുതലാണ് താജ്മഹലിലെ രാത്രി സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്.
ആഗസ്റ്റ് 21, 23, 24 തിയതികളില്‍ രാത്രിയില്‍ താജ്മഹല്‍ സന്ദര്‍ശിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ദിവസങ്ങളില്‍ താജ്മഹല്‍ സന്ദര്‍ശനം അവധി ആയതിനാലും ഞായറാഴ്ചയില്‍ ലോക്ക്ഡൗണ്‍ നിലവുലുള്ളതുകൊണ്ടും ഈ ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.
വൈകിട്ട് 8:30 മുതല്‍ രാത്രി ഒമ്പത് വരെ, ഒമ്പത് മുതല്‍ 9:30 വരെ, 9:30 മുതല്‍ 10 വരെ എന്നിങ്ങനെയാണ് സന്ദര്‍ശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഓരോ സമയത്തും 50 സന്ദര്‍ശകരെ വരെയാണ് അനുവദിക്കുക.സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അനുസരിച്ചാണിത്. ടിക്കറ്റുകള്‍ ഒരു ദിവസം മുന്‍പ് ബുക്ക് ചെയ്യാമെന്നും അധികൃതര്‍ പറഞ്ഞു.