Connect with us

Afghanistan crisis

താലിബാന്റെ രണ്ടാമൂഴമുയര്‍ത്തുന്ന ചോദ്യങ്ങള്‍

ഗോത്രങ്ങളായി വിഘടിച്ചു കിടക്കുന്ന അഫ്ഗാനിലെ ജനതയെ ഒരുമിച്ച് കൊണ്ടുപോകാന്‍ താലിബാന് കഴിയുമോ? ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത ഭരണത്തെ അംഗീകരിക്കാന്‍ എത്ര രാജ്യങ്ങള്‍ മുന്നോട്ടുവരും? മുന്‍കാല ഭരണത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു താലിബാന്‍ ഭരണം പ്രതീക്ഷിക്കാമോ? രാഷ്ട്രീയ എതിരാളികളോടുള്ള സമീപനം എന്താകും? ഭീകര സംഘടനയായി അറിയപ്പെടുന്ന താലിബാന്റെ വിദേശ നയത്തിലുള്ള സാധ്യതകള്‍ എന്താണ്? അങ്ങനെ കുറേ ചോദ്യങ്ങള്‍ക്ക് നടുവിലാണ് താലിബാന്‍ ഭരണത്തിലേറുന്നത്.

Published

|

Last Updated

നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ അഫ്ഗാനിസ്ഥാന്റെ മണ്ണ് വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. സായുധ പോരാട്ടത്തിലൂടെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് വലിയ രക്തച്ചൊരിച്ചിലുകളില്ലാതെ താലിബാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മുപ്പത്തിനാല് പ്രവിശ്യകളില്‍ പലതും വലിയ പോരാട്ടങ്ങളില്ലാതെ തന്നെ താലിബാന്റെ നിയന്ത്രണത്തിലായി. തലസ്ഥനമായ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ അശ്‌റഫ് ഗനിയുടെ ഭരണം നിലംപതിച്ചു. അക്രമങ്ങളും കൊലയും കൂട്ടപലായനവുമടക്കം അന്താരാഷ്ട്ര മാധ്യമങ്ങള്‍ തുടക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പിന്നീട് രക്തച്ചൊരിച്ചിലുകളൊന്നും കാര്യമായി ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ലഭിക്കേണ്ടതിന്റെ ആവശ്യകതയുള്ളത് കൊണ്ട് രാഷ്ട്രീയ എതിരാളികളോട് മയത്തിലുള്ള സമീപനമാണ് താലിബാന്‍ സ്വീകരിച്ചത്. രണ്ടാം താലിബാന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ വ്യക്തമാക്കുന്ന ആദ്യ പത്രസമ്മേളനത്തില്‍, അന്താരാഷ്ട്ര സമൂഹത്തിന് കൂടി സ്വീകാര്യമാകുന്ന ചില നയപരമായ മാറ്റത്തിന്റെ സൂചനകളാണ് നല്‍കിയിരിക്കുന്നത്. കാര്യങ്ങള്‍ അങ്ങനെയെങ്കിലും അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും രാഷ്ട്രീയമായ അസ്ഥിരതക്കുള്ള സാധ്യതകളെ കുറിച്ചും വ്യാപകമായ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

രാഷ്ട്രീയമായും മതപരമായും അഫ്ഗാനിസ്ഥാന്റെ മണ്ണിനെ ഇത്രക്കും കലുഷിതമാക്കിയത് സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലുകളാണ്. അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള ഏഷ്യന്‍ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം കൂടുതല്‍ അസ്ഥിരതയിലേക്ക് തള്ളിവിടുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍ ചെയ്തിട്ടുള്ളത്. ഇറാഖിനെ തകര്‍ത്തതിലും യമനിലെ തീരാത്ത പ്രശ്‌നങ്ങളിലും സിറിയയിലെ ആഭ്യന്തര കലാപത്തിന്റെ ഒടുക്കമില്ലായ്മയിലും തകര്‍ന്നു കിടക്കുന്ന അഫ്ഗാനിന്റെ നിലവിലെ സ്ഥിതിയിലുമെല്ലാം അമേരിക്ക ഉള്‍പ്പെടുന്ന പാശ്ചാത്യ രാജ്യങ്ങളുടെ പ്രത്യക്ഷമായും പരോക്ഷമായും ഉള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഒരുകാലത്ത് അമേരിക്ക തന്നെ വളര്‍ത്തിയ താലിബാന്‍ അമേരിക്കയുടെ തന്നെ ശത്രുവായി മാറിയ കാഴ്ചയാണ് കണ്ടത്. അത് അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിലും കലാശിച്ചു. വിയറ്റ്‌നാമിന് സമാനമായ പരാജയമാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഏറ്റുവാങ്ങിയത്. നാല് പ്രസിഡന്റുമാരുടെ കീഴില്‍ ഇരുപത് വര്‍ഷം നടത്തിയ അഫ്ഗാന്‍ അധിനിവേശം സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. ചെലവാക്കിയ ട്രില്യന്‍ കണക്കിന് ഡോളറുകളും നഷ്ടപ്പെട്ട ആയിരക്കണക്കിന് ജീവനുകളും പാഴായിരിക്കുന്നു. കൊട്ടിഘോഷിക്കപ്പെട്ട അമേരിക്കന്‍ നേതൃത്വത്തിലുള്ള തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ നിറം മങ്ങിയിരിക്കുന്നു.
സമാധാന ജീവിതം ആഗ്രഹിക്കുന്ന ഒരു ജനതയുടെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും കുറിച്ചാണ് താലിബാന്റെ രണ്ടാം വരവ് ചോദ്യമുയര്‍ത്തുന്നത്. പ്രതിസന്ധികളെ മറികടന്ന് പുതിയ കാല്‍വെപ്പുകളും മുന്നേറ്റങ്ങളും നടത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് കാര്യങ്ങള്‍ കൂടുതല്‍ ആശങ്കയിലേക്ക് പോകുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. വിവിധ ഗോത്രങ്ങളായി വിഘടിച്ചു കിടക്കുന്ന അഫ്ഗാനിലെ ജനതയെ ഒരുമിച്ച് കൊണ്ടുപോകാന്‍ താലിബാന് കഴിയുമോ? ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത ഭരണത്തെ അംഗീകരിക്കാന്‍ എത്ര രാജ്യങ്ങള്‍ മുന്നോട്ടുവരും? മുന്‍കാല ഭരണത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു താലിബാന്‍ ഭരണം പ്രതീക്ഷിക്കാമോ? രാഷ്ട്രീയ എതിരാളികളോടുള്ള സമീപനം എന്താകും? സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ താലിബാന് കഴിയുമോ? സാമ്പത്തികമായും സാമൂഹികമായുമുള്ള പ്രശ്‌നങ്ങളില്‍ നയപരമായി എന്തെങ്കിലും മാറ്റമുണ്ടാകുമോ? ഭീകര സംഘടനയായി അറിയപ്പെടുന്ന താലിബാന്റെ വിദേശ നയത്തിലുള്ള സാധ്യതകള്‍ എന്താണ്? അങ്ങനെ കുറെ ചോദ്യങ്ങള്‍ക്ക് നടുവിലാണ് താലിബാന്‍ ഭരണത്തിലേറുന്നത്.
രാഷ്ട്രീയ എതിരാളികളോട് കടുത്ത നിലപാട് സ്വീകരിക്കുന്ന താലിബാനെയാണ് കഴിഞ്ഞ കാലങ്ങളില്‍ കണ്ടത്. അധികാരത്തിലിരിക്കുന്ന താലിബാന് അതില്‍ നിന്ന് എന്തെങ്കിലും മാറ്റമുണ്ടായാല്‍ അഫ്ഗാനിലെ ജനതക്ക് സമാധാനമുണ്ടാകും. ആഭ്യന്തരമായി താലിബാനെ നേരിടാന്‍ തക്ക എതിരാളികള്‍ നിലവില്‍ ഇല്ല. അതുകൊണ്ട് തന്നെ ആഭ്യന്തര കലാപത്തിന്റെ സാധ്യതകള്‍ നിലവിലില്ല എന്ന് സമാധാനിക്കാം. ജനാധിപത്യത്തിന്റെ കൂടുതല്‍ സാധ്യതകളെ കുറിച്ചും അതിന്റെ അനിവാര്യതയെകുറിച്ചും ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് ഗോത്രരീതിയില്‍ അധിഷ്ഠിതമായ ഒരു ഭരണം എങ്ങനെയാണ് അഫ്ഗാനിലെ ജനങ്ങള്‍ക്കും പുറത്തുള്ളവര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുക എന്നത് ഒരു പ്രധാന ചോദ്യമായി അവശേഷിക്കുന്നു.
രാഷ്ട്രീയമായ അസ്ഥിരതക്കൊപ്പം സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നാക്കം നില്‍ക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തെ 55 ശതമാനം പേര്‍ ദാരിദ്ര്യ രേഖക്ക് താഴെയായിരുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം അത് 72 ശതമാനമായി ഉയര്‍ന്നു. കാണ്ഡഹാര്‍, ബതാക്ഷാന്‍ പ്രവിശ്യകളില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ 80 ശതമാനത്തിന് മുകളിലാണ് എന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ട് പറയുന്നു. ലോകത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. 43 ശതമാനമാണ് സാക്ഷരതാ നിരക്ക്. 15 വയസ്സിന് മുകളിലുള്ളവരുടെ കണക്ക് നോക്കിയാല്‍ പുരുഷന്മാരില്‍ പകുതി പേര്‍ക്കും സ്ത്രീകളില്‍ മൂന്നില്‍ ഒന്ന് പേര്‍ക്കും മാത്രമേ സാക്ഷരതയുള്ളൂ. മൊത്തത്തില്‍ പുരുഷന്മാരില്‍ 55 ശതമാനവും സ്ത്രീകളില്‍ 29 ശതമാനവുമാണ് സാക്ഷരത.

ഏകദേശം നാല് ലക്ഷത്തില്‍പരം ആഭ്യന്തര കുടിയേറ്റക്കാരാണ് അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഉണ്ടായിട്ടുള്ളത്. അതില്‍ ജൂണില്‍ മാത്രം ഒരു ലക്ഷം പേര്‍ ആഭ്യന്തര പലായനത്തിന് വിധേയമായിട്ടുണ്ട്.
അമേരിക്ക തോറ്റ് പിന്മാറിയ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 40,000ത്തില്‍ കൂടുതല്‍ സിവിലിയന്മാരാണ് അമേരിക്കന്‍ അധിനിവേശ കാലത്ത് കൊല്ലപ്പെട്ടത്. 64,000ത്തില്‍ കൂടുതല്‍ അഫ്ഗാന്‍ സൈനികരും പോലീസുകാരും കൊല്ലപ്പെട്ടു. 3,500 നാറ്റോ സൈനികരുമാണ് കൊല്ലപ്പെട്ടത്. ഒരു ട്രില്യന്‍ ഡോളര്‍ അമേരിക്ക അഫ്ഗാന്‍ യുദ്ധത്തിനായി ചെലവാക്കി.
എന്തായാലും താലിബാനെ ഇല്ലാതാക്കുക എന്ന അമേരിക്കന്‍ ലക്ഷ്യം പരാജയപ്പെടുക മാത്രമല്ല, താലിബാന്‍ ശക്തമായി തിരിച്ചുവരികയും ചെയ്തിരിക്കുന്നു. 2019ലെ ഒരു പഠനം അനുസരിച്ച് അഫ്ഗാനിലെ ജനങ്ങളില്‍ 85 ശതമാനവും താലിബാനോട് വിയോജിപ്പുള്ളവരാണ്.
അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം ഒന്നിനെയും ഊതിക്കെടുത്തുന്നതാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥികാം. ഹിംസാത്മകമായ രാഷ്ട്രീയത്തിന്റെ ഭൂതകാലമുള്ള താലിബാന് വിശാലമായ മാനവികതയുടെയും മനുഷ്യത്വത്തിന്റെയും രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് കടന്നുവരാനാകും എന്ന വലിയ പ്രതീക്ഷക്ക് വകയില്ലെങ്കിലും അങ്ങനെ സംഭവിക്കട്ടെ എന്ന് തീവ്രമായി ആഗ്രഹിക്കുകയല്ലാതെ നിര്‍വാഹമില്ല. ഇനിയും അഫ്ഗാനിന്റെ മണ്ണില്‍ ചോരവീഴാതെ നോക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കഴിയണം. അഫ്ഗാനിന്റെ വിഭവങ്ങളെ ഊറ്റിയെടുക്കാന്‍ കണ്ണുനട്ടിരിക്കുന്ന വന്‍കിട രാഷ്ട്രങ്ങളെ തടയിടണം. സമാധാനം ഉറപ്പുവരുത്താന്‍ താലിബാന് കഴിയുന്നില്ലെങ്കില്‍ ആഭ്യന്തര കലാപത്തിന് വിട്ടുകൊടുക്കാതെ ക്രിയാത്മകമായി ഇടപെടാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കഴിയണം.

 

(ലേഖകന്‍ ജെ എന്‍ യുവിലെ റിസര്‍ച്ച് സ്‌കോളറാണ്)

റിസര്‍ച്ച് സ്‌കോളർ, ജെ എന്‍ യു

Latest