Afghanistan crisis
പഞ്ച്ഷീര്‍ താഴ്‌വര കീഴടക്കാന്‍ താലിബാന്‍ നീക്കം ആരംഭിച്ചു
അഹ്മദ് മസൂദിന്റെ നേതൃത്വത്തില്‍ ഒമ്പതിനായിരം വരുന്ന പടയാളികള്‍ താലിബാനെ ചെറുക്കാന്‍ പഞ്ച്ഷീറിലുണ്ട്.
കാബൂള്‍ | താലിബാനെ ചെറുത്തുനില്‍ക്കുന്ന പഞ്ച്ഷീര്‍ താഴ്‌വര കീഴടക്കാന്‍ നീക്കം ആരംഭിച്ചു. നൂറുകണക്കിന് സായുധ സംഘത്തെ താഴ്‌വരയിലേക്ക് അയച്ചതായി താലിബാന്‍ അറിയിച്ചു. താലിബാന്‍ വിരുദ്ധ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന പഞ്ച്ഷീര്‍ കാബൂളിന്റെ വടക്കു ഭാഗത്താണ്.
പ്രധാനമായും മുന്‍സര്‍ക്കാറിലെ ചില സൈനികരും ഇവിടെയുണ്ട്. താലിബാനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് ഇവിടെയുള്ളത്. പഞ്ച്ഷീര്‍ കീഴടക്കുകയാണ് ലക്ഷ്യമെന്ന് താലിബാന്‍ അറിയിച്ചു.
പ്രാദേശിക നേതൃത്വം മേഖല സമാധാനപരമായി കൈമാറാന്‍ സന്നദ്ധമാകാത്തതിനാലാണ് സായുധ കീഴടക്കലെന്ന് താലിബാന്‍ അവകാശപ്പെടുന്നു. നേരത്തേ കാര്യമായി ചെറുത്തുനില്‍പ്പുകളില്ലാതെ കാബൂള്‍ വരെ താലിബാന് കീഴടങ്ങിയപ്പോള്‍ നിരവധി പേരാണ് പഞ്ച്ഷീറിലേക്ക് എത്തിയത്. അഹ്മദ് മസൂദിന്റെ നേതൃത്വത്തില്‍ ഒമ്പതിനായിരം വരുന്ന പടയാളികള്‍ താലിബാനെ ചെറുക്കാന്‍ പഞ്ച്ഷീറിലുണ്ട്.