Afghanistan crisis
കാത്തിരിപ്പിന്റെ ഫലം ആഘോഷിച്ച് താലിബാന്‍, മൂകമായി പിന്‍വാങ്ങി അമേരിക്ക
അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ പിന്‍വാങ്ങലിന്റെ അവസാന നിമിഷങ്ങള്‍ ഇങ്ങനെ
കാബൂള്‍ | അഫ്ഗാനിസ്ഥാനിലെ എല്ലാവരേയും എന്ന പോലെ താലിബാന്‍ നേതാക്കളും ഭീകരരും അന്ന് രാത്രി ആകാശത്തേക്ക് കണ്ണും നട്ടിരുന്നു. അമേരിക്കന്‍ സൈനികരുടെ ഇരുപത് വര്‍ഷം നീണ്ടു നിന്ന അഫ്ഗാന്‍ മണ്ണില്‍ നിന്നുള്ള തിരിച്ച് പോക്ക് സാധാരണ ജനങ്ങള്‍ ഭീതിയോടെ നോക്കി നിന്നപ്പോള്‍, മടങ്ങുന്ന അമേരിക്കന്‍ വിമാനങ്ങളുടെ സിഗ്നല്‍ വെളിച്ചങ്ങള്‍ പ്രതീക്ഷയോടെയാണ് താലിബാന്‍ ഭീകരര്‍ നോക്കി നിന്നത്. അതേസമയം, പോര്‍ വിമാനങ്ങള്‍ കാബൂളില്‍ നിന്ന് പറന്നുയര്‍ന്നത് ദൂരെ അമേരിക്കയിലിരുന്ന് യു എസ് ജനറലുകള്‍ ടി വി സ്‌ക്രീനുകളില്‍ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ഈ യുദ്ധത്തിലെ വിജയികളിലും പരാജിതരിലും ആശ്വാസത്തിന്റെ തെളിച്ചമുണ്ടായിരുന്നു.
അവസാനത്തെ അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കയിലുണ്ടായിരുന്നത് രാജ്യത്ത് ഒരു കൂട്ടരായിരുന്നു. ഉപേക്ഷിക്കപ്പെട്ടതിനും രക്ഷപ്പെട്ടതിനും ഇടയിലുള്ള ചിലര്‍. അഫ്ഗാനിലെ യു എസ് സൈന്യത്തെ സഹായിക്കാനായി നിയോഗിക്കപ്പെട്ട ഇവരെ അമേരിക്കയില്‍ സുരക്ഷിതമായ പുനരധിവസിപ്പിക്കാനുള്ള രേഖകള്‍ യു എസ് ഭരണകൂടം അനുവദിച്ചു നല്‍കിയെങ്കിലും അവസാന സൈനികനും രാജ്യം വിടുന്ന ദിവസവും ഇവര്‍ക്ക് അമേരിക്കയില്‍ എത്താന്‍ സാധിക്കാതെ വന്നതോടെ ഭാവിയെക്കുറിച്ച് ആശങ്കയായി. എന്നാല്‍ ഇവരുടെയൊക്കെ ആശങ്കകള്‍ക്ക് വിപരീതമായി, അവസാന സൈനികനേയും രാജ്യത്ത് തിരിച്ചെത്തിച്ചെങ്കിലും മറ്റ് കുടിയേറ്റക്കാരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഇപ്പോഴും തുടരുകയാണ്.
അമേരിക്കന്‍ പിന്മാറ്റത്തിനുള്ള അവസാന ദിവസമെത്തിയതോടെ 24 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും പിന്മാറണമെന്ന മുന്നറിയിപ്പ് താലിബാന്‍ നല്‍കി. എന്നാല്‍ ഈ അവസരത്തില്‍ പറന്നുയരുന്ന വിമാനങ്ങളെ താലിബാന്‍ വെടിവെച്ചിട്ടേക്കുമെന്ന് തങ്ങള്‍ ഭയന്നിരുന്നതായി അമേരിക്കന്‍ സൈനികര്‍ പിന്നീട് ചില മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തിരിച്ചുപോക്കിന്റെ അവസാന നിമിഷം വിമാനത്താവളങ്ങളില്‍ അമേരിക്കന്‍ സേന കുഴി ബോംബുകള്‍ സ്ഥാപിച്ചേക്കുമെന്നായിരുന്നു താലിബാന്റെ ഭയം. എന്നാല്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫയര്‍ ട്രക്ക് വിമാനത്താവളത്തിന് നല്‍കിയാണ് അമേരിക്ക പിന്‍വാങ്ങിയത്.
ദിവസങ്ങളായി നീണ്ടു നിന്ന അമേരിക്കന്‍ തിരിച്ചു പോക്കിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ക്ക് അവസാനമായ രാത്രിയിലും തങ്ങള്‍ ഉറങ്ങിയില്ലെന്ന് താലിബാന്‍ ഭീകരിലൊരാളായ ഹെമദ് ശെര്‍സാദ് പറഞ്ഞു. അന്ന് രാത്രി തങ്ങളുടെ തൊണ്ടപൊട്ടുംവരെ ഒരു മണിക്കൂറോളം ആഹ്ലാദത്തിന്റെ ശബ്ദമുണ്ടാക്കിയെന്ന് ശെര്‍സാദ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. താലിബാന്‍ അഫ്ഗാന്‍ മണ്ണില്‍ വിജയമാഘോഷിക്കുമ്പോള്‍ ഇതേ സമയം പെന്റഗണ്‍ മൂകമായിരുന്നു. അവസാന വിമാനമായ സി 17 പറന്നുയര്‍ന്നതോടെ അവിടം കൂടുതല്‍ നിശബ്ദമായി. അവസാന സൈനിക വിമാനവും പറന്നുയര്‍ന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു പ്രസിഡന്റ് ജോ ബൈഡനെ വിളിച്ചറിയിച്ചത്.
അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ മടക്കത്തിന്റെ അവസാന നിമിഷവും യു എസ് കോണ്‍സുലര്‍ ഓഫീസര്‍ അമേരിക്കയിലേക്ക് കുടിയേറുന്ന അര്‍ഹരായ അഫ്ഗാനികള്‍ക്ക് സ്‌പെഷ്യല്‍ വിസകള്‍ അനുവദിക്കുന്നതിന്റെ തിരക്കിലായിരുന്നു. എന്നാല്‍ ഈ അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ കയറിപ്പറ്റാനുള്ള ചിലരുടെ പരിശ്രമം അതികഠിനവുമായിരുന്നു. ചിലര്‍ക്ക് അഞ്ച് ദിവസം വരെ വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളത്തിന്റെ ഉള്ളിലാകട്ടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ താലിബാന്‍ ഭീകരര്‍ വെടിവെക്കുന്നുപോലുമുണ്ടായിരുന്നു. ചാട്ടവാറും മുള്ള് തറച്ച വടികളും ഗ്രനേഡുകളും കണ്ണീര്‍ വാതകങ്ങളും കയ്യില്‍ കരുതിയ ഭീകരരായിരുന്നു വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
ദിനം പ്രതി മുപ്പതിലേറെ കുട്ടികള്‍ കുടുംബത്തില്‍ നിന്നും കൂട്ടംതെറ്റി വിമാനത്താവളത്തിനുള്ളില്‍ എത്തുന്നുണ്ടായിരുന്നു. കുട്ടികളെങ്കിലും രക്ഷപ്പെടാന്‍ വിമാനത്താവളത്തിന്റെ മുള്ളു വേലികള്‍ക്കപ്പുറത്ത് നിന്ന് മാതാക്കള്‍ വിമാനത്താവളത്തിലേക്ക് കുട്ടികളെ എടുത്തെറിയുന്ന കാഴ്ചയും അവിടെ നിന്ന് പുറത്തു വന്നിരുന്നു. ഇന്നിപ്പോള്‍ ഇത്തരത്തില്‍ കൂട്ടംതെറ്റി ഒറ്റക്കായ കുട്ടികളെ പുനരധിവസിപ്പിക്കാന്‍ യുനിസെഫ് ഖത്തറില്‍ ഒരു ക്യാമ്പ് നടത്തുന്നുണ്ട്.
എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ആഗ്രഹവുമായി വിമാനത്താവളത്തില്‍ എത്തുന്ന ഏറെ അഫ്ഗാനികളെ താലിബാന്‍ തിരിച്ചയക്കുമായിരുന്നു. താലിബാന്‍ അനുമതി നല്‍കുന്നവരെയാകട്ടെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കടത്തി വിടുന്നുമുണ്ടായിരുന്നില്ല. രണ്ട് വിഭാഗത്തിനും തൃപ്തിപ്പെടുന്ന ഏറ്റവും കുറച്ച് പേര്‍ക്ക് മാത്രമേ സ്വന്തം രാജ്യത്ത് നിന്ന് അഭയാര്‍ഥികളായി പലായനം ചെയ്യാന്‍ കഴിയുമായിരുന്നുള്ളു. അതിന്റെ മാനദണ്ഡം എന്നാണെന്ന് ഇതുവരെയും ആര്‍ക്കും മനസിലാക്കാനും സാധിച്ചിട്ടില്ല. ചില താലിബാന്‍ ഭീകരര്‍ അതി ക്രൂരമായി തന്നെ ആളുകളോട് പെരുമാറി. എന്നാല്‍ വളരെക്കുറച്ച് പേരാകട്ടെ അല്പം അയഞ്ഞ മട്ടുള്ളവരായിരുന്നു.
അമേരിക്കന്‍ പിന്‍വാങ്ങലിന്റെ അവസാന നിമിഷം അവരുടെ സൈന്യവുമായി തങ്ങള്‍ പങ്കുവെച്ച് പുകവലിച്ചിട്ടുണ്ടായിരുന്നെന്ന് ശെര്‍സാദ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ആ സമയത്ത് എല്ലാവരും വളരെ അക്ഷ്യോഭ്യരായിരുന്നവെന്നും പരസ്പരം കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്നുവെന്നും അയാള്‍ പറഞ്ഞു. എങ്കിലും പൂര്‍ണ്ണ സ്വാതന്ത്രത്തിന് ശേഷം തങ്ങളുടെ പതാക ഉയര്‍ത്താന്‍ കാത്തിരിക്കുകയായിരുന്നു അവരെന്നും ഈ താലിബാന്‍ ഭീകരന്‍ അടിവരയിട്ടു.
മുന്‍ഗണനയുള്ള ഒഴിപ്പിക്കപ്പെടുന്നവര്‍ക്കായി അമേരിക്ക അനുവദിച്ച ഒരു കോഡ് മറ്റുള്ളവര്‍ പകര്‍ത്തി ഉപയോഗിക്കാന്‍ ശ്രമിച്ചതോടെ അവസാന ദിവസം ഏറെ നേരം കാബൂള്‍ വിമാനത്താവളത്തില്‍ ആശങ്കയുണ്ടായി. 1500 ലേറെ അഫ്ഗാന്‍ സ്വദേശികള്‍ക്ക് അമേരിക്കന്‍ തിരിച്ചിറക്കത്തിന് മുമ്പ് അവസാന ദിവസം രാജ്യം വിടാനായി. ഇതിന് ശേഷമായിരുന്നു 1000 ത്തില്‍ താഴെ അമേരിക്കന്‍ സൈനികരുമായി അവസാനത്തെ അഞ്ച് സി 17 വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് താലിബാനും തോറ്റു പോയൊരു യുദ്ധത്തിന് അമേരിക്കയും വിരാമമിട്ടപ്പോള്‍ ജീവിതവും സ്വപ്‌നങ്ങളും തുലാസിലായി ഒരു ജനത അവിടെ തനിച്ചായി.