Connect with us

Afghanistan crisis

അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിട്ടു; താലിബാന്‍ കാബൂളിലേക്ക് പ്രവേശിച്ചു

തന്റെ അടുപ്പക്കാരോടൊപ്പമാണ് അശ്റഫ് ഗനി രാജ്യം വിട്ടതെന്ന് അഫ്ഗാനിലെ മാധ്യമ സ്ഥാപനമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വന്ന് ഏതാനും മിനുട്ടുകള്‍ക്കകം താലിബാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിച്ചു. പ്രാദേശിക പോലീസ് പിന്‍വാങ്ങിയതോടെ കൊള്ളയും കൊള്ളിവെപ്പും തടയാനാണ് കാബൂളിലേക്ക് പ്രവേശിക്കുന്നതെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. കാബൂള്‍ ചുറ്റുപാടും നിന്ന് താലിബാന്‍ വളഞ്ഞതോടെ സമാധാനപരമായ അധികാര കൈമാറ്റത്തിന് സര്‍ക്കാറുമായി ചര്‍ച്ച ആരംഭിച്ചിരുന്നു. താലിബാനുമായുള്ള അധികാര കൈമാറ്റ ചര്‍ച്ചക്കിടെയാണ് പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട് വന്നത്. തന്റെ അടുപ്പക്കാരോടൊപ്പമാണ് അദ്ദേഹം രാജ്യം വിട്ടതെന്ന് അഫ്ഗാനിലെ മാധ്യമ സ്ഥാപനമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അയല്‍ രാജ്യമായ താജിക്കിസ്ഥാനിലേക്കാണ് അദ്ദേഹം പോയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഗനി രാജ്യം വിട്ടത് പരിശോധിക്കുകയാണെന്ന് താലിബാന്‍ വക്താവ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.

അഫ്ഗാനിസ്ഥാനിൽ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സമാധാനപരമായ അധികാര കൈമാറ്റം പ്രതീക്ഷിക്കുന്നതായി താലിബാന്‍ വക്താവ് നേരത്തേ അറിയിച്ചിരുന്നു. ജനങ്ങളുടെ സ്വത്തും ജീവനും സുരക്ഷിതമായിരിക്കുമെന്ന് കാബൂള്‍ ജനതക്ക് ഉറപ്പുനല്‍കുന്നതായി താലിബാന്‍ വക്താവ് ബി ബി സിയോട് പറഞ്ഞു. കാബൂളിന്റെ അതിര്‍ത്തികളില്‍ നിലകൊള്ളാനാണ് നേരത്തേ ആയുധധാരികളോട് നിര്‍ദേശിച്ചിരുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ അധികാര കൈമാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായി അധികാര കൈമാറ്റം സാധ്യമാക്കാന്‍ സര്‍ക്കാറും താലിബാനും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. തലസ്ഥാനമായ കാബൂള്‍ താലിബാന്‍ വളഞ്ഞതോടെയാണ് ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധമായത്. ആക്രമിക്കില്ലെന്ന് താലിബാനും പറഞ്ഞിട്ടുണ്ട്. സമാധാനപരമായ അധികാര കൈമാറ്റമുണ്ടാകുമെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി അബ്ദുല്‍ സത്താര്‍ മീര്‍സാക്വാല്‍ അറിയിച്ചിട്ടുണ്ട്. യു എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം നടത്താന്‍ റഷ്യ നീക്കം തുടങ്ങി.

അധികാര കൈമാറ്റം പൂര്‍ത്തിയാകുന്നത് വരെ സുരക്ഷാ ഉത്തരവാദിത്വം അഫ്ഗാന്‍ സര്‍ക്കാറിനാണെന്ന് താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തു. അതിനിടെ അഫ്ഗാനില്‍ ചര്‍ച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

ചിത്രം- എ എഫ് പിഅഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ എത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. തന്ത്രപ്രധാന കിഴക്കന്‍ നഗരമായ ജലാലാബാദ് കീഴടക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് കാബൂളിന് നേരെ താലിബാന്‍ എത്തിയത്. പാക്കിസ്ഥാനുമായി ബന്ധിപ്പിക്കുന്ന റോഡുകളുള്ള മേഖലയാണ് ജലാലാബാദ്. ആക്രമണത്തിന് ഉദ്ദേശ്യമില്ലെന്നും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്നും ആര്‍ക്കെങ്കിലും നഗരം വിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സുരക്ഷിത വഴിയൊരുക്കുമെന്നും താലിബാന്‍ നേതാവ് പറഞ്ഞതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കാബൂള്‍ നഗരത്തിന്റെ കവാടങ്ങള്‍ കടക്കരുതെന്ന് സൈന്യത്തിന് നേരത്തേ നിര്‍ദേശം നല്‍കിയതായി താലിബാന്റെ പ്രസ്താവനയില്‍ പറയുന്നു. ജീവനോ സ്വത്തോ മറ്റൊരാളുടെ അഭിമാനമോ ഹനിക്കാതെ സുരക്ഷിതമായി ഭരണകൈമാറ്റ പ്രക്രിയ ഉറപ്പുവരുത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം, താലിബാന്‍ ഇങ്ങനെ ഉറപ്പുനല്‍കുന്നുവെങ്കിലും ജനങ്ങള്‍ നഗരത്തില്‍ നിന്ന് പലായനം ചെയ്യുന്നുണ്ട്.

അതേസമയം, ഭയക്കേണ്ടതില്ലെന്നും യാതൊരു പ്രശ്‌നവുമില്ലെന്നും പ്രസിഡന്റ് അശ്‌റഫ് ഗനിയുടെ സൈനിക തലവന്‍ ട്വിറ്ററില്‍ അറിയിച്ചു. കാബൂളിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ട്വിറ്ററില്‍ പറയുന്നു. എല്ലാ വശങ്ങളില്‍ നിന്നുമാണ് താലിബാന്‍ കാബൂളിലേക്ക് പ്രവേശിച്ചത്. പ്രധാന നഗരത്തിന്റെ ഏതാനും കിലോമീറ്ററുകള്‍ക്ക് അകലെയാണ് താലിബാന്‍ നിലയുറപ്പിച്ചത്.