Connect with us

Articles

ടാര്‍ഗറ്റ് മുസ്ലിം പെണ്‍കുട്ടികളാണ്

ആറ് മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കല്‍ ഭരണകൂടത്തിന്റെ ചുമതലയാണ് എന്നിരിക്കെ ഇവിടെ ഭരണംകൂടം മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പതിയെ കുറച്ചുകൊണ്ടുവരികയും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്യുമ്പോഴാണ് പുതിയ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെടുകയും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുള്ളത്.

Published

|

Last Updated

എല്ലാ പ്രതിഷേധങ്ങള്‍ക്കും നിയമ തടസ്സങ്ങള്‍ക്കും ശേഷം കര്‍ണാടകയിലെ മുസ്ലിം പെണ്‍കുട്ടികളെയും അധ്യാപികമാരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാന്‍ കോടതി അനുവദിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? അവര്‍ ശിരോവസ്ത്രം ഉപേക്ഷിച്ച് സ്‌കൂളിലേക്കും കോളജിലേക്കും പഠിക്കാനും അധ്യാപികമാര്‍ ജോലിക്കും പോകുമോ? അതല്ല അവര്‍ മതപരമായ നിയമങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠനവും പഠിപ്പിക്കലും ഉപേക്ഷിച്ച് വീട്ടിലിരിക്കേണ്ടി വരുമോ? രണ്ടായാലും അതുണ്ടാക്കുന്ന സാമൂഹികവും മതപരവുമായ പ്രത്യാഘാതം ചെറുതായിരിക്കില്ല. നമ്മുടെ ഭരണഘടന മതേതരത്വം പറയുന്നു. പക്ഷേ ഈ തത്ത്വം ഇല്ലാതാകുകയും കാലങ്ങളായി അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ വീണ്ടും പിന്തള്ളപ്പെടുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. ഭരണഘടനാ തത്ത്വങ്ങള്‍ പൊളിക്കപ്പെടുമ്പോള്‍ ആ രാജ്യത്ത് പിന്നെന്ത് നിയമസംവിധാനങ്ങളിലാണ് ജനങ്ങള്‍ വിശ്വസിക്കുക എന്ന ഗൗരവപരമായ ചോദ്യം അവശേഷിക്കാനിടയാക്കും. അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുന്ന അത്തരം അവസ്ഥയെ വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ ഏറ്റെടുക്കുകയും തങ്ങളുടെ അജന്‍ഡകള്‍ക്ക് ഉപയോഗിക്കുകയും ചെയ്യും. ഹിജാബ് ധരിച്ച് ലോകത്തെ വിവിധ രാജ്യങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലുമെല്ലാം വ്യാപൃതരാണ് എന്ന വസ്തുത നിലനില്‍ക്കെയാണ് തലയില്‍ ഒരു കഷ്ണം തുണിയിടുന്നതിന്റെ പേരില്‍ നമ്മുടെ രാജ്യത്ത് മുസ്ലിം പെണ്‍കുട്ടികളോട് പുതിയ കാലത്തെ തൊട്ടുകൂടായ്മയും തീണ്ടലും സംഘ്പരിവാര്‍ നടപ്പാക്കുന്നത്.

സ്വതന്ത്ര ഇന്ത്യ റിപബ്ലിക്കായി പത്ത് വര്‍ഷം കഴിഞ്ഞ് നടത്തിയ 1961ലെ കണക്കെടുപ്പ് പ്രകാരം 40 ശതമാനം പുരുഷന്മാര്‍ക്ക് മാത്രമാണ് തങ്ങളുടെ പേര് വായിക്കാനും എഴുതാനും സാധിച്ചിരുന്നത്. കേവലം 15 ശതമാനം മാത്രമായിരുന്നു ഇന്ത്യയിലെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക്. തുടര്‍ന്ന് സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളെ തുടര്‍ന്ന് വിദ്യാഭ്യാസത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. 2011ലെത്തിയപ്പോള്‍ 82 ശതമാനം പുരുഷന്മാരും 65 ശതമാനം സ്ത്രീകളും സാക്ഷരത കൈവരിച്ചു. അതേസമയം 17 ശതമാനത്തോളം പെണ്‍കുട്ടികള്‍ ഹൈസ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാകാതെ സ്‌കൂള്‍ വിടുന്ന പ്രവണതയും കണ്ടെത്തി. മുസ്ലിം, ദളിത്, ആദിവാസി വിഭാഗങ്ങളിലെ പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാകാത്തവരില്‍ കൂടുതലും.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 18.96 ശതമാനം കുട്ടികള്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ പഠനം അവസാനിപ്പിച്ചപ്പോള്‍ മുസ്ലിം കുട്ടികളായിരുന്നു അതില്‍ ഏറെയും. 23.1 ശതമാനം. കേരളത്തില്‍ മാത്രമാണ് ഈ നിരക്കില്‍ കുറവുള്ളത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 17.5 ശതമാനം കുട്ടികള്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചപ്പോള്‍ അതില്‍ 25.1 ശതമാനം കുട്ടികളും ഇസ്ലാം മതത്തില്‍ നിന്നുള്ളവരായിരുന്നു. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യത്തിലും തഥൈവ. കുടുംബത്തിലെ ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയുമില്ലാത്ത സ്‌കൂള്‍ അന്തരീക്ഷം, ദൈനംദിന പഠനത്തിന് സ്‌കൂളുകളില്‍ അധ്യാപകരില്ലാത്ത അവസ്ഥ, സ്‌കൂളിലേക്കുള്ള ദൂരക്കൂടുതല്‍, വാഹന സൗകര്യങ്ങളുടെ അപര്യാപ്തത, വിവേചനപരമായി കാണുന്ന അധ്യാപക സമൂഹം തുടങ്ങി വിവിധ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. മുസ്ലിം വിദ്യാര്‍ഥികളോട് സംഘ്പരിവാര്‍ ഭരണകൂടം കാണിക്കുന്ന വിവേചനം കൂടി ഈ പട്ടികയില്‍ ഇടംപിടിക്കും. മറ്റു മതങ്ങളെയും ജാതികളെയും അപേക്ഷിച്ച് മുസ്ലിംകള്‍ക്കിടയില്‍ അക്ഷരാഭ്യാസവും വിദ്യാഭ്യാസവും താരതമ്യേന കുറവായ കാലത്താണ് നമ്മുടെ നാട്ടിലെ ഒരു ഭരണകൂടം അവരെ വീണ്ടും പഠിക്കാന്‍ അവസരം നല്‍കാതെ പുറത്ത് നിര്‍ത്തുന്നത്.

2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ 42.7 ശതമാനം മുസ്ലിംകള്‍ നിരക്ഷരരാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ഷരതയുള്ള ജനവിഭാഗമാണത്. കേവലം 2.75 ശതമാനത്തിന് മാത്രമാണ് ബിരുദവും അതിന് മുകളിലും പഠിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളത്. ഇതില്‍ 36.65 ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് ബിരുദവും അതിന് ശേഷമുള്ള പഠനവും പൂര്‍ത്തിയാക്കിയിട്ടുള്ളത്. മറ്റു സമുദായങ്ങളുടെ കാര്യം എത്രയോ ഭേദമാണ്. ഇന്ത്യയിലെ പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളേക്കാള്‍ ഏറെ പിറകിലാണ് ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥയെന്ന് ഇതേകുറിച്ച് പഠനം നടത്തിയ 2006ലെ രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും പറയുന്നു. സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ നിരക്കിലും ഏറെ പിറകിലാണ് ഇന്ത്യയിലെ മുസ്ലിം പെണ്‍കുട്ടികള്‍. ഉന്നത വിദ്യാഭ്യാസ രംഗത്താണ് ഏറെ പരിതാപകരം. രാജ്യത്തെ 5.45 ശതമാനം വരുന്ന മുസ്ലിം കുട്ടികള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളതെന്ന് യു ഡി ഐ എസ് ഇയുടെയും അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സര്‍വേയുടെയും റിപോര്‍ട്ടുകളില്‍ പറയുന്നു.

കര്‍ണാടകയിലെ മുസ്ലിം വിദ്യാര്‍ഥികളുടെ കണക്കുകള്‍ നോക്കാം. ഇവിടെ 5.45 ശതമാനം വരുന്ന മുസ്ലിം കുട്ടികള്‍ മാത്രമാണ് ബിരുദവും അതിനു മുകളിലും പഠനം നടത്തുന്നത്. ഇതില്‍ 6.31 ശതമാനം മാത്രമാണ് മുസ്ലിം പെണ്‍കുട്ടികളുള്ളത്. ആണ്‍ കുട്ടികളുടേത് 6.91 ശതമാനവും. അതായത് 10 ശതമാനം പോലും മുസ്ലിം കുട്ടികള്‍ ഇല്ലാത്ത അവസ്ഥ.

സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയിലെ മുസ്ലിംകള്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് സാക്ഷരതയുടെ കാര്യത്തില്‍ ഇപ്പോഴും ഏറെ പിറകിലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ക്രിസ്ത്യന്‍ 82.2 ശതമാനം, ഹിന്ദു 70 ശതമാനം, സിഖ് 75.9 ശതമാനം എന്നിങ്ങനെയാണ് മറ്റു പ്രബല മതവിഭാഗങ്ങളുടെ സാക്ഷരതാ നിരക്ക്. എന്നാല്‍ 68.8 ശതമാനമാണ് മുസ്ലിം സമുദായത്തിന്റെ സാക്ഷരതാ നിരക്ക്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ സമുദായത്തിലെ നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്കും ഇന്നും സര്‍ക്കാറുകള്‍ നടത്തുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായമാണ് വിദ്യാഭ്യാസത്തിന് ആശ്രയം. ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് കര്‍ണാടകയില്‍ മുസ്ലിം സമുദായത്തിന് സ്വന്തമായുള്ളത്. മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഹിജാബിന്റെ പേരില്‍ പൊതു വിദ്യാലയങ്ങളില്‍ നിന്ന് പടിയടച്ച് പിണ്ഡം വെച്ചാല്‍ ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ പോയി പഠനം നടത്താന്‍ ഇവരില്‍ ഭൂരിപക്ഷത്തിനും സാധിക്കില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ അയച്ച് പഠിപ്പിക്കാനുള്ള സാമ്പത്തിക ശേഷിയുള്ളവരല്ല അവരുടെ കുടുംബങ്ങള്‍. ഇന്ത്യയില്‍ പട്ടികജാതി, പട്ടിക വര്‍ഗത്തേക്കാളും പിന്നിലാണ് മുസ്ലിംകളുടെ സാമ്പത്തിക സാമൂഹിക സ്ഥിതിയെന്ന് നേരത്തേ സച്ചാര്‍ കമ്മിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയതുമാണ്.

വിദ്യാഭ്യാസത്തില്‍ ഏറെ മുന്‍പന്തിയിലുള്ള കേരളത്തിലെ സ്ഥിതിയും പരിശോധിക്കേണ്ടതാണ്. കേരള ജനസംഖ്യയില്‍ ഒന്നാമത് ഹിന്ദുക്കളും രണ്ടാമത് മുസ്ലിംകളും മൂന്നാമത് ക്രിസ്ത്യാനികളുമാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തില്‍ ക്രിസ്ത്യന്‍ സമുദായമാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാമത് ഹിന്ദുക്കളിലെ വിവിധ സമുദായങ്ങളാണെങ്കില്‍ മൂന്നാം സ്ഥാനത്താണ് മുസ്ലിം വിദ്യാര്‍ഥികളുള്ളത്. മലബാറിലെ ചില കോളജുകളില്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട നിലയുള്ളത്. അതേസമയം കേരളത്തിലെ മുസ്ലിം വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ബഹൂദൂരം പിന്നിലുമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 21 എ പ്രകാരം ആറ് മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കല്‍ ഭരണകൂടത്തിന്റെ ചുമതലയാണ് എന്നിരിക്കെ ഇവിടെ ഭരണംകൂടം മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍. ഭരണഘടന ഓരോ പൗരനും നല്‍കുന്ന അന്തസ്സിനെയും അഭിമാനത്തെയും കൂടി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പതിയെ കുറച്ചുകൊണ്ടുവരികയും സ്‌കൂളുകള്‍ സാധാരണ രീതിയില്‍ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്യുമ്പോഴാണ് പുതിയ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെടുകയും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുള്ളത്. തലയില്‍ ഒരു തുണിക്കഷ്ണം ധരിച്ചതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു സമൂഹം എന്ന രീതിയില്‍ നാളെ ചരിത്രം അവരെ രേഖപ്പെടുത്തിയേക്കും.

മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാനാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നാണ് കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശില്‍ നടന്ന പരിപാടിയില്‍ നരേന്ദ്ര മോദി പ്രസംഗിച്ചത്. പക്ഷേ ഫലത്തില്‍ സംഭവിക്കുന്നതെന്താണ്? മുസ്ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉന്നം വെച്ച് സംഘ്പരിവാര്‍ നടത്തുന്ന നീക്കങ്ങള്‍ ഹിജാബില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. പല ഘട്ടങ്ങളിലായി സംഘ്പരിവാറും ബി ജെ പിയും ടാര്‍ഗറ്റ് ചെയ്യുന്ന പ്രധാന വിഭാഗമാണ് മുസ്ലിം പെണ്‍കുട്ടികള്‍. വിവിധ മേഖലകളില്‍ പ്രശസ്തരായ മുസ്ലിം വനിതകളെ ലൈംഗികമായി അധിക്ഷേപിക്കാനായി ബുള്ളിഡീല്‍, സുള്ളി ഭായ് ആപ്പുകള്‍ നിര്‍മിച്ചവരും സംഘ്പരിവാറിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ഓരോ സമൂഹത്തിന്റെയും വളര്‍ച്ചയുടെ അവിഭാജ്യ ഘടകമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമുള്ള ജനതയുണ്ടാകുമ്പോഴാണ് ആ സമൂഹവും സമുദായവും ശാക്തീകരിക്കപ്പെടുന്നത്. അതിന് തടസ്സം നില്‍ക്കുന്നതിന് പകരം അവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും സുരക്ഷിതമായി പഠിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചും പിന്തുണക്കുകയാണ് ഓരോ ഭരണകൂടവും ചെയ്യേണ്ടത്.

 

Latest