From the print
ലക്ഷ്യം ഒരു വിഭാഗം മാത്രമല്ല; വഖ്ഫ് ബില്ല് സംഘ്പരിവാർ അജൻഡ: പിണറായി
. സമൂഹത്തെ തമ്മിലടിപ്പിക്കാനുള്ള പദ്ധതിയാണെന്ന് പലരും തിരിച്ചറിയുന്നില്ലെന്നും മുഖ്യമന്ത്രി

മധുര | മോദി സർക്കാർ കൊണ്ടുവന്ന വഖ്ഫ് ബില്ല് ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമനിട്ടുള്ളതല്ലെന്നും അത് സംഘ്പരിവാർ അജൻഡയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മധുരയിൽ സി പി എം 24ാം പാർട്ടി കോൺഗ്രസ്സിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബില്ല് ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. വഖ്ഫ് സംഘ്പരിവാർ അജൻഡ നടപ്പാക്കാനുള്ള ആയുധമാണ്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുന്നു. സമൂഹത്തെ തമ്മിലടിപ്പിക്കാനുള്ള പദ്ധതിയാണെന്ന് പലരും തിരിച്ചറിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ മുസ്‌ലിംകളും ക്രിസ്ത്യാനുകളും അക്രമിക്കപ്പെടുന്നു. സംഘ്പരിവാറിന്റെ അസഹിഷ്ണുത പ്രകടമായ എമ്പുരാൻ ഒരു രാഷ്ട്രീയ സിനിമയല്ല, വ്യവസായ സിനിമയാണ്.
രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാനെതിരെ സംഘ്പരിവാർ ആക്രമണം നടന്നു. സെൻസർ ബോർഡ് അംഗീകരിച്ച സിനിമയാണത്. ഭാഗങ്ങൾ മുറിച്ചു മാറ്റുന്നത് സിനിമയെയും അതിന് വേണ്ടി പണിയെടുത്ത തൊഴിലാളികളേയും ബാധിക്കും. സി ബി എഫ് സിയെക്കാൾ വലിയ സെൻസർ ബോർഡ് തങ്ങളാണെന്ന് സംഘ്പരിവാർ ഇതിലൂടെ സ്ഥാപിക്കുകയാണ്.
കത്തോലിക്കാ സഭയെക്കുറിച്ചുള്ള ഓർഗനൈസർ ലേഖനത്തേയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്തെ ഏറ്റവും വലിയ സർക്കാറിതര ഭൂവുടമ കത്തോലിക്കാ സഭയെന്ന ഓർഗനൈസർ ലേഖനത്തിലൂടെ പുറത്ത് വന്നത് സംഘ്പരിവാറിന്റെ തനിനിറമാണെന്നെന്നും ക്രിസ്ത്യൻ ദേവാലയങ്ങളുടെ സ്വത്തിനേയും ആർ എസ് എസ് ലക്ഷ്യമിടുന്നുണ്ടെന്നും പിണറായി വിമർശിച്ചു.