Connect with us

International

ലക്ഷ്യം ഹിസ്ബുല്ലയിലൊതുക്കുന്നില്ല; ലബനാനിൽ സർവനാശം വിതച്ച് ഇസ്റാഈൽ

രക്ഷാ പ്രവർത്തനത്തിനിടെ മെഡിക്കൽ ജീവനക്കാരെ കൊലപ്പെടുത്തി

Published

|

Last Updated

ബെയ്‌റൂത്ത് | തെക്കൻ ലബനാനിൽ ആക്രമണങ്ങൾക്ക് അറുതി വരുത്താതെ ഇസ്‌റാഈൽ. ദഹിയ, ഹരീത് ഹരീക്, ഷിയാഹ് പ്രദേശങ്ങളിൽ തുടർച്ചയായ അഞ്ചാം ദിവസവും വ്യാപക ബോംബാക്രമണം നടത്തി.

അതിനിടെ, തെക്കൻ നബാത്തീഹിൽ വ്യോമാക്രമണത്തിൽ രണ്ട് പാരാമെഡിക്കൽ ഉദ്യോഗസ്ഥരെ കൂടി ഇസ്‌റാഈൽ വധിച്ചു. ത്വൂറിലെ ബുർജ് റഹാലിൽ പുലർച്ചെ നടത്തിയ ആക്രമണത്തിലാണ് മെഡിക്കൽ ജീവനക്കാരുടെ മരണം. വ്യോമാക്രമണത്തിൽ പരുക്കേറ്റവരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുന്നതിനിടെയാണ് മെഡിക്കൽ ജീവനക്കാരെ ലക്ഷ്യം വെച്ചത്. കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിൽ സിവിൽ ഡിഫൻസ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് വീണ്ടും മെഡിക്കൽ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത്.
ഇന്നലെ ഇസ്‌റാഈൽ സൈന്യം തെക്കൻ നഗരമായ ത്വൂറിലും ബെയ്‌റൂത്തിന്റെ തെക്കൻ നഗരപ്രാന്ത പ്രദേശങ്ങളിലും പുതിയ കുടിയൊഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ത്വൂറിൽ 14 കെട്ടിടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കൽ ഉത്തരവ് നൽകിയതിന് പിന്നാലെ വ്യാപക വ്യോമാക്രമണവും നടത്തി. ഒരു കാറിലും മോട്ടോർ സൈക്കിളിലും ബോംബുകൾ പതിച്ചു. തെക്കൻ ബെയ്‌റൂത്തിൽ അൽ ജാമൂസ് നഗരത്തിലും തെക്കൻ നഗരമായ ഖിയാമിലും വ്യോമാക്രണമുണ്ടായി.

അതിനിടെ, തെക്കൻ ഹൈഫയിലെ തീരനഗരമായ അത്വലിതിൽ ഇസ്‌റാഈൽ നാവിക താവളം ലക്ഷ്യമാക്കി ഡ്രോണുകളുപയോഗിച്ച് ഹിസ്ബുല്ല തിരിച്ചടിച്ചു. ലബനാനും ഇസ്‌റാഈലും തമ്മിലുള്ള ബ്ലൂ ലൈനിന് ഒരു കിലോമീറ്റർ അടുത്തായി അവിവിം സെറ്റിൽമെന്റിലെ ചെക്ക് പോയിന്റിൽ ഡ്രോണുകളുപയോഗിച്ച് ഇസ്‌റാഈൽ സൈനിക ട്രൂപ്പിനെയും ആക്രമിച്ചു.

Latest