Connect with us

Articles

പുനരധിവാസമെന്ന കടമ്പ

വയനാടിന്റെ ദുരന്തത്തില്‍ അവര്‍ക്കൊപ്പം നിന്നതിന് ഇതുവരെ നമുക്ക് നൂറില്‍ നൂറ് മാര്‍ക്കാണ്. എന്നാല്‍ ഇനിയാണ് യഥാര്‍ഥ പരീക്ഷണം വരാന്‍ പോകുന്നത്. പുനരധിവാസമെന്ന വലിയ കടമ്പ. ദിനങ്ങള്‍ പോകുന്തോറും ദുരന്ത സംഭവങ്ങള്‍ മാറിമാറിവരുമ്പോള്‍ ചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും വയനാട് മെല്ലെ മായും. മറ്റു വിഷയങ്ങളുടെ പിറകെ നാം ഓടാനാരംഭിക്കുമ്പോള്‍ വയനാടിന് അതിജീവനം പൂര്‍ണമായും സാധ്യമാകുമോ?

Published

|

Last Updated

ലോകത്തുണ്ടായ ദുരന്തങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നല്ലോ 1945ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായത്. ഒന്നര ലക്ഷത്തോളം ജീവനുകള്‍ പൊലിഞ്ഞ ആ മഹാ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായാണ് ആ ജനത തിരിച്ചുവന്നത്. തിരിച്ചുവരവെന്നുവെച്ചാല്‍ ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തയാണ് ജപ്പാന്‍ അതിനെ അതിജീവിച്ചത്. മനുഷ്യന്റെ ഇച്ഛാശക്തിക്ക് മഹാദുരന്തങ്ങളെ അതിജീവിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് ജപ്പാന്‍ അതിലൂടെ ലോകത്തിന് നല്‍കിയത്. കേരളവും അത്തരമൊരു തിരിച്ചുവരവിന്റെ പാതയിലാണ്. ഒരുപക്ഷേ, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത ഐക്യത്തോടെ വലിയൊരു ദുരന്തത്തില്‍ നിന്ന് നാം ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. നമുക്ക് ഒറ്റക്കെട്ടായി നിന്നേ മതിയാകൂ. അവിടെ പൊലിഞ്ഞത് നമ്മുടെ സഹോദരങ്ങളും അവിടെ അനാഥമാക്കപ്പെട്ടത് നമ്മുടെ ബന്ധുക്കളും തന്നെയാണെന്ന കരുതല്‍ തന്നെയാണ് നമ്മെ നാമാക്കുന്നതും.

അടിയന്തര പുനരധിവാസം
വയനാടും കേരളവും സമാനതകളില്ലാത്ത ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അതിജീവനത്തിന്റെയും തിരിച്ചുവരവിന്റെയും വലിയൊരു പ്രതീക്ഷയുമായാണ് ലോകം വയനാട്ടിലേക്ക് ഉറ്റുനോക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ലോകത്തെ അമ്പരിപ്പിച്ച മലയാളിക്ക് അതേ ആവേശവും അര്‍പ്പണബോധവും എങ്ങനെയാണ് പുനരധിവാസത്തിലും ആവര്‍ത്തിക്കാന്‍ കഴിയുന്നത്? വയനാടിന്റെ ദുരന്തത്തില്‍ അവര്‍ക്കൊപ്പം നിന്നതിന് ഇതുവരെ നമുക്ക് നൂറില്‍ നൂറ് മാര്‍ക്കാണ്. എന്നാല്‍ ഇനിയാണ് യഥാര്‍ഥ പരീക്ഷണം വരാന്‍ പോകുന്നത്. പുനരധിവാസമെന്ന വലിയ കടമ്പ. ദിനങ്ങള്‍ പോകുന്തോറും ദുരന്ത സംഭവങ്ങള്‍ മാറിമാറിവരുമ്പോള്‍ ചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും വയനാട് മെല്ലെ മായും. മറ്റു വിഷയങ്ങളുടെ പിറകെ നാം ഓടാനാരംഭിക്കുമ്പോള്‍ വയനാടിന് അതിജീവനം പൂര്‍ണമായും സാധ്യമാകുമോ?
ഒരു പാലമുണ്ടാക്കാന്‍ ഒന്നുരണ്ട് വര്‍ഷങ്ങള്‍ എടുക്കുന്ന നമ്മുടെ നാട്ടില്‍ താത്കാലികമായെങ്കിലും സുസജ്ജമായ ഒരു പാലമൊരുങ്ങിയത് വെറും രണ്ട് ദിവസം കൊണ്ടാണ്. അത് സൂചിപ്പിക്കുന്നത് ശ്രമിച്ചാല്‍ കഴിയും എന്നതുതന്നെയാണ്. പക്ഷേ ആ ശ്രമങ്ങള്‍ നാം തുടങ്ങിയോ? അതിനുള്ള സമയമായോ? ഓരോ നിമിഷം കഴിയുമ്പോഴും അതിനുള്ള സമയം അതിക്രമിച്ചെന്ന് പറയേണ്ടിവരും. കാരണം, എല്ലാം നഷ്ടപ്പെട്ട ഒരു ജനതയാണ് കാത്തിരിക്കുന്നത്. അവരില്‍ പ്രതീക്ഷയുടെ തിരിനാളം പകരാന്‍ നമുക്ക് കഴിയണം.

അത്ഭുതമാകുന്ന മലയാളി
മലയാളികള്‍ എന്നും ചില പ്രവൃത്തികള്‍ കൊണ്ട് ലോകത്തെയാകെ വിസ്മയിപ്പിച്ചവരാണ്. രാഷ്ട്രീയത്തില്‍ അങ്ങേയറ്റം പക്ഷം പിടിക്കുമെങ്കിലും നാടിന്റെ ഒരാപത്തില്‍ അതെല്ലാം മറന്ന് ഒറ്റക്കെട്ടായി നില്‍ക്കുന്നവര്‍. പ്രളയവും നിപ്പായും കൊവിഡിന്റെ ഒന്നാം തരംഗവുമൊക്കെ ഒറ്റക്കെട്ടായും വിജയകരമായും താണ്ടിയപ്പോഴും കൊവിഡിന്റെ രണ്ടാം തരംഗം ശ്രദ്ധയില്ലായ്മ മൂലം മാത്രമാണ് വരുത്തി വെച്ചതെന്ന് പഴി കേട്ടവര്‍. കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിനു തന്നെ മാതൃകയായതിനു പിന്നാലെ കേസുകള്‍ തെല്ലൊന്ന് അടങ്ങിയപ്പോഴാണ് എല്ലാ പ്രതിരോധവും മറന്ന് കൂട്ടം കൂടി മാസ്‌ക് മാറ്റി ലോകത്തിന്റെ തന്നെ പഴി കേട്ടത്. മനഃശാസ്ത്രപരമായ പിടിതരാത്ത ജനുസ്സാണ് മലയാളികള്‍ എന്ന വിശേഷണത്തില്‍ തെറ്റില്ല. കാരണം വയനാടിന്റെ വേദനയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ലോകത്തെ അമ്പരിപ്പിക്കുകയാണ് നമ്മള്‍ മലയാളികള്‍. നഷ്ടം കനത്തതായപ്പോഴും, നമ്മുടെ ഓരോ നിമിഷത്തെ ഇടപെടലുകള്‍ കൊണ്ടും അവിടെയുള്ള ജനത ദുഃഖത്തിന്റെ വേദന മെല്ലെ മറക്കുകയാണ്. കേരളത്തിലെ ഓരോരുത്തരും കൂടെയുണ്ടെന്ന വിശ്വാസത്തോടെ. ഇനിയും കൂടെയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയോടെ. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവും.
കഴിഞ്ഞുപോയ വേദന നിറഞ്ഞ ദിവസങ്ങളെയോര്‍ത്ത് തളര്‍ന്നിരിക്കാതെ ഓരോരുത്തരും ഒരുങ്ങുകയാണ്, ചൂരല്‍മലയെയും മുണ്ടക്കൈയിനെയും തിരിച്ചുപിടിക്കാന്‍. ഇന്ത്യയില്‍ എവിടെ കാണും ഈ അതിശയപ്പെടുത്തുന്ന സഹായവാഞ്ഛയും ഒത്തൊരുമയും. അര്‍ജുന്‍ എന്ന സഹോദരന്‍ കര്‍ണാടകയിലെ ഷിരൂരില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അവിടുത്തെ സിസ്റ്റം ഒന്ന് ഉണരാന്‍ തന്നെ നമ്മുടെ ശക്തമായ ഇടപെടല്‍ വേണ്ടിവന്നു. ഇവിടെ കേരളത്തില്‍ നോക്കൂ, ആയിരക്കണക്കിനാളുകളെ നാം ജീവിതത്തിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ്. നഷ്ടപ്പെടലിന്റെ കഥകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ കേരളത്തിലെ മുക്കും മൂലയിലും അവര്‍ക്കായുള്ള അവശ്യസാധനങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സംഭാവനകള്‍ കൊണ്ട് മെല്ലെമെല്ലെ ഉയരുകയാണ്. നമുക്ക് മാത്രം കഴിയുന്നതല്ല ഇതെന്ന് കരുതുമ്പോഴും, നമ്മുടെയത്ര ആര്‍ക്കും കഴിയില്ലെന്ന അഭിമാനം ഓരോ മലയാളിക്കും നെഞ്ചില്‍ പേറാം. നാം അതിജീവിക്കുകയാണ്, ഏത് ദുരന്തത്തെയും.

ഇങ്ങനെയും ചില മനുഷ്യര്‍
വടകരയിലെ പുതുപ്പണം സ്വദേശി കരീം നടക്കല്‍ എന്ന മനുഷ്യന്‍ ടി വിയില്‍ മിന്നിമറയുന്ന എല്ലാം നഷ്ടപ്പെട്ടവരുടെ വേദനയാര്‍ന്ന മുഖം കാണുമ്പോള്‍ മാറിയിരുന്ന് പരിതപിക്കുകയല്ല ചെയ്തത്. തന്റെ തുണിക്കടയിലെ മുഴുവന്‍ വസ്ത്രങ്ങളുമെടുത്ത് മകനൊപ്പം ദുരന്തമുഖത്തേക്ക് പോകുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ ഒരു ഭക്ഷണശാല ദുരന്തവാര്‍ത്തയറിഞ്ഞപ്പോള്‍ ചെയ്തത് കടയുടെ ഷട്ടര്‍ ഉയര്‍ത്താതെ അന്നുണ്ടാക്കിയ ഭക്ഷണം മുഴുവന്‍ പാഴ്‌സലാക്കി ദുരന്തമുഖത്തുള്ള അതിജീവിച്ചവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും സൗജന്യമായി എത്തിക്കുകയായിരുന്നു. ഒരര്‍ഥത്തില്‍ ഇവയൊക്കെ പ്രളയമാണ് നമ്മെ പഠിപ്പിച്ചത്, നാടിനൊരാവശ്യം വരുമ്പോള്‍ നാം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന്. ജാതിയും മതവും പറഞ്ഞുള്ള മുതലെടുപ്പുകളെ ഒരു ശരാശരി മലയാളി എന്നും പ്രതിരോധിച്ചിട്ടുണ്ട്. അതുപോലെതന്നെ കഴിവും ആത്മാര്‍ഥതയുമുള്ള ജനോപകാരം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഓരോ ഉദ്യോഗസ്ഥരെയും അവരുടെ പേരോ പേരിനു പിന്നിലെ വാലോ നോക്കാതെ മലയാളി നെഞ്ചിലേറ്റിയിട്ടുണ്ട്.
പലപ്പോഴും ഇതിന് അപവാദമായി ചിലരെങ്കിലും വര്‍ഗീയ മുതലെടുപ്പുകള്‍ നടത്തുന്നതായി സോഷ്യല്‍ മീഡിയയിലെങ്കിലും കാണാറുണ്ട്. എന്നാല്‍ വയനാട് ദുരന്തം ആ ന്യൂനപക്ഷത്തെപ്പോലും നിശബ്ദരാക്കി എന്നുവേണം കരുതാന്‍. എന്തിനും ഏതിനും രണ്ടഭിപ്രായമുള്ള മലയാളിക്ക് നമ്മുടെ ഒരു വീഴ്ചയില്‍ ഒരഭിപ്രായമേയുള്ളൂ. ഒറ്റ തീരുമാനമേയുള്ളൂ. അത് മനുഷ്യത്വമെന്ന ഉദാത്തമായ വികാരമാണ്.
അവിടെയും തീരുന്നില്ല മലയാളിയുടെ സ്‌നേഹവായ്പുകള്‍. തന്റെ വീടിനോട് ചേര്‍ന്നുള്ള പത്തും പതിനഞ്ചും സെന്റ് സ്ഥലങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍, തട്ടുകടയില്‍ നിന്നുള്ള ഒരു ആഴ്ചത്തെ വരുമാനം നല്‍കാമെന്ന് പറയുന്നവര്‍, ഓട്ടോ ഓടിച്ച് കിട്ടുന്ന രണ്ട് ദിവസത്തെ വരുമാനം നല്‍കാമെന്ന് പറയുന്നവര്‍… കേരളം വീണ്ടും വീണ്ടും അതിശയിപ്പിക്കുകയാണ് ലോകത്തെ.
സോഷ്യല്‍ മീഡിയയില്‍ സഹായം വാഗ്ദാനം ചെയ്ത് ഒരാള്‍ നല്‍കിയ കമന്റ് സമൂഹ മനഃസാക്ഷിയെ ഒന്നടങ്കം അത്ഭുതപ്പെടുത്തി. “ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’ എന്നായിരുന്നു ആ കമന്റ്. ഓര്‍ക്കുക, എത്രമാത്രം ആഴത്തിലേക്കുപോയി നമ്മുടെ മനുഷ്യത്വം? എത്രമാത്രം ശക്തമാണ് നമ്മുടെ സഹായാനുഭൂതി. ആ വികാരത്തെ സൂചിപ്പിക്കാന്‍ ശക്തമായ ഒരു വാക്കുണ്ടോ?

ഒരു വാക്കുകൊണ്ട് പോലും
വേണ്ടപ്പെട്ടവരും സമ്പാദ്യവും എന്നുവേണ്ട ഒഴിഞ്ഞ കൈകള്‍ അല്ലാതെ ഒന്നും അവരുടേതായി അവശേഷിക്കുന്നില്ല എന്നതാണ് സത്യം. വീടിന്റെയും ഭൂമിയുടെയും രേഖകള്‍, വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട രേഖകള്‍ ഇവയെല്ലാം ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തുകഴിഞ്ഞു. അവയൊക്കെ നമുക്ക് തിരിച്ചുപിടിക്കാന്‍ കഴിയാവുന്നവയാണ്. നഷ്ടപ്പെട്ട ജീവനുകളൊഴികെ എല്ലാം നമുക്ക് തിരിച്ചുപിടിക്കാന്‍ കഴിയുന്നവയാണ്. ധാരാളം വീടുകള്‍ നിര്‍മിക്കാനുള്ള വാഗ്ദാനം പലയിടങ്ങളില്‍ നിന്നായി ലഭിച്ചുകഴിഞ്ഞു. ഭൂമി നല്‍കേണ്ടത് നമ്മളാണ്. അത് വേഗത്തില്‍ ചെയ്താല്‍ മാത്രമേ വീട് നിര്‍മാണം സുഗമമായും നിയമപരമായും വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. അതിനുള്ള തീരുമാനങ്ങള്‍ മന്ത്രിസഭ എടുത്തുകഴിഞ്ഞു. ഇനി ഉദ്യോഗതലത്തില്‍ അവ വേഗത്തിലാക്കുക മാത്രമേ വേണ്ടൂ.
അതിജീവിച്ചവരുടെ മാനസികനില ഏതാണ്ട് അങ്ങേയറ്റം തകര്‍ന്നിരിക്കുകയാണ്. സന്തോഷമായി ജീവിച്ചിരുന്ന ഒരു സമൂഹം ഒറ്റ രാത്രിയോടെ അനാഥരാകുന്ന അവസ്ഥ ഭീതിജനകമാണ്. ഇപ്പോള്‍ അവര്‍ എങ്ങനെയാകും ഓരോ പകലിനെയും രാത്രിയെയും തള്ളിനീക്കുന്നുണ്ടാകുക എന്നത് ചിന്തിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതിനായി കൂടുതല്‍ മാനസികാരോഗ്യ പ്രവര്‍ത്തകരെ എത്തിച്ച് അവരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സഹായങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. അതിനിടയിലും കേരളത്തിന്റെ ഐക്യബോധം ഉറക്കം കെടുത്തുന്ന ചിലര്‍ ഇതിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നത് നിരാശാജനകമാണ്. അവരെ കേരളം തിരിച്ചറിയുകയും പോലീസ് നിയമപരമായി കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സമ്പൂര്‍ണമായും ഓഡിറ്റിന് വിധേയമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്ന് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. കുമിഞ്ഞുകൂടുന്ന ഈ സഹായങ്ങള്‍ തന്നെയാണ് നമുക്കവര്‍ക്കു നല്‍കാന്‍ കഴിയുന്ന മറുപടിയും.
പുനരധിവാസം പ്രധാന ലക്ഷ്യമാണെന്നു പറയുമ്പോഴും ഇനിയെങ്കിലും അത് കേരളത്തിന്റെ പാരിസ്ഥിതിക സ്ഥിതിയെക്കൂടി പരിഗണിച്ചുകൊണ്ട് ആയിരിക്കണം. ഇപ്പോള്‍ ഉരുള്‍പൊട്ടിയത് നമ്മള്‍ ഒന്നും ചെയ്തിട്ടാകില്ല. മാറിയ കാലാവസ്ഥയെ പരിഗണിച്ചെങ്കില്‍ മാത്രമേ ഇനിയുള്ള കാലം നമുക്ക് പ്രകൃതിയെ ഭയക്കാതെ ജീവിക്കാനാകൂ എന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ഗാഡ്ഗില്‍ റിപോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ ഇപ്പോഴും നമ്മുടെ മുകളില്‍ ഒരു വാളായി തൂങ്ങിനില്‍ക്കുന്നുണ്ട്. പ്രകൃതിദുര്‍ബലമായ പ്രദേശങ്ങളാണ് കേരളത്തിലുള്ളത്. ആ ദുര്‍ബലത തന്നെയാണ് നമ്മുടെ നാടിനെ പ്രകൃതിലോലവും സുന്ദരവുമാക്കിയിരിക്കുന്നത്. എന്നാല്‍ ആ സൗന്ദര്യം അതേപടി കാത്തുസൂക്ഷിക്കാന്‍ നാം അവയെ അതേപടി നിലനിര്‍ത്തേണ്ടതുണ്ട്. മനുഷ്യന് വാസയോഗ്യമായ സ്ഥലങ്ങള്‍ മാത്രം അതിനായി തിരഞ്ഞെടുക്കേണ്ടതുണ്ട്. പക്ഷേ, നമ്മുടെ വര്‍ധിച്ച ജനസാന്ദ്രത അതിന് പലപ്പോഴും അനുവദിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷേ, ഇത്തരം ദുരന്തങ്ങള്‍ നമ്മെ ചില വലിയ പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ആ പാഠങ്ങളില്‍ നിന്ന് നാം എന്ത് പഠിക്കുന്നു എന്നതാണ് പ്രധാനം.
(ലേഖകന്‍ കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസ്സിസ്റ്റന്റ് പ്രൊഫസറാണ്).

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest