First Gear
ടാറ്റ നെക്‌സോണ്‍ ഇവി ലോംഗ് റേഞ്ച് പതിപ്പിന്റെ അവതരണം ഏപ്രിലോടെ
നെക്‌സോണ്‍ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിന് നിലവിലെ മോഡലിനേക്കാള്‍ 3 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ വില വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂഡല്‍ഹി| ടാറ്റ മോട്ടോര്‍സിന്റെ ജനപ്രിയ ഇലക്ട്രിക് മോഡലാണ് നെക്‌സോണ്‍ ഇവി. അവതരിപ്പിച്ചതു മുതല്‍ വലിയ സ്വീകാര്യതയാണ് വാഹനത്തിന് ലഭിക്കുന്നത്. ഏതാനും ആഴ്ചകളായി പുറത്തുവരുന്നൊരു റിപ്പോര്‍ട്ട് ടാറ്റ, നെക്സോണ്‍ ഇവിയുടെ ഒരു ലോംഗ് റേഞ്ച് പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. അത് അടുത്തിടെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന പുതിയ വിവരം ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ ലോംഗ് റേഞ്ച് ടാറ്റ നെക്‌സോണ്‍ ഇവി വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ്.
നെക്സോണ്‍ ഇവിയുടെ ഈ പുതിയ പതിപ്പ് ഒരു വലിയ 40കെഡബ്ല്യുഎച്ച് ബാറ്ററി പാക്കോടെയാണ് വരുന്നത്. അത് നിലവിലെ നെക്സോണ്‍ ഇവിയുടെ 30.2കെഡബ്ല്യുഎച്ച് ബാറ്ററി പാക്കിനേക്കാള്‍ 30 ശതമാനം വലുതാണ്. നിലവിലെ നെക്‌സോണ്‍ ഇവിക്ക് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് 312 കിലോമീറ്റര്‍ റേഞ്ചാണ്. എന്നാല്‍ വലിയ ബാറ്ററി പായ്ക്കുമായി വരുന്ന വാഹനത്തിന് ഔദ്യോഗിക ടെസ്റ്റ് സൈക്കിളില്‍ 400 കിലോമീറ്ററിലധികം റേഞ്ച് നല്‍കാനാകുമെന്നാണ് പറയുന്നത്.
ലോംഗ് റേഞ്ച് നെക്സോണ്‍ ഇവിയുടെ മറ്റൊരു പ്രത്യേകത കൂടുതല്‍ ശക്തമായ ചാര്‍ജറായിരിക്കും. ലോംഗ് റേഞ്ച് നെക്സോണ്‍ ഇവി കൂടുതല്‍ ശക്തമായ 6.6കെഡബ്ല്യു എസി ചാര്‍ജറിനൊപ്പം ലഭ്യമാകും. നിലവിലെ പതിപ്പിനൊപ്പം 3.3കെഡബ്ല്യു എസി ചാര്‍ജറാണ് കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. ബാറ്ററി 100 ശതമാനമായി ടോപ്പ് അപ്പ് ചെയ്യാന്‍ ഏകദേശം 10 മണിക്കൂര്‍ എടുക്കും. ഒരു വലിയ ബാറ്ററി തീര്‍ച്ചയായും ചാര്‍ജിംഗ് സമയം വര്‍ധിപ്പിക്കും. ഇതിനെ ചെറുക്കുന്നതിന്, ടാറ്റ ഒരു ഓപ്ഷനായി 6.6കെഡബ്ല്യു എസി ചാര്‍ജര്‍ വാഗ്ദാനം ചെയ്യുന്നു, എന്നിരുന്നാലും നിലവിലെ 3.3കെഡബ്ല്യു എസി ചാര്‍ജറും നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോംഗ് റേഞ്ച് ടാറ്റ നെക്‌സോണ്‍ ഇവി നിലവിലെ മോഡലിനൊപ്പം വില്‍ക്കും. നെക്‌സോണ്‍ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിന് നിലവിലെ മോഡലിനേക്കാള്‍ 3 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ വില വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോംഗ് റേഞ്ച് നെക്സോണ്‍ ഇവിയുടെ വില ഏകദേശം 17 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയായിരിക്കും(എക്സ്ഷോറൂം).