Sexual Abuse
മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച അധ്യാപകന്‍ റിമാൻഡില്‍
പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനിയുടെ ക്ലാസ് അധ്യാപകനായിരുന്നു സുരേഷ് ബാബു.
തലശ്ശേരി | നഗരത്തിലെ മെഡിക്കല്‍ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചുവന്ന ഹിന്ദി അധ്യാപകനെ വയനാട് അമ്പലവയലിൽ നിന്ന് തലശ്ശേരി ഇന്‍സ്പക്ടര്‍ എം അനിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. അമ്പലവയല്‍ വടുവഞ്ചാലിലെ കൂടിക്കലയം വീട്ടില്‍ സുരേഷ് ബാബു (39) ആണ് പിടിയിലായത്. ഇയാളെ തലശ്ശേരിയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ടേട്ട് കോടതി ഇയാളെ റിമാൻഡ് ചെയ്തു.
പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനിയുടെ ക്ലാസ് അധ്യാപകനായിരുന്നു സുരേഷ് ബാബു. പത്താം ക്ലാസില്‍ പഠിക്കുന്ന വേളയില്‍ തന്നെ പീഡനം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോക്‌സോ വകുപ്പില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടുതല്‍ നടപടിക്കായി പ്രസ്തുത കേസ് അമ്പലവയല്‍ പോലിസിന് കൈമാറി. നേരത്തേ സ്‌കൂളില്‍ പഠിപ്പിച്ച പരിചയം മുതലെടുത്താണ് ഇയാള്‍ വിദ്യാര്‍ഥിനിയെ തുടർച്ചയായി പീഡിപ്പിച്ചത്. കോളയാട് വെച്ചും അമ്പലവയലില്‍ എത്തിച്ചും പീഡിപ്പിച്ചു. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താനും തുടങ്ങി.
ഇപ്പോള്‍ തലശ്ശേരിയിലെ ഒരു മെഡിക്കല്‍ സ്ഥാപനത്തില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ഈ പെണ്‍കുട്ടിയെ വയനാട്ടില്‍ നിന്ന് തലശ്ശേരിയിലെ സ്ഥാപനത്തില്‍ കൊണ്ടുവിടുന്നതും തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതും ഈ അധ്യാപകനാണ്. മെഡിക്കല്‍ സ്ഥാപനത്തിലും ഹോസ്റ്റലിലും ലോക്കല്‍ ഗാര്‍ഡിയനായാണ് ഇയാളുടെ പേരുള്ളത്. അവധി ദിവസങ്ങളില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുമ്പോഴും ഉപദ്രവിക്കാറുണ്ട്. വിദ്യാർഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പോലീസെത്തി മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തിരുന്നത്. അധ്യാപകന് ഭാര്യയും രണ്ട് മക്കളുമുണ്ട്.