Connect with us

cbi

ഇ ഡി, സി ബി ഐ ഡയറക്ടർമാരുടെ കാലാവധി നീട്ടാം

ഓർഡിനൻസ് ഇറങ്ങി

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര അന്വേഷണ ഏജൻസികളായ സി ബി ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മേധാവിമാരുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടുന്ന ഓർഡിനൻസുമായി കേന്ദ്ര സർക്കാർ. കാലാവധി നീട്ടിനൽകാൻ അനുവദിക്കുന്ന സെൻട്രൽ വിജിലൻസ് കമ്മീഷൻ (ഭേദഗതി), ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ്(ഭേദഗതി) ഓർഡിനൻസുകൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. പാർലിമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഓർഡിനൻസ് ഇറക്കിയത്. രണ്ട് വർഷമാണ് സി ബി ഐ, ഇ ഡി ഡയറക്ടർമാരുടെ നിലവിലെ കാലാവധി. രണ്ട് വർഷ കാലാവധി തീരുന്നമുറക്ക് ഓരോ വർഷം വീതം മൂന്ന് വർഷം വരെ കാലാവധി നീട്ടിനൽകാമെന്ന് ഓർഡിനൻസിൽ പറയുന്നു. അഞ്ച് വർഷത്തിന് ശേഷം സേവന കാലയളവ് നീട്ടിനൽകാനാകില്ല.

1985 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ സുബോധ്കുമാർ ജയ്‌സ്വാളിനെ മെയിലാണ് സി ബി ഐ ഡയറക്ടറായി നിയമിച്ചത്. ഇ ഡി ഡയറക്ടറായി ഐ ആർ എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ മിശ്രയെ 2018 നവംബറിലാണ് നിയമിച്ചത്. 2020ൽ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിനൽകിയിരുന്നു. മിശ്രയുടെ ഔദ്യോഗിക കാലാവധി നീട്ടിനൽകിയതുമായി ബന്ധപ്പെട്ട കേസിൽ, അപൂർവവും അസാധാരണവുമായ സന്ദർഭങ്ങളിൽ മാത്രമേ ഇങ്ങനെ ചെയ്യാവൂവെന്ന് ജസ്റ്റിസ് എൽ എൻ റാവു അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് അടുത്തിടെ ഉത്തരവിട്ടിരുന്നു.
ഈ മാസം സേവന കാലയളവ് അവസാനിക്കുന്ന മിശ്രക്ക് പുതിയ നിയമപ്രകാരം രണ്ട് വർഷം കൂടി ഔദ്യോഗിക കാലാവധി നീട്ടിനൽകാം. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.

Latest