Connect with us

ആത്മായനം

ഫലസ്തീൻ എന്ന പാഠപുസ്തകം

ഫലസ്തീനികൾ നമ്മെ പഠിപ്പിക്കും പോലെ അടിയുറച്ച വിശ്വാസവും പഴുതടച്ച ജീവിതവും അർപ്പണബോധവും ഇടമുറിയാത്ത ദൈവിക സ്മരണയും മുഖേന വിശ്വാസിയുടെ വിലാസത്തിന്റെ പൂർത്തീകരണത്തിലേക്കെത്താൻ നമുക്ക് ഓരോരുത്തർക്കുമാകണം. ബോംബ് പെയ്യുമ്പോഴും ഉറ്റവരെയും കിടപ്പാടങ്ങളെയും ആരാധനാലയങ്ങളെയും പിഴുതെറിഞ്ഞപ്പോഴും നിസ്കാരവും നോമ്പും മൗലിദും ദിക്റും ഇഫ്ത്വാറും പെരുന്നാളും അവരിട്ടെറിഞ്ഞു പോയില്ല. ഏത് ഉത്കണ്ഠകളെയും സൗമ്യമായി നേരിടാൻ നമുക്കും കഴിയും; വിശ്വാസത്തിന് മൂർച്ച കൂട്ടണമെന്നു മാത്രം.

Published

|

Last Updated

“എന്റെ ഇസ്‌ലാമാശ്ലേഷത്തിന്റെ ഹേതു ഫലസ്തീൻ ജനതയാണ്. സൗത്തേൺ വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ ആണ് എന്റെ ജീവിതത്തിനു വഴിത്തിരിവായത്. കുന്നിൻ പ്രദേശമായ ഹെബ്രോണിൽ നിന്ന് ഫലസ്തീനികളുടെ തകർന്ന വീടുകളും ചിതറിയ തെരുവുകളും കാണാം. ലക്ഷക്കണക്കിന് ഫലസ്തീനികൾ അവിടെ താമസിക്കുന്നുണ്ട്. അതിനോട് ഓരംചേർന്ന് അഞ്ഞൂറോളം വരുന്ന അനധികൃത ഇസ്റാഈൽ കുടിയേറ്റക്കാരും അവിടെ കഴിയുന്നു.

അവരുടെ സുരക്ഷക്കായി അനവധി സൈനികരും മെഷീൻ ഗണ്ണുകളും സംവിധാനിക്കപ്പെട്ടിട്ടുണ്ട്. ആ തെരുവിലൂടെ നടക്കുന്നതിനിടെ അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി എന്റെയരികിലേക്ക് വന്നു. ആ കുഞ്ഞു കാലിൽ ഷൂസോ ചെരിപ്പോ ഉണ്ടായിരുന്നില്ല. അവൾ ഭക്ഷിച്ചു കൊണ്ടിരുന്ന ബ്രെഡ് എനിക്കു നേരെ നീട്ടി. നോക്കൂ… വിശന്നൊട്ടിയിട്ടും ആ കുഞ്ഞ് എന്നോടൊപ്പം ഭക്ഷണം പങ്കുവെക്കുന്നത്. ഫലസ്തീൻ മണ്ണിൽ എത്തുന്ന ഏതൊരു വിദേശിയുടെയും ആദ്യത്തെ അനുഭവം പട്ടിണിക്കിടയിലും നിങ്ങൾ ഭക്ഷണം പങ്കിടാൻ ക്ഷണിക്കപ്പെടുന്നുവെന്നതാകും. അവരുടെ ആർദ്രതയും സ്നേഹവും മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിലാണ്.

അവർക്കിടയിൽ നിന്ന് ഇസ്്ലാം എന്താണെന്നും മുസ്്ലിം ആരാണെന്നും അനുഭവിച്ചറിയുകയായിരുന്നു ഞാൻ’.ആസ്ത്രേലിയൻ ആക്ടിവിസ്റ്റായ സാം പാർക്കർ ഡേവിസിന്റെ (സാമീ ഖലീൽ) സംസാരമാണ് നമ്മളിപ്പോൾ കേട്ടത്. തീരാത്ത ദുരിതങ്ങൾക്കിടയിലും വാടാത്ത സ്നേഹത്തിന്റെ സൗരഭ്യം പരത്താൻ ഫലസ്തീനികൾക്ക് കരുത്ത് പകരുന്നതെന്തായിരിക്കും? ഈ ചോദ്യത്തിന് പരിഹാരം ചികഞ്ഞവർക്കൊക്കെയും കിട്ടുന്ന ഉത്തരം ഒന്നാണ്. വിശ്വാസത്തിന്റെ കരുത്താണ് ആകുലതയെ സൗമ്യമായി പരിഹരിക്കാൻ അവർക്കു കിട്ടിയ ഊർജം. പ്രശ്നങ്ങളെ പ്രസന്ന വദരരായി സമീപിക്കണമെന്ന് അവർ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രസന്നതയാണ് വിശ്വാസിയുടെ ഉടയാട. ജരീർ (റ) പറയുന്നു: ഞാൻ ഇസ്‌ലാമിലേക്ക് വന്നത് മുതൽ നന്മകളിൽ നിന്നൊന്നും എന്നെ നബി(സ) തടഞ്ഞിട്ടില്ല, സുസ്മേര വദനനായി മാത്രമേ തിരുനബി (സ) എന്നെ സമീപിച്ചിരുന്നുള്ളൂ.

അല്ലാഹുവിന്റെ ഇടമുറിയാത്ത സുരക്ഷിതത്വം നമ്മുടെ കൂടെ തന്നെയുണ്ടെന്ന ധൈര്യമാണ് വിശ്വാസികളെ സങ്കടങ്ങളിൽ സ്തംഭിച്ചു നിർത്താതെ പ്രസന്നതയോടെ ജീവിപ്പിക്കുന്നത്. ചോരക്കൊതിയും വിദ്വേഷങ്ങളും പ്രക്ഷുബ്ധമായ കടലും ആളുന്ന തീയും തെറിയഭിഷേകങ്ങളും അരികുവത്കരണവും തുടങ്ങി ചരിത്രത്തിലുണ്ടായ വൈതരണികളുടെ മുൾമൂർച്ചകൾക്കിടയിൽ വിശ്വാസികളെ മുന്നോട്ടു നയിച്ച താക്കോൽ വാചകം ദുഃഖിക്കരുത് , അല്ലാഹു നമ്മുടെ കൂടെയുണ്ടെന്നതായിരുന്നു. അത് അവർക്കു നൽകുന്ന പിന്തുണ അപരിമേയമാണ്. നോക്കൂ… കൊടുങ്കാറ്റിലും പേമാരിയിലും നിലംപൊത്തുന്ന വൻമരങ്ങളോടാണ് അവിശ്വാസികളെ റസൂൽ (സ) ഉപമിച്ചത്. എന്നാൽ കാറ്റിലും കോളിലും ഒരു പോറലുമേൽക്കാത്ത വേരുറച്ച കുറ്റിച്ചെടികളോടാണ് വിശ്വാസികളെ ഉപമിച്ചത്. എന്താണങ്ങനെ വന്നത്?

പ്രതിസന്ധികളെല്ലാം ദൈവിക പരീക്ഷണങ്ങളാണെന്ന് വിശ്വാസി അരക്കിട്ടുറപ്പിച്ച് കഴിഞ്ഞതാണ്. അതിതീവ്രമായ സഹനം കൊണ്ട് അതിനെ മെരുക്കിയെടുക്കുമ്പോഴാണ് ആത്യന്തിക വിജയം സാധ്യമാകുന്നത് എന്നും അതിനൊക്കെയും ബൃഹത്തായ പ്രതിഫലങ്ങൾ ലഭ്യമാകുമെന്നും അവനുറപ്പുണ്ട്. ഖുർആൻ അക്കാര്യം അനാഛാദനം ചെയ്യുന്നത് നോക്കൂ…

ഭയാശങ്കകൾ, ക്ഷാമം, ജീവനാശം, ധനനഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീർച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദർഭങ്ങളിൽ ക്ഷമയവലംബിക്കുകയും ഏത് ആപത്ത് ബാധിക്കുമ്പോഴും ഞങ്ങൾ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങൾ മടങ്ങേണ്ടതും എന്ന് പറയുകയും ചെയ്യുന്നവരെ സുവിശേഷമറിയിച്ചു കൊള്ളുക. അവർക്ക് തങ്ങളുടെ റബ്ബിങ്കൽനിന്ന് ബൃഹത്തായ അനുഗ്രഹങ്ങൾ ഉണ്ടായിരിക്കും. അവന്റെ കാരുണ്യം അവർക്ക് തണലേകുകയും ചെയ്യും. ഇത്തരം ആളുകൾതന്നെയാകുന്നു സന്മാർഗം പ്രാപിച്ചവർ ( സൂറ: ബഖറ )
“അല്ലാഹുവിന്റെയടുത്ത് ഓരോ അടിമക്കും ഓരോ സ്ഥാനം നിർണയിച്ചിട്ടുണ്ട്, അവന്റെ പ്രവർത്തനം മുഖേന എത്തിപ്പിടിക്കാൻ സാധ്യമല്ലാത്ത ഒരിടം. അല്ലാഹു തീരുമാനിച്ച ആ സ്ഥാനത്തേക്ക് അവനെ ഉയർത്തുന്നത് വരെ ശരീരത്തിലും സമ്പത്തിലും സന്താനങ്ങളിലും പരീക്ഷണം നടത്തിക്കൊണ്ടേയിരിക്കും.അവരുടെ സഹനശേഷിയെ നിരീക്ഷിക്കാനാണിവയൊക്കെയും (അബൂദാവൂദ്)

കൂട്ടരേ… പ്രതീക്ഷയറ്റുപോകാത്ത ജീവിതമാണ് വിശ്വാസിയുടെത്. നിരാശകൾക്കവിടെ സ്ഥാനമില്ല. ദുഃഖിച്ചു പരവശനാകാൻ അവർക്കൊരിടവുമില്ല. “നിങ്ങൾ ദുർബലരാകരുത്, ദുഃഖിക്കുകയുമരുത്. നിങ്ങൾ തന്നെയാണ് അത്യുന്നതർ; നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ (ആലു ഇംറാൻ 139)
അവന്റെ ദുഃഖങ്ങളെ ഇല്ലായ്മ ചെയ്യും വിധമാണ് പ്രാർഥനകളെയും ഉപാസനകളെയും പരസ്പര വിനിമയങ്ങളെയും നിശ്ചയിച്ചിട്ടുള്ളത്. ഏതു വരെയെന്നല്ലേ, മൂന്നാളുള്ളപ്പോൾ രണ്ടാളുകൾ സ്വകാര്യം പറയുന്നതിനെ പോലും വിശ്വാസിക്ക് വിലക്കപ്പെട്ടത് അപരന് ദുഃഖമേൽക്കരുതെന്ന നിർബന്ധമുള്ളതുകൊണ്ടാണ്. ദുഃഖത്തിന്റെ പാർശ്വഫലം മാനസികമായ തളർച്ചയും കർമരാഹിത്യവുമാണ്. (ലോകത്തെ വിഴുങ്ങാൻ പോന്ന വിധം ആർത്തുലച്ച് വന്ന സോഷ്യലിസ്റ്റ് വിപ്ലവത്തെ യൂറോപ്പ് കുടത്തിലടച്ചത് സാർത്രും മറ്റും സൃഷ്ടിച്ചു വിട്ട കപട ദുഃഖം കൊണ്ടായിരുന്നു പോലും.

അസ്തിത്വ ദുഃഖമെന്ന മാസ് ഹിസ്റ്റീരിയ കമ്മ്യൂണിസത്തെ മരിപ്പിച്ചു കിടത്തുന്നതിൽ ആണവായുധങ്ങളെക്കാൾ ഫലം ചെയ്തു). ഹൃദയത്തിനതു കൊണ്ട് ഒരു നേട്ടവുമുണ്ടാക്കില്ല. സങ്കടജീവിതം സംവിധാനിക്കുകയെന്നത് പൈശാചികതയുടെ ലക്ഷ്യമാണ്. നന്മയുടെ വഴികളിൽ വഴിയടച്ചു പിണ്ഡംവെക്കുന്ന ഈ രീതി ഗുരുതരമായ അപകടമാണ്. അതുകൊണ്ടാണ് തിരുനബി(സ) “അല്ലാഹുവേ, ആശങ്കയിൽ നിന്നും ദുഃഖത്തിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു’ എന്ന് നിരന്തരം പ്രാർഥിച്ചത്. ദുഃഖത്തിന്റെ മൂടുപടമിട്ടു മറച്ച ഹൃദയത്തിനു പകരം തെളിഞ്ഞ ഹൃദയമാണ് സത്യവിശ്വാസികൾക്ക് വേണ്ടത്.

ഈമാൻ എന്ന പദം വിശ്വാസം എന്ന ആശയം ഉൾക്കൊള്ളുന്ന അതേ വ്യാപ്തിയിൽ ദുഃഖങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നുമുള്ള സുരക്ഷിതത്വത്തെയും ഉൾവഹിക്കുന്നുണ്ട്. മതവും വിശ്വാസവും ഒരു മനുഷ്യനിൽ ഈ ബോധം നിറയ്ക്കുന്നുണ്ട്. സ്വിസ് സൈക്യാട്രിസ്റ്റും സൈകോ അനലിസ്റ്റും ലോക പ്രശസ്ത ചിന്തകനുമായ കാൾ യുങ്ങിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് മനോരോഗികളിൽ മിക്ക പേരുടെയും അസുഖ കാരണം മതത്തിൽ നിന്നു കുതറി മാറാൻ അവർ നടത്തുന്ന ശ്രമമാണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. അതിനാൽ, മതം നൽകുന്ന ആശ്വാസം അവർക്കു ലഭിക്കാതെ പോയി. ശരിയായ ദൈവവിശ്വാസമില്ലാത്തവരെ ചികിത്സിക്കാൻ കഴിയില്ലെന്ന് കൂടി അദ്ദേഹം വ്യക്തമാക്കുന്നു (The modern man in Search of Spirit P:264)

സൂറ: ത്വാഹ 124 ആ കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്: “എന്റെ ഉദ്ബോധനം അവഗണിച്ച് ആര് പിന്തിരിയുന്നോ അവന് ഇടുങ്ങിയ ജീവിതമാണുള്ളത്. ഉയിർത്തെഴുന്നേൽപ്പു നാളിൽ അവനെ നാം അന്ധനായി എഴുന്നേൽപ്പിച്ചു കൊണ്ടുവരും’.ഫലസ്തീനികൾ നമ്മെ പഠിപ്പിക്കും പോലെ അടിയുറച്ച വിശ്വാസവും പഴുതടച്ച ജീവിതവും അർപ്പണബോധവും ഇടമുറിയാത്ത ദൈവിക സ്മരണയും മുഖേന വിശ്വാസിയുടെ വിലാസത്തിന്റെ പൂർത്തീകരണത്തിലേക്കെത്താൻ നമുക്ക് ഓരോരുത്തർക്കുമാകണം. ബോംബ് പെയ്യുമ്പോഴും ഉറ്റവരെയും കിടപ്പാടങ്ങളെയും ആരാധനാലയങ്ങളെയും പിഴുതെറിഞ്ഞപ്പോഴും നിസ്കാരവും നോമ്പും മൗലിദും ദിക്റും ഇഫ്ത്വാറും പെരുന്നാളും അവരിട്ടെറിഞ്ഞു പോയില്ല. ഏത് ഉത്കണ്ഠകളെയും സൗമ്യമായി നേരിടാൻ നമുക്കും കഴിയും; വിശ്വാസത്തിന് മൂർച്ച കൂട്ടണമെന്നു മാത്രം.

Latest