Kerala
തരൂര്‍ വിഷയം സംഘടനാപരമായ കാര്യം; പാര്‍ട്ടിയില്‍ ഒരു നേതാവിനും ഒരു തടസ്സവുമുണ്ടാകില്ല: വി ഡി സതീശന്‍
പാര്‍ട്ടിയില്‍ ഒരു നേതാവിനും ഒരു തടസ്സവുമുണ്ടാകില്ലെന്ന് സതീശന്‍.

തിരുവനന്തപുരം | തരൂര്‍ വിഷയം സംഘടനാപരമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോഴിക്കോട്ട് ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറിന്റെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സതീശന്‍. ഇക്കാര്യത്തില്‍ കെ പി സി സി അധ്യക്ഷന്‍ നിലപാട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ ഒരു നേതാവിനും ഒരു തടസ്സവുമുണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു.
വിലക്കേര്‍പ്പെടുത്തിയത് ശരിവച്ച് കോഴിക്കോട് ഡി സി സി
ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയത് കോഴിക്കോട് ഡി സി സി ശരിവച്ചു. പരിപാടി മാറ്റിയത് ഡി സി സി തീരുമാന പ്രകാരമാണെന്ന് പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമാണെന്ന് വാര്‍ത്തകള്‍ വന്നു. അതുകൊണ്ടാണ് ഡി സി സി പരിപാടി ഒഴിവാക്കിയത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം അനുസരിച്ചല്ല തരൂര്‍ പരിപാടി തയ്യാറാക്കിയതെന്നും അതുകൊണ്ടാണ് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷെഹീനും പ്രതികരിച്ചു.
അതിനിടെ, തരൂരിനെ പിന്തുണച്ച് കെ മുരളീധരന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ശശി തരൂരെന്ന് മുരളീധരന്‍ പറഞ്ഞു. തരൂരിന് ഒരു പാരയുമേല്‍ക്കില്ല. കഴിവുള്ളവരെ അംഗീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കണ്ണൂരില്‍ വിലക്കില്ലെന്ന് ഡി സി സി
തരൂരിന് കണ്ണൂരില്‍ വിലക്കില്ലെന്ന് ഡി സി സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് വ്യക്തമാക്കി. തരൂര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ഡി സി സി പിന്മാറിയതല്ല. ആദ്യം ഡി സി സി ഏറ്റെടുത്ത പരിപാടി പിന്നീട് ജവഹര്‍ ലൈബ്രറിക്ക് കൊടുക്കുകയായിരുന്നു. തരൂരിനെ ഉള്‍പ്പെടുത്തി പരിപാടി നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നും മാര്‍ട്ടിന്‍ ജോര്‍ജ് വ്യക്തമാക്കി.