thief arrested
ഓടയില്‍ ഒളിച്ച മോഷ്ടാവിനെ സാഹസികമായി പിടികൂടി
ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തമിഴ്‌നാട് സ്വദേശി രാജശേഖരനെയാണ് പിടികൂടിയത്
![](https://assets.sirajlive.com/2024/07/untitled-1-14-897x538.jpg)
ആലപ്പുഴ | പോലീസിനെ വെട്ടിച്ച് ഓടയില്‍ ഒളിച്ച മോഷ്ടാവിനെ ഫയര്‍ഫോഴ്സ് എത്തി പുറത്തെത്തിച്ചു. തമിഴ്‌നാട് സ്വദേശി രാജശേഖരനെയാണ് പോലിസ് പിടികൂടിയത്.
കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം വിവിധ വീടുകളില്‍ കവര്‍ച്ചാശ്രമം നടത്തിയ മോഷ്ടാവ് പോലീസിനെ കണ്ട് ഓടി സമീപത്തെ ഓടയില്‍ ഒളിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്ക് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കള്ളനെ ഓടയില്‍ നിന്ന് പുറത്തെത്തിക്കാനായില്ല.
പിന്നീട് കായംകുളം അഗ്‌നിരക്ഷ നിലയത്തില്‍ നിന്നുള്ള സേനാംഗങ്ങളെ വിളിച്ചുവരുത്തി. ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റുന്നതിനിടയില്‍ മോഷ്ടാവ് ഓടയുടെ ഉള്ളിലേക്ക് കയറി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ഓടയ്ക്കുള്ളില്‍ കയറി സാഹസികമായി മോഷ്ടാവിനെ പിടികൂടി.
ഗ്രേഡ് അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാവിനെ ഓടക്ക് പുറത്ത് എത്തിച്ചത്. രാജശേഖരനെതിരെ പോലീസ് മോഷണശ്രമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇയാള്‍ സ്ഥിരം മോഷ്ടാവാണോ എന്നു പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു.