Connect with us

National

തദ്ദേശീയമായി നിര്‍മിക്കുന്ന നൂറ് പ്രതിരോധ സാമഗ്രികളുടെ മൂന്നാത്തെ പട്ടിക ഇന്ന് പുറത്തിറക്കും

2020ല്‍ 101 സാമഗ്രികളുടെ ആദ്യ പട്ടികയും 2021ല്‍ 108 ഉപകരണങ്ങളുടെയും മറ്റ് ഇനങ്ങളുടെയും രണ്ടാം പട്ടികയും പുറത്തിറക്കിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിരോധത്തില്‍ സ്വാശ്രയത്വത്തിലേക്കുള്ള പുതിയ ചുവടുവയ്പ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് തദ്ദേശീയമായി നിര്‍മിക്കുന്ന പ്രതിരോധ സാമഗ്രികളുടെ മൂന്നാമത്തെ പട്ടിക പുറത്തിറക്കും. 2020ല്‍ 101 സാമഗ്രികളുടെ ആദ്യ പട്ടികയും 2021ല്‍ 108 ഉപകരണങ്ങളുടെയും മറ്റ് ഇനങ്ങളുടെയും രണ്ടാം പട്ടികയും പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ പുറത്തിറക്കുന്ന മൂന്നാമത്തെ പട്ടികയില്‍ നൂറ് സാമഗ്രികളാണ് ഉള്‍പ്പെടുത്തിയത്.

2025ഓടെ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രതിരോധ സാമഗ്രികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് ഉറപ്പാക്കുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് ശേഷം ഇവയുടെ ഇറക്കുമതി നിരോധിക്കും. തോക്കുകള്‍, വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്ളത്.

മൂന്നാമത്തെ പട്ടികയില്‍ ഉള്‍പ്പെട്ട നൂറ് പ്രതിരോധ വസ്തുക്കളുടെ നിര്‍മ്മാണത്തിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.10 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഓര്‍ഡറുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഒന്നും രണ്ടും പട്ടികകള്‍ പുറത്തുവന്നതിനുശേഷം പ്രതിരോധ മന്ത്രാലയം 53,839 കോടി രൂപയുടെ 31 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 1,77,258 കോടി രൂപയുടെ 83 പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. അടുത്ത അഞ്ചോ ഏഴോ വര്‍ഷത്തിനുള്ളില്‍ 2,93,741 കോടി രൂപയുടെ മറ്റ് പ്രതിരോധ ഉല്‍പന്നങ്ങളുടെ സ്വദേശിവല്‍ക്കരണവും ഉറപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.