Connect with us

india west indies series

ആരവമില്ലാതെ ആയിരാമത്തെ മത്സരം

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരക്ക് കാണികളെ അനുവദിക്കില്ല

Published

|

Last Updated

കൊൽക്കത്ത | അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യയുടെ ആയിരാമത് ഏകദിന ക്രിക്കറ്റ് മത്സരത്തിലേക്ക് കാണികളെ അനുവദിക്കില്ല. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ചരിത്ര മത്സരത്തിന് കാണികളെ അനുവദിക്കില്ലെന്ന് ബി സി സി ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അറിയിച്ചു. അടുത്ത മാസം ആറിനാണ് ഇന്ത്യയുടെ ‘സഹസ്ര മത്സരം’.

മൂന്ന് മത്സരങ്ങളുള്ള പരമ്പരക്ക് കൊൽക്കത്തയും വേദിയാണ്. ഇവിടെയും കാണികളെ അനുവദിക്കില്ല. ഈഡൻ ഗാർഡനിൽ നടക്കുന്ന ടി20 പരമ്പരയിലും കാണികളുടെ കാര്യത്തിൽ സമാന തീരുമാനമാണ് എടുത്തിരിക്കുന്നത്.

കാണികളില്ലാതെ ടൂർണമെന്റ് നടത്തണമെന്ന ആവശ്യമാണ് ബംഗാൾ, ഗുജറാത്ത് ക്രിക്കറ്റ് അസ്സോസിയേഷനുകൾ ബി സി സി ഐക്ക് മുമ്പിൽ വെച്ചത്.

തിരുവനന്തപുരം അടക്കമുള്ള വേദികളിൽ മത്സരം നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാൽ ബയോ ബബ്ൾ സുരക്ഷ നിലനിർത്താൻ വേദികൾ ചുരുക്കുകയായിരുന്നു. ഏകദിന മത്സരങ്ങൾ അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിലും ടി 20 മത്സരങ്ങൾ കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലുമായിരുന്നു നിശ്ചയിച്ചിരുന്നത്.
അടുത്ത മാസം 15, 18, 20 തീയതികളിലായിരുന്നു ടി 20ക്കായി ഷെഡ്യൂൾ തയ്യാറാക്കിയിരുന്നത്. എന്നാൽ മത്സരം 16ന് ആരംഭിക്കാനാണ് സാധ്യത. മറ്റു പരമ്പരകൾ നേരത്തേ നിശ്ചയിച്ച തീയതികളിൽ നടക്കും.

നേരത്തേ അഹമ്മദാബാദിന് പുറമെ ലക്‌നോയും വേദിയായി ബി സി സി ഐ കണ്ടിരുന്നു. എന്നാൽ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയെ ഉൾപ്പെടുത്തുകയായിരുന്നു.

അടുത്ത മാസം ഒന്നിന് അഹമ്മദാബാദിലെത്തുന്ന വെസ്റ്റ് ഇൻഡീസ് ടീം അംഗങ്ങളും ഒഫീഷ്യലുകളും മൂന്ന് വരെ നിർബന്ധിത സമ്പർക്ക വിലക്കിൽ കഴിയും. ആദ്യ മത്സരത്തിന് മുന്നോടിയായി നാലിനും അഞ്ചിനും ടീം പരിശീലനം നടത്തും.