Connect with us

LOAN APP THREAT

ലോണ്‍ ആപ്പുകളുടെ ഭീഷണി; വയനാട്ടില്‍ യുവാവിന്റെ ആത്മഹത്യ

എറണാകുളം കടമക്കുടിയില്‍ കഴിഞ്ഞ ദിവസം കുടുംബം ആത്മഹത്യ ചെയ്തിരുന്നു

Published

|

Last Updated

വയനാട് | ലോണ്‍ ആപ്പുകളുടെ ഭീഷണിയെത്തുടര്‍ന്നുള്ള ആത്മഹത്യ ആവര്‍ത്തിക്കുന്നു. വയനാട് അരിമുളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അരിമുള ചിറകോണത്ത് വീട്ടില്‍ അജയ് രാജ് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതായി സഹോദരന്‍ ആരോപിച്ചു.
ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് അജയ് രാജിന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വന്നിരുന്നു. ഇതില്‍ മനംനൊന്താകാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ലോട്ടറി വില്പനക്കാരനായിരുന്ന അജയ് ഇന്നലെ രാവിലെ വില്‍പ്പനയ്ക്കു ടിക്കറ്റ് എടുക്കാന്‍ കല്‍പ്പറ്റയിലേക്ക് പോയതാണ്. അരി മുള എസ്റ്റേറ്റിന് സമീപത്ത് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തെരച്ചിലില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു.
സുഹൃത്തുക്കള്‍ ബന്ധുക്കള്‍ എന്നിവരുടെ ഫോണിലേക്ക് അഞ്ജാത നമ്പറില്‍ നിന്ന് മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ എത്തിയതോടെയാണ് അജയ് ഓണ്‍ലൈന്‍ ആപ്പുകളുടെ ഭീഷണി നേരിട്ട വിവരം വ്യക്തമായത്. ഭാര്യയുടേയും മക്കളുടെയും അടക്കമുള്ള ബന്ധുക്കളുടെ ഫോണിലേക്ക് മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം ലഭിച്ചതായി വ്യക്തമായിട്ടുണ്ട്.

അജയ് ലോണ്‍ ആപ്പില്‍ നിന്ന് കടം എടുത്തിരുന്നുവെന്നും പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണു വ്യാജചിത്രം ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയതെന്നും വ്യക്തമായിട്ടുണ്ട്. 3,747 രൂപയാണ് സെപ്തംബര്‍ ഒമ്പതിന് അജയ് രാജ് ക്യാന്‍ഡി ക്യാഷ് എന്ന ആപ്പില്‍ നിന്നു കടമെടുത്തത്. അജയ് രാജിന്റെ ഫോണ്‍ പോലീസ് വിശദ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തല്‍, ഐടി വകുപ്പുകള്‍ ചേര്‍ത്തു കേസ് എടുത്താണു പോലീസ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരുടെ മരണം നാടിനെ നടുക്കിയിരുന്നു. കടമക്കുടി മാടശ്ശേരി നിജോ, ഭാര്യ ശില്‍പ, മക്കളായ എബല്‍, ആരോണ്‍ എന്നിവരുടെ മരണത്തിനു പിന്നില്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയാണെന്നു വ്യക്തമായിരുന്നു. മരണ ശേഷവും ബന്ധുക്കളുടെ നമ്പറിലേക്ക് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നു.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

 

Latest