Kerala
പുലി ഭീതിയില്‍ വല്ലത്തായിപ്പാറ
നിരീക്ഷണ ക്യാമറ സ്ഥാപിച്ചു
![](https://assets.sirajlive.com/2024/06/tiger-897x538.jpg)
മുക്കം | വല്ലത്തായിപ്പാറ പ്രദേശത്തുകാരുടെ ഉറക്കംകെടുത്തി പുലി ഭീതി. കാരശ്ശേരി പഞ്ചായത്തിലെ നാല്, എട്ട് വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന വല്ലത്തായിപ്പാറയിലാണ് അഞ്ച് ദിവസത്തോളമായി പുലിയുടെ സാന്നിധ്യമുണ്ടെന്ന് പറയപ്പെടുന്നത്. പുലിയെ കണ്ട വിവരം വനം വകുപ്പില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീണ്ടും പുലിയെ കണ്ടതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. ഓട്ടോ ഡ്രൈവറായ വല്ലത്തായിപ്പാറ സ്വദേശി മനാഫാണ് ആദ്യമായി പുലിയെ കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്. അര്‍ധരാത്രി ഓട്ടോറിക്ഷയില്‍ വരികയായിരുന്ന മനാഫ് പുലിയെ കണ്ട വിവരം വാട്സാപ്പില്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കാലടയാളം നിരീക്ഷിച്ച് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചു.
ഭീതി അടങ്ങിയതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീണ്ടും പുലിയെ കണ്ടെന്ന വാര്‍ത്ത പ്രചരിക്കുകയാണ്. കപ്പാല സ്വദേശി ബാസിത്തും ജാസിറുമാണ് രണ്ട് ദിവസങ്ങളിലായി പുലിയെ കണ്ടുവെന്ന് വിവരം നല്‍കിയതെന്ന് വാര്‍ഡ് മെമ്പര്‍ അശ്്‌റഫ് തച്ചാറമ്പത്ത് പറഞ്ഞു. ഉടന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയമിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ ആര്‍ ടി ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി. വല്ലത്തായിക്കടവ് പാലം, പീച്ചാംപൊയില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
പുലിയുടെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍. ഒരു ക്യാമറയാണ് നിലവില്‍ സ്ഥാപിച്ചത്. റോഡിലൂടെ നടന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പരിസരത്തുള്ള സി സി ടി വി ക്യാമറ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. കോഴിക്കോട് ആര്‍ ആര്‍ ടി ഫോറസ്റ്റര്‍ പ്രജീഷ്, സ്റ്റാഫ് കരീം മുക്കം, നാസര്‍ കൈപുറം, ശിവാനന്ദന്‍, ഫോറസ്റ്റ് ഓഫീസര്‍ സുബീര്‍, ബീറ്റ് ഫോറസ്റ്റര്‍മാരായ ബിനീത്, ആന്‍സി ദിയാന എന്നിവര്‍ സ്ഥലത്തെത്തി പരിശോധനക്ക് നേതൃത്വം നല്‍കി.