നോമ്പോർമ
കൂട്ടുകാരികളോട് മത്സരിച്ച് ഖുർആൻ ഖത്മ് ചെയ്ത കാലം
കുട്ടിക്കാലത്തുള്ള നോമ്പുകാലത്തെ കുറിച്ച് ഓർക്കുമ്പോഴാണ് ഇന്നത്തെ നോമ്പിന്റെ മൂല്യച്ഛ്യുതി മനസ്സിലാകുക. അന്ന് വിഭവങ്ങൾ കുറവാണെങ്കിലും നോമ്പിന്റെ ശക്തി വേറെ തന്നെയായിരുന്നു.
വീട്ടിൽ ഞങ്ങൾ ആറ് കുട്ടികൾക്ക് പുറമേ എളാപ്പയുടെ മക്കളും അമ്മായിയുടെ മക്കളുമടക്കം കുറേ അംഗങ്ങളുണ്ടായിരുന്നു. നോമ്പുതുറ സമയത്ത് കോഴി ഇറച്ചി ഇല്ല, പലതരം വിഭവങ്ങളില്ല. പോത്തിറച്ചി കൊണ്ട് ഒരു കറിയാണുണ്ടാകുക. ഉറുളക്കിഴങ്ങും മറ്റും കൂട്ടി നീട്ടിവലിച്ച ഒരു കറി. എത്ര തിന്നാലും മതിവരാത്ത കാലമായിരുന്നു. ഭക്ഷണത്തിന് കൊതി മൂത്ത കാലം.
എന്നാലും ആ ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെയായിരുന്നു. വീട്ടിൽ നിന്ന് വറുത്ത് പൊടിച്ച അരി പ്പൊടിയും മസാല പൊടികളുമായിരുന്നു. നോമ്പുനോറ്റു ക്ഷീണിച്ച് വൈകുന്നേരം എല്ലാവരും കൂടി ഇരുന്ന് നോമ്പുതുറന്നിരുന്ന രംഗം. നോമ്പ് തുറന്നാൽ പിന്നീടുള്ള തറാവീഹ് നിസ്‌കാരവും….
റമസാനിലെ ഖുർആൻ ഓത്ത് വേറെ തന്നെയായിരുന്നു. രാവിലെ മദ്റസയിൽ പോകും. ഉസ്താദിന്റെ അടുത്ത് നിന്ന് ഖുർആൻ പഠിക്കും. ഒരു ജുസ്അ് എല്ലാവരും ഓതും. ഈ ഒരു മാസമാണ് പല കുട്ടികളും ഖുർആൻ പാരായണം പരിശീലിച്ചിരുന്നത്. 27-ാം രാവിന് ഉസ്താദിന് എല്ലാ കുട്ടികളും പൈസ കൊടുക്കും.
നിരവധി ഖത്മുകൾ ഓതി ത്തീർക്കും. മറ്റു കുട്ടികളുടെ മുന്നിൽ ഇത്ര ഖത്മ് ഓതി എന്ന് എണ്ണം പറയാനുള്ള മത്സരമായിരുന്നു.
പെരുന്നാളിന് വേണ്ടി നേരത്തെ ഒരുങ്ങും. മൈലാഞ്ചി കൊമ്പുകൾ കൊണ്ടുവന്ന് ഉണക്കി അമ്മിയിലിട്ട് അരച്ച് തയ്യാറാക്കിയ മൈലാഞ്ചിയാണ് കുട്ടികൾ ഇട്ടിരുന്നത്. ട്യൂബ് മൈലാഞ്ചികൾ അന്ന് ഇല്ലേ ഇല്ല.
പെരുന്നാളിന് പുതിയ വസ്ത്രമെടുക്കും. ഒരു പെരുന്നാളിന് മാത്രമാണ് അന്ന് വസ്ത്രമെടുത്തിരുന്നത്.
തയ്യാറാക്കിയത്
ഹമീദ് തിരൂരങ്ങാടി