Connect with us

Prathivaram

കാലം

'പ്രിയപ്പെട്ട രാഗിണി ടീച്ചർക്ക് ആദരാഞ്ജലികൾ' എന്നെഴുതി സ്‌കൂളിനു മുന്നിൽ കെട്ടിയ ബാനർ മഴ നനഞ്ഞ് നിറം മങ്ങിത്തുടങ്ങി.രാഗിണി ടീച്ചർക്ക് പകരം വന്ന, തീരെ ചെറുപ്പമായ,നന്നായി പാട്ടുപാടുന്ന തുളസി ടീച്ചറെ കുട്ടികൾക്കെല്ലാർക്കും ഇഷ്ടമായി. രാഗിണി ടീച്ചറുടെ ഒഴിഞ്ഞുകിടന്ന കസേര ജോൺസൺ മാഷിനെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്.

Published

|

Last Updated

രൊറ്റ ഇടിയായിരുന്നു, എതിരെ വന്ന വെളുത്ത നിറമുള്ള സ്വിഫ്റ്റ് കാർ.രാഗിണി ടീച്ചർ ഉയർന്നുപൊങ്ങി ടാറിട്ട റോഡിലേക്ക് തലയിടിച്ചു വീണു.
എഴുന്നേൽക്കാനെന്നവണ്ണം പതുക്കെ തലപൊക്കി അതിനാവാതെ കിടന്നു. ഒരു ദീർഘശ്വാസം… സാവധാനത്തിൽ ആ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു. ആളുകൾ ഓടിക്കൂടി.

ഒരു തെരുവു ഗായകന്റെ പാട്ടും ആസ്വദിച്ചു റോഡരികിൽ നിൽക്കുമ്പോഴാണ് രാഗിണി ടീച്ചറുടെ ഫോണിലേക്ക് മുകുന്ദന്റെ കാൾ വന്നത്. അവർ കുറച്ചു മാറി നിന്ന്, ഫോൺ അറ്റന്റ്ചെയ്തു.
“നീയിതെവിടെ പോയി കിടക്കാണു രാഗിണീ.. കീർത്തി ഇന്ന് ഹോസ്റ്റലീന്നു വരും..ന്ന് പറഞ്ഞത് മറന്നോ…’ സ്വരത്തിലെ നീരസം തിരിച്ചറിഞ്ഞു.

“വന്നാൽ അവൾ ഒറ്റക്കാകുമേ… എനിക്കൊരു മീറ്റിംഗുണ്ട്. വനിതകളുടെ സ്വാതന്ത്ര്യവും അവകാശവുമാണ് വിഷയം. ഞാനതിനു പോകും.’
ആ… ബെസ്റ്റ്….-മന്ത്രിച്ചുകൊണ്ട് രാഗിണി സമയം നോക്കി. അഞ്ചര. ഏഴ് മണിയോടെ മകളെത്തും. വരുമ്പോഴേക്കും ഉണ്ണിയപ്പം ഉണ്ടാക്കിവെക്കാൻ പറഞ്ഞിരുന്നല്ലോ… എന്നൊരോർമ പെട്ടെന്ന് രാഗിണിയെ വല്ലാതാക്കി. അപ്പോഴേക്കും വീണ്ടും ഫോൺ ബെല്ലടിച്ചു.
മുകുന്ദൻ തന്നെ.

ഒരു ഒച്ചയിടൽ പ്രതീക്ഷിച്ചുകൊണ്ട് ശബ്ദം താഴ്ത്തി ചോദിച്ചു. “എന്തേ…’
“അല്ലാ… ഉണ്ണിയപ്പം ഉണ്ടാക്കണമെന്നവൾ പറഞ്ഞിരുന്നല്ലോ..നീ മാവു കുഴച്ചുവെച്ചിട്ടില്ലേ..ഞാനുണ്ടാക്കണോ…’ തീരെ പ്രതീക്ഷിക്കാതെയുള്ള ആ ചോദ്യം കുറച്ചൊന്നുമല്ല രാഗിണിയെ സന്തോഷിപ്പിച്ചത്. പക്ഷേ, മുകുന്ദേട്ടൻ ഉണ്ടാക്കിയാൽ ശരിയാവലുണ്ടാവില്ല. ഷെയ്പ്പുകിട്ടില്ല, ഉള്ളു വേവുന്നതിനു മുന്നെ ചെലപ്പോ വാങ്ങിവെച്ചാലോ…
“വേണ്ട, ഞാൻ വന്നിട്ടുണ്ടാക്കിക്കോളും. ഇവിടുന്ന് നടന്നെത്താനുള്ള ദൂരമേ ഉള്ളൂ. വേഗെത്തും. മുകുന്ദേട്ടൻ മീറ്റിംഗിനു പൊക്കോളൂ…’ അങ്ങനെ ധൃതിപിടിച്ചോടിപ്പോയതാണ് രാഗിണി ടീച്ചർ.

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ബോഡി വീട്ടിലെത്തിയപ്പോഴേക്കും ഉച്ചയായിരുന്നു. ടീച്ചറെ അവസാനമായി കാണാൻ കുറേ പേരെത്തി. സ്‌കൂളിലെ കുട്ടികളും വന്നു. വന്നവരിൽ ചിലരൊക്കെ ടീച്ചറുമൊത്തുള്ള ഓരോരോ ഓർമകളാൽ ബന്ധിക്കപ്പെട്ടുനിന്നു. ക്ലാസ്സിലെ അഞ്ചാറ് കുട്ടികൾ വാവിട്ടു കരഞ്ഞു. അവരോടൊപ്പം ഒന്നുറക്കെ കരയണമെന്ന് രാഗിണിയുടെ സഹപ്രവർത്തകൻ ജോൺസൺ മാഷിനു തോന്നി. ജോൺസൺ രാഗിണി ടീച്ചറിനോടെന്തോ പ്രത്യേക ഇഷ്ടമുണ്ടായിരുന്നെന്ന് മാഷിന്റെ അടുത്ത സുഹൃത്ത് രാജീവ് മാഷിന് മാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ. ജോൺസൺ എഴുതുന്ന കവിതകളൊക്കെ ആദ്യം വായിച്ചിരുന്നത് രാഗിണിയാണെന്ന കാര്യം രാജീവ് മാഷ് ആരോടും പറഞ്ഞിട്ടില്ല. ഒരു വികാരജീവിയായ ജോൺസൺ മാഷെങ്ങാനും വലിയ വായിൽ കരഞ്ഞ് സംഗതി “സീനാ’ക്കുമോ എന്നു പേടിച്ച് രാജീവ് ജോൺസൺ മാഷിന്റെ തോളിലൂടെ കൈയിട്ടു പെട്ടെന്ന് പുറത്തേക്ക് കൊണ്ടുപോയി സ്ഥലം ക്ലിയറാക്കി.

അങ്ങനെ നാട്ടിലും വീട്ടിലും സ്‌കൂളിലുമൊക്കെ രാഗിണി ടീച്ചർ നോവുന്ന ഓർമയായി. രാഗിണി മരിച്ച് അഞ്ചിന്റന്ന് രാത്രി , അമ്മയുടെ ഒരു ഫോട്ടോ അയൽവാസി പയ്യനെക്കൊണ്ട് ഫ്രെയിം ചെയ്യിച്ച് , ടീച്ചറുടെ പത്തൊൻപതുകാരി മകൾ കീർത്തി, സ്വീകരണമുറിയിൽ ടെലിവിഷന് എതിർവശത്തായുള്ള ചുമരിൽ ഉറപ്പിച്ചു. എന്നിട്ട് ടി വി ഓണാക്കി. രാഗിണി മരിച്ചുപോയതറിയാതെ ടി വി പരിപാടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. “സങ്കടക്കടൽ’ എന്ന സീരിയലിൽ അമ്മായിയമ്മയുടേയും നാത്തൂന്റേയും ക്രൂരതകൾ താങ്ങാനാകാതെ കരഞ്ഞു തളർന്ന് കണ്ണീർ വറ്റിയ, നായിക രാധാമണി പട്ടുസാരിയുടുത്തുകൊണ്ടു തന്നെ ആത്മഹത്യക്ക് ഒരുങ്ങുകയാണ്. അപ്പോഴേക്കും “അയ്യോ ….’ എന്നൊരു വിളിയോടെ രാഗിണിയുടെ വല്യമ്മ ടി വിക്കു മുമ്പിലെത്തി. “..ന്റെ രാധാമണീ… ആ കൂട്ടിനേം..ട്ത്ത് എങ്ങട്ടേലും പോയി രക്ഷപ്പെട്ടൂടെ..യ് മരിച്ചാ ആ കുട്ടിക്കാരാള്ളത്…’ എന്നും ചോദിച്ചുകൊണ്ടവർ ടിവിക്കു മുമ്പിലെ കസേരയിലിരുന്നു.
“നീയീ സീരിയലൊക്കെ കാണ്വോ…’ മുകുന്ദന്റെ മുബൈക്കാരി ചേച്ചി പുച്ഛത്തോടെ കീർത്തിയോടായി ചോദിച്ചുകൊണ്ട് സ്വീകരണമുറിയിലേക്ക് വന്നു.

ഒരു മരണം നടന്നാൽ കുറച്ചു ദിവസം കുടുംബക്കാരൊക്കെ വീട്ടിലുണ്ടാവണമെന്ന ആചാരമുള്ളതുകൊണ്ട് മാത്രം ഇവിടെ തങ്ങിയതാണവർ. കീർത്തിക്ക് ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും അവളതു വെളിപ്പെടുത്താതെ പറഞ്ഞു.”എനിക്കല്ല…അമ്മക്കിതൊക്കെഷ്ടാണ്…. ആന്റിക്കറിയാലോ അമ്മ പണ്ട് ഡാൻസ് ചെയ്തിരുന്നെന്ന്… പക്ഷേ, ഇപ്പോ സ്‌കൂളും വീടും കിച്ചണും മാത്രായി…അമ്മക്കീ ടി വി പരിപാടികളൊന്നും കാണാൻ നേരംണ്ടാര്ന്നില്ല …..ഒരെന്റർടെയ്ൻമെന്റും ണ്ടായ്‌ര്ന്നില്ല. ഇനിപ്പോ ഫ്രീ ആയല്ലോ…അമ്മ കണ്ടോട്ടെ’. അതുപറഞ്ഞുകൊണ്ട് കീർത്തി രാഗിണിയുടെ ഫോട്ടോയിലേക്ക് നോക്കി…..എന്നാലും…. നിനക്കന്ന് ഉണ്ണിയപ്പം..ണ്ടാക്കിത്തരാൻ കഴിഞ്ഞില്ലല്ലോ… എന്ന് ഫോട്ടോയിൽ രാഗിണി അവളോട് വിളറിച്ചിരിച്ചു. രാഗിണിയുടെ മങ്ങിയ ചിരി കീർത്തിയെ തന്റെ കഴിഞ്ഞ മാസത്തെ വരവിനെ കുറിച്ചാണോർമിപ്പിച്ചത്. പഠിക്കുന്ന കാലത്തെ നൃത്തവേഷത്തിലുള്ള തന്റെയൊരു ഫോട്ടോയും നോക്കിയിരിക്കുന്ന രാഗിണിയെ, കീർത്തി തട്ടിവിളിച്ചു. “അമ്മയെന്തിനാ പിന്നതൊക്കെ നിർത്തിയേ..’

“കല്യാണോം കഴിഞ്ഞു, പിന്നെ നിന്റച്ഛച്ഛനും അച്ഛമ്മക്കും സുഖല്ല്യാണ്ടായി , അതിനിടയിൽ നീയുണ്ടായി.. തെരക്കായി… അങ്ങനങ്ങനെ അതൊക്കെ മറന്നു പോയി….’
“അമ്മയോടാരാ എന്നെ നോക്കിയിരിക്കാൻ പറഞ്ഞെ…പ്പൊ.. എനിക്കായോ കുറ്റം…’
പെട്ടന്നു ചോദിച്ച ചോദ്യം വലിയ അബദ്ധമായെന്നു അമ്മയുടെ നിറഞ്ഞുവരുന്ന കണ്ണുകൾ കണ്ടപ്പോളാണ് മനസ്സിലായത്. ആ ഓർമ കുടഞ്ഞെറിയാനെന്നവണ്ണം ഒന്നു തലകുലുക്കി, കീർത്തി ഫോട്ടോയിലെ രാഗിണിയെ നോക്കി മന്ത്രിച്ചു:
“സോറി…-അമ്മേ’

രാധാമണിയുടെ സാരീടെ കളർ കൊള്ളാലോ… ഓർണമെന്റ്‌സും നൈസ്… എന്ന് മുകുന്ദന്റെ മുംബൈക്കാരി ചേച്ചി ടിവിയിലേക്ക് ഒളികണ്ണിട്ടു. രാഗിണി മരിച്ച് പതിനാറിന്റന്ന് രാത്രി സ്വന്തം കയ്യാലെ ഉണ്ടാക്കിയ ഉണ്ണിയപ്പങ്ങളുമായി മുകുന്ദൻ കീർത്തിയുടെ മുറിയിലെത്തി. നാളെ സബ്മിറ്റ് ചെയ്യാനുള്ള അസൈൻമെന്റിനെ കുറിച്ച് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു കീർത്തി. മുകുന്ദനെ കണ്ടപ്പോൾ, പിന്നെ വിളിക്കാം..എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്ത്, പാത്രത്തിൽ നിന്നൊരുണ്ണിയപ്പം എടുത്ത് നോക്കി. “അമ്മ ഉണ്ടാക്ക്‌ണേക്കാൾ ഷെയ്‌പ്പൊത്തിട്ടുണ്ടല്ലോ.. ‘ എന്ന് സന്തോഷിച്ചു. പിന്നെ ഒരു കഷ്ണം മുറിച്ചെടുത്ത് വായിലേക്കിട്ട് രുചിച്ചു നോക്കി.
“സൂപ്പർ….. വേവ് പാകം. മധുരോം…ണ്ട്.’ പിന്നെ അയാളുടെ താടിപിടിച്ച്
“ലവ് യു അച്ഛാ…’എന്നു പറഞ്ഞതുകേട്ട് മുകുന്ദൻ വയറുകുലുക്കി ചിരിച്ചു.

“പ്രിയപ്പെട്ട രാഗിണി ടീച്ചർക്ക് ആദരാഞ്ജലികൾ’ എന്നെഴുതി സ്‌കൂളിനു മുന്നിൽ കെട്ടിയ ബാനർ മഴ നനഞ്ഞ് നിറം മങ്ങിത്തുടങ്ങി. രാഗിണി ടീച്ചർക്ക് പകരം വന്ന, തീരെ ചെറുപ്പമായ, നന്നായി പാട്ടുപാടുന്ന തുളസി ടീച്ചറെ കുട്ടികൾക്കെല്ലാർക്കും ഇഷ്ടമായി. രാഗിണി ടീച്ചറുടെ ഒഴിഞ്ഞുകിടന്ന കസേര ജോൺസൺ മാഷിനെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. ആ ദിവസങ്ങളിൽ മാഷെഴുതിയതെല്ലാം കണ്ണീരിന്റെ നനവുള്ള കവിതകളായിരുന്നു. തുളസി ടീച്ചർ വന്ന മൂന്നാമത്തെ ദിവസം സ്റ്റാഫ് റൂമിൽ ടീച്ചർ മാത്രമുള്ളപ്പോൾ ജോൺസൺ മാഷ് രാഗിണിയുടെ കസേരയിലിരിക്കുന്ന തുളസി ടീച്ചർക്കരികിലെത്തി .

“ടീച്ചർ പാട്ടുകാരിയാണല്ലോ, കവിതകളെങ്ങനെ ഇഷ്ടാണോ..’
ടീച്ചറുടെ മുഖം പെട്ടെന്ന് വിടർന്നു. മൂക്കുത്തി തിളങ്ങി. “ഒത്തിരിയിഷ്ടാ… വായിക്കാനും, ചൊല്ലാനും. എഴുതാനറിയില്ലാട്ടോ..’ പിന്നെ നനുത്ത ചിരിയോടെ ചോദിച്ചു: “മാഷ് കവിതയെഴുതാറുണ്ട്… ല്ലേ…’ അതുകേട്ടതും ജോൺസൺ മാഷിന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു.

Latest