Connect with us

Articles

മർകസ് സമൂഹത്തെ നിർമിച്ച കാലങ്ങൾ

മർകസ് മുസ്്ലിം സാമൂഹിക മാതൃകകളെ പുതുക്കിപ്പണിതു എന്ന് പറയാം. കേരളത്തിൽ നിന്ന് ആദ്യമായി ഉത്തരേന്ത്യൻ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന സ്ഥാപനവും മർകസായിരുന്നു. ഇന്നിപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മർകസ് നേരിട്ടോ അല്ലാതെയോ നടത്തുന്ന വിദ്യാഭ്യാസ- സാംസ്‌കാരിക കേന്ദ്രങ്ങൾ നിലവിലുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് മർകസ് കേരളത്തിൽ പഠനത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ ഒരുക്കി കൊടുത്തിട്ടുണ്ട്

Published

|

Last Updated

വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക പ്രവർത്തന രംഗത്ത് സ്തുത്യർഹമായ 45 വർഷം പിന്നിടുകയാണ് മർകസ്. പിന്നിട്ട ഈ കാലങ്ങളിൽ വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം, കുടിവെള്ളം, അന്നം, ഇടപെടൽ, മാർഗദർശനം തുടങ്ങി മനുഷ്യജീവിതത്തിൽ അതിപ്രധാനമായ ഏതെങ്കിലുമൊരു ഘടകത്തിൽ ലക്ഷങ്ങളാണ് മർകസിന്റെ ഗുണഭോക്താക്കളായിട്ടുണ്ടാവുക. എണ്ണി തിട്ടപ്പെടുത്തുക പ്രയാസമായ ഈ മനുഷ്യരുടെ വൈപുല്യം മുൻഗാമികൾ നൽകിയ മർകസുസ്സഖാഫത്തി സുന്നിയ്യ-സുന്നികളുടെ സാംസ്‌കാരിക കേന്ദ്രം- എന്ന പേരിന്റെയും സമൂഹത്തെ നിർമിക്കുന്നു എന്ന പ്രമേയ വാക്യത്തിന്റെയും പൊരുളിലേക്ക് നമ്മെ നയിക്കുന്നുണ്ട്. മർകസ് രൂപപ്പെട്ടുവന്ന കാലവും ഇന്നത്തെ ഈ വിശാലതയിലേക്ക് എത്തേണ്ടതിന്റെ അനിവാര്യതയും പരിശോധിച്ചാൽ നമുക്കത് ബോധ്യപ്പെടും.

സ്വീകാര്യത ലഭിച്ച മാതൃക
പ്രയാണം തുടങ്ങി അൽപ്പകാലത്തിനകം തന്നെ മർകസ് എന്ന ആശയം സമൂഹത്തിൽ വലിയ സ്വീകാര്യത നേടി. മർകസിന് ശേഷം കേരളീയ മുസ്്ലിംകൾക്കിടയിൽ ആരംഭിച്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരർഥത്തിൽ മർകസ് മുന്നോട്ടുവെച്ച സാമൂഹിക ഭാവനകളോടുള്ള പ്രതികരണമായിരുന്നു. ആ തലത്തിൽ മർകസ് മുസ്്ലിം സാമൂഹിക മാതൃകകളെ പുതുക്കിപ്പണിതു എന്ന് പറയാം. കേരളത്തിൽ നിന്ന് ആദ്യമായി ഉത്തരേന്ത്യൻ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന സ്ഥാപനവും മർകസായിരുന്നു. ഇന്നിപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മർകസ് നേരിട്ടോ അല്ലാതെയോ നടത്തുന്ന വിദ്യാഭ്യാസ- സാംസ്‌കാരിക കേന്ദ്രങ്ങൾ നിലവിലുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് മർകസ് കേരളത്തിൽ പഠനത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ ഒരുക്കി കൊടുത്തിട്ടുണ്ട്. മർകസ് തുടങ്ങി വെച്ച പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും അവക്ക് തുടർച്ചകൾ ഉണ്ടാക്കാനും നിരവധിയാളുകളും സ്ഥാപനങ്ങളും ഇന്ന് രംഗത്തുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്.
കേരളത്തിലെ പാരമ്പര്യ മുസ്്ലിം മുന്നേറ്റത്തിലെ സവിശേഷമായൊരു വഴിത്തിരിവാണ് 1978ലെ മർകസിന്റെ ആരംഭം. ലോക മുസ്്ലിം പണ്ഡിതരിൽ പ്രമുഖരായ സയ്യിദ് മുഹമ്മദ് അലവി മാലികി മക്കയാണ് മർകസിന് ശില പാകാനെത്തിയത്. മാലികിയുടെ കേരളത്തിലേക്കുള്ള ആഗമനം തന്നെ പുതിയൊരു വൈജ്ഞാനിക പ്രയാണത്തിന്റെ വീണ്ടെടുക്കലായിരുന്നു. കേരളീയ ഉലമാക്കളും ലോകത്തെ പ്രധാനപ്പെട്ട മുസ്്ലിം പണ്ഡിതരും തമ്മിലുള്ള വൈജ്ഞാനിക ബന്ധം ദൃഢമാകുന്നതിൽ ഇത് പ്രധാന പങ്കുവഹിച്ചു.

പ്രഥമ സ്ഥാപനത്തിന് ശേഷം ശരീഅത്ത് കോളജ്, എയ്ഡഡ് സ്‌കൂളുകൾ, ബോർഡിംഗ്, ഹിഫ്‌ളുൽ ഖുർആൻ കോളജ്, ആർട്‌സ് കോളജ്, ഐ ടി സി, വനിതാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ തൊണ്ണൂറുകളുടെ തുടക്കമായപ്പോഴേക്കും വ്യത്യസ്തമായ സ്ഥാപനങ്ങളുടെ ശൃംഖലയായി മർകസ് മാറി. കേവല വിദ്യാഭ്യാസ കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല ഇവ. ചിട്ടയായ ആലോചനകളോടെയും ആസൂത്രണങ്ങളോടെയും ആരംഭിച്ചതിനാൽ തന്നെ അക്കാദമിക തലത്തിൽ ഉന്നതമായ നിലവാരം പുലർത്താൻ ഈ സ്ഥാപനങ്ങൾക്ക് സാധിച്ചു.

എങ്ങനെയാണ് 45 വർഷങ്ങൾ കൊണ്ട് വലിയ മുന്നേറ്റത്തിലേക്ക് മർകസ് നടന്നുകയറിയത് എന്ന ചോദ്യം പ്രസക്തമാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകയറാൻ മർകസിനെ സഹായിച്ച നിരവധി ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം നിസ്വാർഥരായ, ആത്മാർഥതയുള്ള സമുന്നത നേതൃത്വമാണ്. മർകസിന്റെ മുന്നോട്ടുള്ള ഗമനം റബ്ബിന്റെ ഔലിയാക്കളുടെ നിർദേശപ്രകാരമായിരുന്നു എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

ജ്ഞാന സംസ്‌കൃതിയുടെ ഉറവിടം
1981 ഏപ്രിൽ 12നാണ് ജാമിഅ മർകസ് എന്നിപ്പോൾ അറിയപ്പെട്ട ശരീഅത്ത് കോളജ് ആരംഭിക്കുന്നത്. ഇ കെ അബൂബക്കർ മുസ്്ലിയാരുടെയും മറ്റു പ്രഗത്ഭരായ ആലിമീങ്ങളുടെയും സാന്നിധ്യത്തിൽ കണ്ണിയത്ത് അഹ്്മദ് മുസ്്ലിയാർ ഫത്ഹുൽ മുഈൻ ഓതിക്കൊടുത്താണ് കോളജിന്റെ തുടക്കം. 24 മുതഅല്ലിമുകളായിരുന്നു അന്നുണ്ടായിരുന്നത്. ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കൂടി. കേരളത്തിന് പുറത്തേക്ക് ശരീഅത്ത് കോളജിന്റെ ഖ്യാതി പരന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ഓരോ വർഷവും പഠിക്കാനെത്തി. ബഹുഭാഷാ നിപുണരായ ഉസ്താദുമാർ ക്യാമ്പസിനെ സമ്പന്നമാക്കി. പ്രഥമ സ്ഥാപനം അനാഥാലയമായിരുന്നുവെങ്കിലും പ്രധാനം പിന്നീട് ആരംഭിച്ച ശരീഅത്ത് കോളജ് തന്നെയായിരുന്നു.

1983ൽ മുത്വവ്വൽ ക്ലാസ്സ് ആരംഭിച്ചു. 1985ൽ “മൗലവി ഹാളിൽ സഖാഫി’ എന്ന പേരിൽ സനദ് വാങ്ങി ആറ് പേർ പുറത്തിറങ്ങിയതോടെ മതപഠന മേഖലയിലെ വിദ്യാർഥികളുടെ കണ്ണും കാതും അങ്ങോട്ട് തിരിഞ്ഞു. പിന്നീട് പഠിതാക്കളുടെ പ്രവാഹമായി. സനദ് വാങ്ങുന്നവരുടെ എണ്ണം ക്രമേണ കൂടി വന്നു. പഠിച്ചിറങ്ങിയ സഖാഫികളുടെ ഏകോപനത്തിനും ഉന്നമനത്തിനും ക്ഷേമത്തിനുമായി സഖാഫി സ്‌കോളേഴ്സ് കൗൺസിൽ എന്ന പേരിൽ കൂട്ടായ്മ രൂപം കൊള്ളുകയും മർകസിനും സമൂഹത്തിനും ഉപകാരപ്പെടുന്ന ഒട്ടേറെ പദ്ധതികൾ നടപ്പാക്കിവരികയും ചെയ്യുന്നു.
പണ്ഡിതർക്ക് ആത്മാഭിമാനം നൽകുന്നതിൽ മർകസ് ശരീഅത്ത് കോളജ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രമാണിമാരുടെ താത്പര്യമനുസരിച്ച് പ്രവർത്തിക്കുന്ന പണ്ഡിത നിലപാടിനെ അറിവുകൊണ്ടും ആർജവം കൊണ്ടും തിരുത്തിയ പ്രിയ ഗുരുവിന്റെ ഉത്തമ മാതൃക സഖാഫികളും പകർത്തി. ഇസ്്ലാമിക വിജ്ഞാനീയങ്ങളിൽ ആഴത്തിലുള്ള പഠനം നടത്താൻ സാധിക്കുന്ന പശ്ചാത്തലമായിരുന്നു ശരീഅത്ത് കോളജിൽ ഉണ്ടായിരുന്നത്. നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്്ലിയാർ, എം എം അബ്ദുല്ല മുസ്്ലിയാർ, ഇമ്പിച്ചാലി ഉസ്താദ്, ചെറുശ്ശോല ഉസ്താദ്, പാറന്നൂർ പി പി മുഹ്്യിദ്ദീൻകുട്ടി മുസ്്ലിയാർ, ഹുസൈൻ മുസ്്ലിയാർ പടനിലം, കാന്തപുരം എ പി മുഹമ്മദ് മുസ്്ലിയാർ, കെ കെ മുഹമ്മദ് മുസ്്ലിയാർ തുടങ്ങി അറിവുകൊണ്ട് മർകസിനെ പ്രൗഢമാക്കിയ പല പണ്ഡിതരും വിടപറഞ്ഞു.

മർകസിനു വേണ്ടി ഉസ്താദിന്റെ വിശാല സഞ്ചാരങ്ങൾ അവിടെയുള്ള വിജ്ഞാന സ്രോതസ്സുകൾ അന്വേഷിച്ചു കൂടിയായിരുന്നു. അതുവഴി ധാരാളം ലോകപ്രശസ്ത പണ്ഡിതരും പഴയതും പുതിയതുമായ കൃതികളും ഇവിടെയെത്തി. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകളുമായും യൂനിവേഴ്‌സിറ്റികളുമായും സഹകരിച്ചു നടത്തുന്ന ശിൽപ്പശാലകളും സെമിനാറുകളും ആഗോള ചലനങ്ങൾ അടുത്തറിയാനും ഗവേഷണ പഠനങ്ങൾ പരിചയപ്പെടാനും വിദ്യാർഥികളെ സഹായിച്ചു.

ജാമിഅ അൽ അസ്ഹറിന്റെ കുല്ലിയ്യ: തുല്യതാ കോഴ്‌സുകളുടെ ആരംഭമാണ് വിദ്യാർഥികളുടെ പഠനത്തിനും ആലോചനകൾക്കും പുതിയ മുഖം നേടിത്തന്നത്. ഇതോടെ ജാമിഅ മർകസിലെ മതപഠനത്തിന് ഏകീകൃതരൂപം കൈവന്നു. ഇസ്്ലാമിക് തിയോളജി, ഇസ്്ലാമിക ശരീഅഃ, ഇസ്്ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് തുടങ്ങി വിവിധ ഡിപാർട്ടുമെന്റുകളിലായി ഇന്ന് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.
സഖാഫികൾ; നാടിന്റെ നേതൃത്വം

45 വർഷം കൊണ്ട് 13,000ത്തോളം സഖാഫികളെ കർമഗോദയിലേക്കിറക്കാൻ കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. മർകസ് പ്രസരിപ്പിക്കുന്ന അറിവിന്റെയും ആധ്യാത്മികതയുടെയും ഊർജം ലോകമാകെ പ്രചരിപ്പിക്കുന്നവരാണവർ. ഇസ്്ലാമിക വിജ്ഞാന ശാസ്ത്രത്തിലെ പരമ്പരാഗതമായ കിതാബുകളാണ് മതപഠനരംഗത്ത് മർകസ് പിന്തുടരുന്നത്. തിരുനബി(സ്വ) മുതൽ അനേകം നൂറ്റാണ്ടുകളിൽ സൂക്ഷ്മമായി രചിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന ഗ്രന്ഥങ്ങൾ പാരമ്പര്യ രീതിശാസ്ത്രത്തിൽ പഠിപ്പിക്കുമ്പോൾ തലമുറകളിലേക്ക് കൈമാറുന്നത് മായംചേരാത്ത
അറിവാണ്.

മർകസിൽ നിന്നും അതിന്റെ ശിൽപ്പി കാന്തപുരം ഉസ്താദിൽ നിന്നും ലഭിച്ച ത്യാഗസമർപ്പണവും സേവന താത്പര്യവും ഈ പണ്ഡിത വ്യൂഹത്തെ കർമോത്സുകരാക്കി. പ്രാസ്ഥാനിക നേതൃസ്ഥാനത്തും പ്രവർത്തനത്തിലും സഖാഫികൾ സേവന സജ്ജരായപ്പോൾ അതിരുകളില്ലാത്ത സാമൂഹിക ഉന്നമനം സാധ്യമായി. ഇസ്്ലാമിന്റെ ജീവനാഡിയായ വിജ്ഞാനത്തെ നിലനിർത്തുന്നതിൽ സഖാഫികളുടെ പങ്ക് അനൽപ്പമാണ്. ശൈഖ് അബൂബക്കർ അഹ്്മദ് എന്ന മഹാഗുരുവിന്റെ നാലര പതിറ്റാണ്ടിന്റെ പ്രയത്‌നങ്ങൾ പൂർണ വിജയകരമായിരുന്നുവെന്ന് മർകസ് സന്തതികൾ ജീവിതത്തിലൂടെയും സേവനങ്ങളിലൂടെയും വരച്ചുകാട്ടുകയാണ്.
മർകസ് സനദ് ദാന സമ്മേളനവും ഖത്മുൽ ബുഖാരി സംഗമവും വിപുലമായ പരിപാടികളോടെ ഇന്ന് നടക്കുകയാണ്. കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 38ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതരാണ് ഈ വർഷം സനദ് സ്വീകരിക്കുന്നത്. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ആറ് പതിറ്റാണ്ടു നീണ്ട മതാധ്യാപന ചരിത്രത്തിൽ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ദർസ്. ആഗോള കീർത്തിനേടിയ ഈ ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരിയിൽ പങ്കെടുക്കാൻ വിദേശികളടക്കം മർകസിൽ എത്താറുണ്ട്. മതബോധമുള്ള, അച്ചടക്കമുള്ള, വൈജ്ഞാനിക താത്പര്യമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ മർകസ് വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. ഈ പ്രയാണത്തോടൊപ്പം കൂടെയുള്ള ഏവരുടെയും പങ്കാളിത്തം ഇന്ന് നടക്കുന്ന സമ്മേളനത്തിൽ പ്രധാനമാണ്. സാരഥി സുൽത്വാനുൽ ഉലമയുടെ കാത്തിരിപ്പും സന്തോഷവും മർകസിനെ എക്കാലവും വളർത്തിയ ജനങ്ങളുടെയെല്ലാം സാന്നിധ്യമാണ്. മർകസിനും ശൈഖുന ഉസ്താദിനും കരുത്തുപകരാൻ നമുക്കൊന്നിച്ചിറങ്ങാം.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

Latest