Kerala
കുസാറ്റിലെ ദുരന്തം; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം.
കൊച്ചി | കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഗാനമേളക്കിടെ തിക്കിലും തിരക്കിലും നാല് പേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം. ആലുവ റൂറല്‍ എസ്പിക്കും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്കുമാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഹാളിലേക്ക് പ്രവേശിക്കാന്‍ ഒരു വാതില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2500 പേര്‍ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തില്‍ ഒരു വാതില്‍ മാത്രമുണ്ടായത് പിഴവാണ്. പോലീസ് സുരക്ഷയും ഉണ്ടായിരുന്നില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസമി പരാതിയില്‍ ഉന്നയിക്കുന്നു.
അതേ സമയം, 25 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ചികത്സയിലുള്ളത് 18 പേര്‍. ഐസിയുയില്‍ ഉള്ളത് ഏഴ് പേര്‍. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്.