Kerala
ശബരിമലയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിൽ വീഴ്ചപറ്റിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ആരെയും കുറ്റപ്പെടുത്താനില്ലെന്നും വരും വര്‍ഷങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ശ്രമിക്കുമെന്നും പി.എസ്. പ്രശാന്ത്
ശബരിമല | ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ വീഴ്ചപറ്റിയത് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അത് തങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. ഇതില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും വരും വര്‍ഷങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ ശ്രമിക്കുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
അതേസമയം ഭക്തര്‍ക്ക് മേല്‍ പോലീസ് അനാവശ്യമായി ഉണ്ടാക്കിയ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒഴിഞ്ഞ് മാറി. മകരവിളക്ക് ദര്‍ശനത്തിന് എത്തിയിട്ടുള്ള തീര്‍ത്ഥാടകര്‍ക്ക് എല്ലാവര്‍ക്കും മൂന്ന് നേരവും അന്നദാനം നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബോര്‍ഡ് മെമ്പര്‍മാരായ ജി. സുന്ദരേശന്‍, അഡ്വ. എ. അജികുമാര്‍ എന്നിവരും പങ്കെടുത്തു.