Editorial
യുദ്ധത്തിരി കൊളുത്തി യു എസ്, പിന്നെ പിന്മാറ്റം
യുക്രൈന്‍-റഷ്യ പ്രശ്നം ഊതിക്കത്തിച്ച് യുദ്ധത്തിലേക്കെത്തിച്ച അമേരിക്ക ഇപ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട് യുക്രൈന്‍. ആയുധങ്ങള്‍ നല്‍കി സഹായിക്കുകയല്ലാതെ യുക്രൈനു വേണ്ടി യു എസോ നാറ്റോ രാജ്യങ്ങളോ നേരിട്ടു രംഗത്തിറങ്ങാന്‍ സാധ്യതയില്ല.
ഒടുവില്‍ അത് സംഭവിച്ചു. റഷ്യ യുക്രൈനെ കടന്നാക്രമിച്ചു. യുക്രൈനില്‍ സൈനിക ഓപറേഷന് ഉത്തരവിട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് റഷ്യയുടെ കര, വ്യോമ, നാവിക സേനകള്‍ ഒന്നിച്ച് യുക്രൈനെതിരെ ആക്രമണം തുടങ്ങിയത്. ഇന്നലെ പുലര്‍ച്ചെ ടെലിവിഷന്‍ ചാനലിലൂടെയായിരുന്നു പുടിന്‍ യുദ്ധ പ്രഖ്യാപനം നടത്തിയത്. യുക്രൈന്‍ സൈന്യം തിരിച്ചടിക്കു മുതിരാതെ ആയുധം വെച്ച് കീഴടങ്ങണമെന്നും അല്ലാത്തപക്ഷം വന്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘റഷ്യക്ക് കേവലം ഒരു അയല്‍ രാഷ്ട്രമല്ല യുക്രൈന്‍. റഷ്യയുടെ സ്വന്തം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമാണ് യുക്രൈനെ’ന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ റഷ്യ സൈനികാഭ്യാസവും വിന്യാസവും തുടങ്ങിയിട്ട് മാസങ്ങളായി. യുക്രൈനെ അക്രമിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും സൈനികാഭ്യാസങ്ങള്‍ക്ക് ശേഷം സൈനികര്‍ അവരുടെ കേന്ദ്രങ്ങളിലേക്ക് തിരികെ പോകുമെന്നുമായിരുന്നു റഷ്യ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ റഷ്യ ഫെബ്രുവരിയില്‍ യുക്രൈന്‍ അക്രമിക്കുമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളുടെ സഹായത്തോടെ യു എസ് മനസ്സിലാക്കുകയും അക്കാര്യം ലോകത്തെ ഉണര്‍ത്തുകയും ചെയ്തപ്പോള്‍ അമേരിക്ക വെറുതെ ഭീതി പരത്തുകയാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം. എന്നാല്‍ യു എസിന്റെ മുന്നറിയിപ്പ് യാഥാര്‍ഥ്യമായിരിക്കുകയാണ് ഇപ്പോള്‍.
യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ നവനാസികളും തീവ്ര വലതുപക്ഷ വാദികളും ശക്തിപ്രാപിക്കുകയാണെന്നും അവരെ നേരിടുന്നതിനാണ് സൈനിക നടപടിയെന്നുമാണ് പുടിന്റെ വാദം. എന്നാല്‍ നാറ്റോയുമായുള്ള യുക്രൈന്റെ ബന്ധമാണ് പ്രശ്നത്തിന്റെ യഥാര്‍ഥ കാരണം. യുക്രൈന്‍ വൈകാതെ നാറ്റോയില്‍ അംഗമാകുമെന്ന വിവരമാണ് പുടിനെ അസ്വസ്ഥമാക്കുന്നത്. രണ്ടാം ലോകമഹായുദ്ധാനന്തരം 1949ല്‍ സോവിയറ്റ് യൂനിയനെ വരുതിയിലാക്കാനായി അമേരിക്കയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ചതാണ് നാറ്റോ എന്ന സൈനിക കൂട്ടായ്മ. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ആരെയും ഇതില്‍ ചേര്‍ക്കില്ലെന്ന് നാറ്റോ നേതൃത്വം നേരത്തേ സോവിയറ്റ് യൂനിയന് വാക്കുനല്‍കിയിരുന്നെങ്കിലും അമേരിക്കയും കൂട്ടാളികളും അത് പലവുരു ലംഘിക്കുകയും സോവിയറ്റ് യൂനിയന്‍ വിട്ടുവന്ന പല രാജ്യങ്ങള്‍ക്കും പിന്നീട് നാറ്റോയില്‍ അംഗത്വം നല്‍കുകയുമുണ്ടായി. റഷ്യയുമായി വന്‍തോതില്‍ അതിര്‍ത്തി പങ്കിടുന്ന യുക്രൈന്‍ നാറ്റോയുടെ ഭാഗമായാല്‍ പാശ്ചാത്യന്‍ ശക്തികള്‍ക്ക് റഷ്യയെ അക്രമിക്കാന്‍ എളുപ്പമാണെന്ന് പുടിന്‍ ഭയപ്പെടുന്നു. ഇതാണ് ഒരു യുദ്ധത്തിലേക്ക് എടുത്തുചാടാന്‍ റഷ്യയെ പ്രേരിതമാക്കിയത്.
അതിര്‍ത്തി കടന്നുള്ള റഷ്യന്‍ ആക്രമണത്തെ നാറ്റോ സഖ്യത്തിന്റെ സഹായത്തോടെ പ്രതിരോധിക്കാനാകുമെന്നാണ് യുക്രൈന്റെ അവകാശവാദം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ട്വീറ്റിലൂടെ അറിയിക്കുകയും ചെയ്തു. യുക്രൈന്‍ അവരുടെ സര്‍വശക്തിയും ഉപയോഗിച്ച് റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. റഷ്യന്‍ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്റ്ററുകളും യുക്രൈന്‍ സൈന്യം തകര്‍ത്തതായും 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായുമാണ് വിവരം. എന്നാല്‍ വന്‍ ശക്തിയായ റഷ്യയെ അധിക സമയം നേരിടാന്‍ യുക്രൈന് സാധിക്കില്ല. റഷ്യക്ക് എട്ടര ലക്ഷത്തോളം സൈനികര്‍ ഉള്ളപ്പോള്‍ രണ്ട് ലക്ഷം മാത്രമാണ് യുക്രൈന്റെ സൈനികബലം. റഷ്യക്ക് 4,173 യുദ്ധവിമാനങ്ങളും 605 യുദ്ധക്കപ്പലുകളും 12,420 ടാങ്കുകളും ഉള്ളപ്പോള്‍ യുക്രൈന് യഥാക്രമം 318ഉം 68ഉം 2,596ഉം മാത്രം. ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയാണ് റഷ്യ. യുക്രൈന്‍ 22ാമത്തെ ശക്തിയും.
ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്കയും നാറ്റോയും വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടെന്തായിരിക്കും എന്നാണ് ഈ സമയം ലോകം ഉറ്റുനോക്കുന്നത്. ആയുധങ്ങള്‍ നല്‍കി സഹായിക്കുകയല്ലാതെ യുക്രൈനു വേണ്ടി യു എസോ നാറ്റോ രാജ്യങ്ങളോ നേരിട്ടു രംഗത്തിറങ്ങാന്‍ സാധ്യതയില്ല. രാഷ്ട്രീയമായി ഭിന്നതയുണ്ടെങ്കിലും ശക്തമായ വ്യാപാരബന്ധമുണ്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയുമായി. റഷ്യയില്‍ നിന്നാണ് ഇവര്‍ ഇന്ധനവാതകങ്ങള്‍ കൂടുതലായും വാങ്ങുന്നത്. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ഇന്ധനവാതകത്തിന്റെ മൂന്നിലൊന്നും റഷ്യയില്‍ നിന്നാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യത്തിനു ഇന്ധനമില്ലാതെ പ്രയാസത്തിലുമാണ്. അതുകൊണ്ട് നേരിട്ട് യുദ്ധത്തില്‍ ഭാഗഭാക്കാകാതെ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന ഭീഷണിയില്‍ ഒതുക്കിയിരിക്കുകയാണ് അവരുടെ സഹായം. റഷ്യക്കെതിരെ സംയുക്ത സൈനിക നീക്കം നടത്തേണ്ടതില്ലെന്നാണ് നാറ്റോയുടെ നിലപാട്. റഷ്യക്കെതിരെ സൈനികശക്തി പ്രയോഗിച്ചാല്‍ അതിന്റെ പ്രത്യാഘാതവും നഷ്ടവും ചെറുതായിരിക്കില്ലെന്നും അമേരിക്കക്ക് നന്നായറിയുകയും ചെയ്യാം. അഫ്ഗാനിലെയും ഇറാഖിലെയും സൈനികാധിനിവേശത്തില്‍ നിന്ന് അവര്‍ നന്നായി പാഠം പഠിച്ചതുമാണ്. തോല്‍വിക്കു സമാനമായിരുന്നല്ലോ രണ്ടിടത്ത് നിന്നുമുള്ള യു എസ് സൈന്യത്തിന്റെ പിന്മാറ്റം.
യുക്രൈന്‍-റഷ്യ അതിര്‍ത്തിയിലെ പ്രശ്നം ഊതിക്കത്തിച്ച് യുദ്ധത്തിലേക്കെത്തിച്ച അമേരിക്ക ഇപ്പോള്‍ കാഴ്ചക്കാരായി മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട് യുക്രൈന്‍. ഇന്ത്യയും റഷ്യയും തമ്മില്‍ നല്ല ബന്ധത്തിലായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റുമായും യുക്രൈന്‍ പ്രസിഡന്റുമായും പ്രശ്നപരിഹാരത്തിനായി സംസാരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസിഡര്‍ ഇഗോര്‍ പോളിക ആവശ്യപ്പെട്ടു. പുടിനെ സ്വാധീനിക്കാനാകുന്ന നേതാവാണ് മോദിയെന്നും ഡല്‍ഹിയില്‍ നിന്ന് കൊണ്ട് അദ്ദേഹത്തിന് പ്രശ്നം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും ഇഗോര്‍ പോളിക പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം ഇന്ത്യ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വിഷയത്തെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തില്‍ വ്യക്തമായൊരു തീരുമാനത്തിലെത്തിയിട്ടില്ല രാജ്യം.