Uae
ശഅ്ബാന്‍ പതിനഞ്ച് ആഘോഷിക്കുന്നതിന്റെ വിധി വ്യക്തമാക്കി യു എ ഇ ഫത്‌വ കൗണ്‍സില്‍
ശഅ്ബാന്‍ മധ്യത്തിലെ രാത്രി ആഘോഷിക്കുന്നത് വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ അനുവദനീയമാണെന്നാണ് ഫത് വ കൗണ്‍സില്‍ വിശദമാക്കിയത്.

അബൂദബി | ശഅ്ബാന്‍ മാസത്തിന്റെ മധ്യത്തിലെ രാത്രി ആഘോഷിക്കുന്നതിന്റെയും പ്രത്യേക ആരാധനകളില്‍ ഏര്‍പ്പെടുന്നതിന്റെയും വിധി എമിറേറ്റ്‌സ് കൗണ്‍സില്‍ ഫോര്‍ ശരീഅ ഫത്‌വ വ്യക്തമാക്കി. ‘ഹഖ് അല്‍ ലൈല’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ശഅ്ബാന്റെ മധ്യത്തിലെ രാത്രി ആഘോഷിക്കുന്നത് അനുവദനീയമാണ് എന്നാണ് കൗണ്‍സില്‍ വിശദമാക്കിയത്. ഇത് സമൂഹത്തിലെ ആചാരങ്ങളില്‍ ഒന്നാണ്. ഈ രാത്രിയില്‍ സന്തോഷത്തോടെ സമ്മാനങ്ങള്‍ നല്‍കുന്നതും അനുവദനീയമാണ്.
ശഅ്ബാന്‍ മധ്യത്തിലെ രാത്രി ആഘോഷിക്കുന്നത് വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ അനുവദനീയമാണെന്നാണ് ഫത് വ കൗണ്‍സില്‍ വിശദമാക്കിയത്.
കുടുംബത്തിനും സമൂഹത്തിനും സന്തോഷം നല്‍കി വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിച്ച് നല്ല ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നത് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കര്‍മം കൂടിയാണ്. ശഅ്ബാന്‍ മധ്യത്തിലെ രാത്രിയുടെ ശ്രേഷ്ഠത വിശദീകരിക്കുന്നതില്‍ സഹാബിമാരുടെയും അവരുടെ പിന്‍ഗാമികളുടെയും അനുയായികളുടെയും ഇമാമുമാരുടെയും വിവരണങ്ങളും കൗണ്‍സില്‍ വിശദമാക്കി. ശഅ്ബാന്‍ മധ്യത്തിലെ രാത്രിയില്‍ ദൈവദൂതന്‍ രാത്രിയില്‍ എഴുന്നേറ്റു പ്രാര്‍ഥിക്കുകയും സുജൂദ് ദീര്‍ഘിപ്പിക്കുകയും ചെയ്തതായുള്ള സത്യവിശ്വാസികളുടെ മാതാവ് ആഇശ (റ)യില്‍ നിന്ന് ആധികാരികമായി വന്ന റിപോര്‍ട്ടും അബൂബക്കര്‍ (റ) നിവേദനം ചെയ്ത റിപ്പോര്‍ട്ടും ഫത്‌വ കൗണ്‍സില്‍ ഉദ്ധരിച്ചു.
പ്രാര്‍ഥനകള്‍ നടത്തിയും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും അന്നേ ദിവസം നോമ്പ് നോറ്റും ആരാധനയോടെ അത് പുനരുജ്ജീവിപ്പിക്കുക എന്നത് പ്രധാനപ്പെട്ടതാണെന്നും ഫത്‌വയില്‍ വ്യക്തമാക്കി. പ്രാര്‍ഥനകള്‍ നിരസിക്കപ്പെടാത്ത അഞ്ച് രാത്രികളില്‍ ഈ ദിവസം ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാത്രി, റജബിലെ ആദ്യരാവ്, രണ്ട് ഈദുകളുടെ രാത്രികള്‍ എന്നിവയാണ് മറ്റു ദിവസങ്ങള്‍ എന്നും ഫത്‌വയില്‍ വിശദീകരിച്ചു.
പ്രതിഫലം പ്രതീക്ഷിച്ച് ഈ രാത്രി ആഘോഷിക്കുന്നത് അനുവദനീയവും മിക്ക പണ്ഡിതന്മാര്‍ക്കിടയിലും യോജിപ്പുള്ള കാര്യവുമാണ് എന്നും അത് വ്യക്തമാക്കുന്നു.