Uae Covid Restrictions
ജനുവരി മുതല്‍ യു എ ഇ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
ജനുവരി മൂന്ന് മുതല്‍ രാജ്യത്തെ ഫെഡറല്‍ ഓഫീസുകളില്‍ അല്‍ ഹുസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ
അബൂദബി | യു എ ഇ യില്‍ കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. ജനുവരി മൂന്ന് മുതല്‍ രാജ്യത്തെ ഫെഡറല്‍ ഓഫീസുകളില്‍ അല്‍ ഹുസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് പുറമെ ജീവനക്കാര്‍ക്കും ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. എല്ലാ എമിറേറ്റുകളിലേയും ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഈ നിയമം ബാധകമാണെന്ന് വാം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വാക്‌സിനുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട ജീവനക്കാര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയും ആരോഗ്യ- പ്രതിരോധ മന്ത്രാലയവും സംയുക്തമായി അറിയിച്ചു. കൊവിഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ആളുകളുടെ പരിശോധനയുടെയും വാക്‌സിനേഷന്‍ നിലയുടെയും ട്രാക്ക് സൂക്ഷിക്കുന്നതിനുമായി ആരോഗ്യ- പ്രതിരോധ മന്ത്രാലയമാണ് ഗ്രീന്‍ പാസ് നടപടിക്രമങ്ങള്‍ അവതരിപ്പിച്ചത്.
യു എ ഇയില്‍ നിന്നും ഏതെങ്കിലും അംഗീകൃത കൊവിഡ് വാക്സിന്‍ രണ്ട് ഡോസുകള്‍ സ്വീകരിച്ച പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്കാണ് അല്‍ ഹുസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുക. ഗ്രീന്‍ സ്റ്റാറ്റസ് സജീവമായി തുടരാന്‍ രണ്ടാമത്തെ കുത്തിവെപ്പ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് ആവശ്യമാണ്. മൂന്ന് കുത്തിവെപ്പും സ്വീകരിച്ചവര്‍ക്ക് ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിന് ഓരോ 14 ദിവസത്തിലും പി സി ആര്‍ പരിശോധന ആവശ്യമാണ്. വാക്സിനേഷനില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആളുകള്‍ക്ക് അവരുടെ ആപ്പില്‍ സ്റ്റാറ്റസ് പച്ചയാണെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവേശനം അനുവദിക്കും. എന്നാല്‍ അവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ പരിശോധന നടത്തണം. 16 വയസ്സിന് താഴെയുള്ള കുട്ടികളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.