Ongoing News
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ച് യു എ ഇ
അബൂദബി | വീടുകളില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍, സാമൂഹിക ഒത്തുചേരലുകള്‍, വിവാഹം, സംസ്‌കാര ചടങ്ങുകള്‍ മുതലായവക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി യു എ ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മന്റ് ഔദ്യോഗിക വക്താവ് ഡോ. താഹിര്‍ അല്‍ അമീരി അറിയിച്ചു. വീടുകളില്‍ നടത്തുന്ന ചടങ്ങുകള്‍ക്ക് പരമാവധി 80 ശതമാനം പേരെ പങ്കെടുപ്പിക്കാവുന്നതാണ്. എന്നാല്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 60 കവിയരുത്. പുറമെ, 10 പേരെ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ജീവനക്കാരായി ഉപയോഗിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അല്‍ ഹുസന്‍ ആപ്പിലെ സ്റ്റാറ്റസ് പ്രകാരം ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്.
പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും 48 മണിക്കൂറിനിടയില്‍ നേടിയ പി സി ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. സന്ദര്‍ശകരുടെ ശരീരോഷ്മാവ് പരിശോധിക്കണം. മാസ്‌കുകളുടെ ഉപയോഗം, അണുനശീകരണം മുതലായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരക്കൊഴിവാക്കുന്നതിനുള്ള നടപടികള്‍ ഉറപ്പ് വരുത്തുന്നതിന് പുറമെ സന്ദര്‍ശകരുടെ സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതും, ഹസ്തദാനം പോലുള്ള ഉപചാര രീതികള്‍ ഒഴിവാക്കേണ്ടതുമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍, പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവര്‍ മുതലായവര്‍ക്ക് ഇത്തരം ചടങ്ങുകളില്‍ പ്രവേശനം നല്‍കരുത്.