Connect with us

Uae

ബാക്ക്-ടു-സ്‌കൂള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം

വിദ്യാര്‍ഥികള്‍ക്ക് സുഗമവും സൗകര്യപ്രദവുമായ ദൈനംദിന യാത്രാമാര്‍ഗം ഉറപ്പാക്കാന്‍ ഏറ്റവും വലിയ ഫീല്‍ഡ് സര്‍വേ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

Published

|

Last Updated

ദുബൈ | യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ബാക്ക്-ടു-സ്‌കൂള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. പുതിയ അധ്യയന വര്‍ഷത്തില്‍ 12 പുതിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കും. 13 എണ്ണം സമഗ്രമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറക്കും. രാജ്യത്തെ 311 പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ആയിരക്കണക്കിന് സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തിയതായും വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ഖാസിം പറഞ്ഞു.

പരീക്ഷകള്‍ക്ക് പകരം പ്രോജക്റ്റ് അധിഷ്ഠിത മൂല്യനിര്‍ണയവും യു എ ഇ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 11 മുതല്‍ 13 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ചില പരീക്ഷകള്‍ക്ക് പകരം പ്രോജക്റ്റ് അധിഷ്ഠിത മൂല്യനിര്‍ണയ സംവിധാനവും നടപ്പാക്കും.

ആറ് മുതല്‍ എട്ട് വരെ ഗ്രേഡ് വിദ്യാര്‍ഥികള്‍ക്കാണ് സൈദ്ധാന്തിക പരിജ്ഞാനം പ്രായോഗികമാക്കുന്ന പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി സാറാ അല്‍ അമീരി പറഞ്ഞു. സൈക്കിള്‍ 2 വിദ്യാര്‍ഥികള്‍ക്ക് രണ്ടാം ടേം സെന്‍ട്രല്‍ ടെസ്റ്റ് ഒഴിവാക്കും. പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂള്‍ ബസുകളില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടത്തി. ഈ വര്‍ഷം 5,000 സ്‌കൂള്‍ ബസുകള്‍ ലഭ്യമാക്കി.വിദ്യാര്‍ഥികള്‍ക്ക് സുഗമവും സൗകര്യപ്രദവുമായ ദൈനംദിന യാത്രാമാര്‍ഗം ഉറപ്പാക്കാന്‍ ഏറ്റവും വലിയ ഫീല്‍ഡ് സര്‍വേ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

പൊതുവിദ്യാലയങ്ങളില്‍ പ്രാഥമികമായി യു എ ഇ പൗരന്മാരാണ് പഠിക്കുന്നത്. എന്നാല്‍ താമസക്കാരുടെ ചില കുട്ടികളെയും സ്വീകരിക്കുന്നുണ്ട്. ഇമാറാത്തി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസം സൗജന്യമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഫീസ് നല്‍കണം.