Connect with us

sultan al neyadi

ഹീറോയെ വരവേറ്റ് യു എ ഇ

പ്രസിഡൻഷ്യൽ വിമാനത്തിൽ അബൂദബി വിമാനത്താവളത്തിൽ ഇറങ്ങിയ ഹീറോയെ സ്വീകരിക്കാൻ രാഷ്ട്ര നേതാക്കൾ എത്തി.

Published

|

Last Updated

അബൂദബി | ആറ് മാസക്കാലം ബഹിരാകാശത്ത് പാറിയ യു എ ഇ പതാകയുമേന്തി, സുൽത്താൻ അൽ നെയാദി സ്വന്തം മണ്ണിൽ. അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി യു എ ഇയിൽ തിരിച്ചെത്തിയ അൽ നെയാദിയെ ജന്മനാട് വീരോചിതമായാണ് വരവേറ്റത്. യു എ ഇ സമയം അഞ്ച് മണിക്ക് അൽ ഐൻ എന്ന പ്രസിഡൻഷ്യൽ വിമാനത്തിൽ അബൂദബി വിമാനത്താവളത്തിൽ ഇറങ്ങിയ ഹീറോയെ സ്വീകരിക്കാൻ രാഷ്ട്ര നേതാക്കൾ എത്തി.

പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം എന്നിവർ അദ്ദേഹത്തെ അബൂദബി എയർപോർട്ടിൽ സ്വീകരിച്ചു. താൻ ബഹിരാകാശത്തേക്ക് കൊണ്ടുപോയ യു എ ഇ പതാക ശൈഖ് മുഹമ്മദ് ബിൻ സായിദിന് അൽ നെയാദി സമ്മാനിച്ചു. അൽ നെയാദിയുമായും കുടുംബവുമായും ഇരു നേതാക്കളും ആശയവിനിമയം നടത്തി. അദ്ദേഹത്തിന്റെ കൊച്ചുകുട്ടികൾക്ക് രാഷ്ട്ര നേതാക്കളുടെ സമീപമാണ് സീറ്റൊരുക്കിയത്. യു എ ഇ പ്രസിഡന്റ് തിരക്കുകൾക്കിടയിലും കുട്ടികളുമായി സംസാരിക്കുന്നതും അവരുടെ ശിരോവസ്ത്രങ്ങൾ ശരിയാക്കുന്നതും കാണാമായിരുന്നു.

ബഹിരാകാശ അഭിലാഷങ്ങളുടെ സ്വപ്നത്തേരിൽ ജനതയെ യാത്ര ചെയ്യിച്ച ഇമാറാത്തി ബഹിരാകാശ സഞ്ചാരി മേഖലയിൽ സൃഷ്ടിച്ച അലയൊലിയുടെ പതിപ്പ് എയർപോർട്ടിൽ ദർശിക്കാമായിരുന്നു. നേതാക്കൾക്കും പ്രമുഖർക്കും ഒപ്പം ആബാലവൃദ്ധം ജനത മർഹബ, യാ സുൽത്താൻ ആലപിച്ച് അദ്ദേഹത്തെ വരവേറ്റു. എയർപോർട്ട് ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗത്ത് ഉയർത്തിയ ഭീമാകാരമായ പരസ്യബോർഡിൽ സുൽത്താൻ അൽ നെയാദിയുടെ ചിത്രം പ്രകാശിച്ചു കൊണ്ടിരുന്നു. 42 കാരനായ സുൽത്താൻ അൽ നെയാദി അതുല്യമായ ബഹിരാകാശ സ്വപ്നങ്ങൾക്ക് ആണ് ചിറക് മുളപ്പിച്ചത്. ഏകദേശം 4,400 മണിക്കൂർ ബഹിരാകാശത്ത് ചെലവഴിച്ചു. പരിക്രമണ ഔട്ട്‌പോസ്റ്റിൽ നിന്ന് പുറത്തുകടന്ന ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരി, 585 മണിക്കൂർ സമയത്തിൽ 200-ലധികം പരീക്ഷണങ്ങൾ, നിരവധി ഔട്ട് റീച്ച് പ്രോഗ്രാമുകൾ… തിളക്കങ്ങളേറെയുള്ള നേട്ടവുമായാണ് അദ്ദേഹം സ്വന്തം മണ്ണിലേക്ക് കടന്നുവന്നത്.

വിമാനത്താവളത്തിൽ നൂറുകണക്കിന് കുട്ടികൾ, അൽ നെയാദിയുടെ പോസ്റ്ററുകൾ ഉയർത്തിയും ബഹിരാകാശയാത്രികരുടെ വേഷം ധരിച്ചുമാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. വിമാനത്താവളത്തിൽ കൂടിയിരിക്കുന്ന മുതിർന്നവരെ കാണാനും അഭിവാദ്യം ചെയ്യാനും അദ്ദേഹം തയ്യാറായി. തുടർന്ന് മാധ്യമ പ്രവർത്തകരോട് ദീർഘനേരം സംവദിക്കുകയും ചെയ്തു. അൽ നെയാദിയെ സ്വാഗതം ചെയ്യുന്നതിൽ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,  അഗാധമായ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ബഹിരാകാശ പര്യവേക്ഷണ അഭിലാഷങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടത്തിൽ യു എ ഇയിലെ ജനങ്ങൾ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു.

സുൽത്താൻ അൽ നെയാദിയുടെ ദൗത്യം യു എ ഇയുടെ ശാസ്ത്രവികസന പ്രക്രിയയിലെ പ്രധാന നാഴികക്കല്ലിനെ പ്രതിനിധീകരിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. കൂടുതൽ ബഹിരാകാശയാത്രികരെ അയയ്‌ക്കാനുള്ള പദ്ധതികൾ തുടരും. ബഹിരാകാശത്തും ഭൂമിയിലും ദൈവേച്ഛയോടെ കൂടുതൽ ശാസ്ത്രീയവും ഗവേഷണപരവും പര്യവേക്ഷണപരവുമായ പദ്ധതികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പൗര പ്രമുഖർ, യു എ ഇയുടെ ബഹിരാകാശ സഞ്ചാരികളായ ഹസ്സ അൽ മൻസൂരി, മുഹമ്മദ് അൽ മുല്ല, നൂറ അൽ മത്രൂശി എന്നിവരും സ്വീകരണത്തിൽ പങ്കുകൊണ്ടു.

Latest