National
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്രത്തിന്റെ തീരുമാനം യുഎപിഎ ട്രിബ്യൂണല്‍ ശരിവച്ചു
പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളുടെ നിരോധനവും ശരിവച്ചു.
ന്യൂഡല്‍ഹി| പോപ്പുലര്‍ ഫ്രണ്ട് നിരോധനം യു എ പി എ ട്രൈബ്യൂണല്‍ ശരിവെച്ചു. 2022 സെപ്റ്റംബര്‍ 28-നാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നത്.ജസ്റ്റിസ് ദിനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ട്രൈബ്യൂണലിന്റേതാണ് നടപടി.
കഴിഞ്ഞ സെപ്റ്റംബറില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നിവയുള്‍പ്പെടെ എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു.
സംഘടന തീവ്രവാദ പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തിയിട്ടുണ്ടെന്ന് നിരോധന ഉത്തരവില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി സംഘടനയ്ക്ക് ബന്ധമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.