russia-ukraine peace talk
യുക്രൈന്‍- റഷ്യ വിദേശകാര്യ മന്ത്രിമാര്‍ നാളെ ചര്‍ച്ച നടത്തും
തുര്‍ക്കി പ്രസിഡന്റ് റജപ് ത്വയ്യിബ് ഉര്‍ദുഗാനാണ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുന്നത്.
കീവ്/ മോസ്‌കോ | യുക്രൈനിന്റെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ നാളെ തുര്‍ക്കിയില്‍ വെച്ച് ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കി പ്രസിഡന്റ് റജപ് ത്വയ്യിബ് ഉര്‍ദുഗാനാണ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് ഇസ്‌റാഈല്‍ പ്രതിനിധികളും പറഞ്ഞിട്ടുണ്ട്.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റും മധ്യസ്ഥത ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായി ഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തിരുന്നു.
യുക്രൈനില്‍ ഭരണ അട്ടിമറി തങ്ങളുടെ ലക്ഷ്യമല്ലെന്ന് റഷ്യ അറിയിച്ചിരുന്നു. യുക്രൈന്റെ സൈനികവത്കരണവും നാസിവത്കരണവും ഇല്ലാതാക്കുകയാണ് തങ്ങളുടെ താത്പര്യമെന്ന് റഷ്യ പറയുന്നു. ക്രൈമിയ റഷ്യയുടെ ഭാഗമാണെന്ന് അംഗീകരിക്കുക, റഷ്യക്കാര്‍ പിന്തുണക്കുന്ന ലുഹാന്‍സ്‌ക്, ഡൊണെട്‌സ്‌ക് മേഖലകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുക എന്നിവയാണ് റഷ്യ യുക്രൈന് മുന്നില്‍ വെച്ച ആവശ്യങ്ങള്‍.