Connect with us

prathivaram story

അടിപ്പാത

ഏതാനും ചുവടുകൾ മുന്നോട്ട് നീങ്ങിയപ്പോൾ അയാൾ പെട്ടെന്ന് ഓടി അടിപ്പാതയുടെ മറുഭാഗത്തു ചെന്നു നിന്നു. എന്താ ഇങ്ങനെ..., സാധാരണ മനസ്സിന് ആവുമോ.... കുഞ്ഞുങ്ങളെ കൊല്ലാൻ...

Published

|

Last Updated

നിഴലാവാതെ മകനെ ചേർത്ത് പിടിച്ച് അയാൾ നടന്നു. ചിലപ്പോഴൊക്കെ കാറ്റ് തട്ടിമാറ്റാൻ ശ്രമിക്കുന്നുണ്ട്. പ്രതിരോധം തീർത്ത് മുന്നോട്ട് നീങ്ങി. അയാളുടെ തലയ്ക്കു മീതെ നിന്നും പൂർണമായും കുട മാറിയപ്പോൾ രണ്ട് പേരെയും കടന്നുപോയ ഒരാൾ ചോദിച്ചു.
“ഇതെന്താ…. നിങ്ങൾക്ക് വെയിൽ കൊള്ളുന്നില്ലേ…’
“മക്കൾക്ക്‌ തണലാവാൻ വെയിൽ കൊള്ളണ്ടേ…’
അയാൾ ചിരിച്ചുകൊണ്ട് ഉത്തരമായി.

അതിവേഗ റോഡിന്റെ അടിപ്പാതയിലേക്ക് പടവിറങ്ങുമ്പോൾ കുട മടക്കിപ്പിടിച്ച് മകന്റെ തലയിൽ കൈവെച്ചു.”ഇല്ല വെയിൽ കൊണ്ടിട്ടില്ല… ‘. അയാൾ ആശ്വാസത്തിന്റെ തണലിലേക്ക് മാറിനിന്നു.

ഏതാനും ചുവടുകൾ മുന്നോട്ട് നീങ്ങിയപ്പോൾ അയാൾ പെട്ടെന്ന് ഓടി അടിപ്പാതയുടെ മറുഭാഗത്തു ചെന്നു നിന്നു. “എന്താ ഇങ്ങനെ…, സാധാരണ മനസ്സിന് ആവുമോ…. കുഞ്ഞുങ്ങളെ കൊല്ലാൻ…’
കിതപ്പ് കയറിയ ആലോചനയിലൂടെ പിറകിലേക്ക് പാളി നോക്കി. വീണ്ടും കൈ കുടഞ്ഞ് അയാൾ ശ്രദ്ധിച്ചു.
” മോനെവിടെ…’
“കണ്ട് പിടിച്ചേ…’. ഇരുളിൽ ആണ്ട് പോയ അയാളെ മകൻ ഉയർത്തിപ്പിടിച്ചു.
“വാപ്പയെന്തേഓടിയത്…’
“അതോ…’
കുട നിവർത്തിപ്പിടിക്കാനുള്ള ശ്രമത്തിൽ മറുപടി നിവരാതെ പോയി.
“എന്താ ഓടിയെ….’
“അത് വാപ്പ വലിയൊരു ചെകുത്താനെ കണ്ടു…’
അയാൾ മകനെ കോരിയെടുത്ത് കവിളിൽ തുരുതുരാ ഉമ്മവെച്ചു.

Latest