Kerala
കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറയ്ക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം
ഏറെ നിരാശാജനകവും മലബാറിലെ സാധാരണക്കാരായ ഹജ്ജ് തീര്‍ഥാടകരുടെ മുഖത്തടിക്കുന്നതുമാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ മറുപടിയെന്ന് ഹാരിസ് ബീരാന്‍ എം പി.

ന്യൂഡല്‍ഹി | കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിത വിമാനക്കൂലിയില്‍ മാറ്റമുണ്ടാവില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം.
കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളായ കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീര്‍ഥാടകര്‍ അമിത യാത്രക്കൂലി നല്‍കേണ്ടി വരുന്നതിനെ ചോദ്യം ചെയ്ത് ഹാരിസ് ബീരാന്‍ എം പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ ഡല്‍ഹിയില്‍ വച്ച് നേരില്‍ കണ്ടിരുന്നു. മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്‍ക്ക് താങ്ങാനാവാത്ത കൂലിയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് ബീരാന്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് സെക്രട്ടറിയുടെ വിശദീകരണം.
എം പി ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് വ്യോമയാന മന്ത്രാലയം അക്കമിട്ട് മറുപടി പറഞ്ഞു. ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ കാരണം വ്യത്യസ്ത എമ്പാര്‍ക്കേഷന്‍ പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് വ്യോമയാന സെക്രട്ടറി പറഞ്ഞു. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോഴിക്കോട്ടെ ഉയര്‍ന്ന വിമാന നിരക്കുകള്‍ ഭൂമിശാസ്ത്രപരമായ പരിമിതി (ടേബിള്‍-ടോപ്പ് റണ്‍വേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ്-ബോഡി വിമാന പ്രവര്‍ത്തനങ്ങളെ തടയുന്ന റണ്‍വേ നിയന്ത്രണങ്ങള്‍ എന്നിവ കാരണവും അതുവഴി സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണം കുറയുന്നത് മൂലവുമാണെന്ന് അദ്ദേഹം ന്യായീകരിച്ചു.
കോഴിക്കോട് നിന്നും 2024 ല്‍ ഹജ്ജിന് നിര്‍ദേശിക്കപ്പെട്ട തീര്‍ഥാടകരുടെ എണ്ണം 9,770 ആയിരുന്നുവെന്നും ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 ലെ ഹജ്ജിന് നിര്‍ദേശിക്കപ്പെട്ട തീര്‍ഥാടകരുടെ എണ്ണം 5,591 മാത്രമാണെന്നും സെക്രട്ടറി കണക്കുനിരത്തി. കോഴിക്കോട് നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടും വിമാന ടിക്കറ്റ് നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നത് വലിയ ഔദാര്യമായാണ് മന്ത്രാലയം മറുപടിയില്‍ സൂചിപ്പിക്കുന്നത്.
കൂടാതെ, ഹജ്ജ് എയര്‍ ചാര്‍ട്ടര്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ക്രമീകരണങ്ങള്‍ക്കുമായി ഒരു ഹജ്ജ് എയര്‍ ട്രാവല്‍ കമ്മിറ്റി (HATC) രൂപീകരിച്ചിട്ടുണ്ടെന്നും വ്യോമയാന സെക്രട്ടറി പറഞ്ഞു. ന്യൂനപക്ഷകാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുത്തിയാണ് എച്ച് എ സി ടി എ രൂപവത്ക്കരിച്ചിട്ടുള്ളത്. ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ഈ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സെക്രട്ടറി സൂചിപ്പിച്ചു.
എന്നാല്‍, ഏറെ നിരാശാജനകവും മലബാറിലെ സാധാരണക്കാരായ ഹജ്ജ് തീര്‍ഥാടകരുടെ മുഖത്തടിക്കുന്നതുമാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ മറുപടിയെന്ന് ഹാരിസ് ബീരാന്‍ എം പി പ്രതികരിച്ചു.