International
ഇസ്‌റാഈലിന് വന്‍ തുക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക
1.17 ലക്ഷം കോടി രൂപ പ്രതിരോധത്തിനായി ഇസ്‌റാഈലിന് അമേരിക്ക അനുവദിക്കുമെന്നാണ് അറിയിച്ചത്.
വാഷിങ്ടണ്‍| ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇസ്‌റാഈലിന് പൂര്‍ണ പിന്തുണയാണ് അമേരിക്ക നല്‍കുന്നത്. വന്‍ തുക സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 1.17 ലക്ഷം കോടി രൂപ പ്രതിരോധത്തിനായി ഇസ്‌റാഈലിന് അമേരിക്ക അനുവദിക്കുമെന്നാണ് അറിയിച്ചത്. ഇസ്‌റാഈല്‍-ഫലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്കിടെയാണ് ഇത്രയും വലിയ തുക സൈനിക സഹായമായി യുഎസ് അനുവദിച്ചത്.
അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കുള്ള പിന്തുണ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് സഹായം അനുവദിച്ചതെന്ന് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു. അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സഹായം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മെക്‌സിക്കോയുമായുള്ള അതിര്‍ത്തി ശക്തിപ്പെടുത്താനും കുടിയേറ്റം തടയാനും കൂടുതല്‍ പണം അനുവദിച്ചു. അതിര്‍ത്തി സുരക്ഷക്കായി 14 ബില്ല്യണ്‍ ഡോളറാണ് ചെലവാക്കുന്നത്. റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈന് സഹായമായി 61.4 ബില്യണ്‍ ഡോളറും അനുവദിക്കാന്‍ നിര്‍ദേശമുണ്ട്.
അതേസമയം, ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്‍മാരായ അമ്മയെയും മകളെയും വിട്ടയച്ചെന്ന് ഹമാസ് അറിയിച്ചു. മാനുഷിക പരിഗണനയുടെ പേരിലാണ് രണ്ടുപേരെയും മോചിപ്പിച്ചതെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചന തീരുമാനം.