federal reserve
പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി അമേരിക്ക; സാമ്പത്തിക പ്രതിസന്ധി ഭീതി
ഈ മാസം മാത്രം സിലിക്കണ്‍ വാലി, സിഗ്നേച്ചര്‍ എന്നീ ബേങ്കുകളാണ് അമേരിക്കയില്‍ തകര്‍ന്നത്.
വാഷിംഗ്ടണ്‍ | വീണ്ടും പലിശ നിരക്ക് ഉയര്‍ത്തി യു എസ് സെന്‍ട്രല്‍ ബേങ്ക്. രാജ്യത്ത് ബേങ്കുകള്‍ തുടര്‍ച്ചയായി തകരുന്ന വേളയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന ഭീഷണി നിലനില്‍ക്കെയാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. 0.25 ശതമാനം പോയിന്റാണ് പലിശ നിരക്ക് ഫെഡറല്‍ റിസര്‍വ് ഉയര്‍ത്തിയത്.
രാജ്യത്തെ ബേങ്കിംഗ് സിസ്റ്റം ശക്തമാണെന്ന് ഫെഡറല്‍ റിസര്‍വ് പറയുന്നു. ബേങ്കുകള്‍ തകര്‍ന്നത് കാരണം വരും മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ പ്രശ്‌നമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് വായ്പാ ചെലവ് വര്‍ധിപ്പിച്ചത്.
അതേസമയം, കഴിഞ്ഞ വര്‍ഷം മുതല്‍ പലിശ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിക്കുന്നത് ബേങ്കിംഗ് സംവിധാനത്തില്‍ സമ്മര്‍ദമുണ്ടാക്കിയിട്ടുണ്ട്. ഈ മാസം മാത്രം സിലിക്കണ്‍ വാലി, സിഗ്നേച്ചര്‍ എന്നീ ബേങ്കുകളാണ് അമേരിക്കയില്‍ തകര്‍ന്നത്. പലിശ നിരക്ക് ഉയര്‍ന്നത് കാരണമാണ് ഈ ബേങ്കുകള്‍ തകര്‍ന്നത്.