Connect with us

aathmeeyam

മാനവികതയുടെ സാർവത്രികത

1948 ഡിസംബര്‍ പത്തിനാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള നയരേഖ അംഗീകരിച്ചത്. എന്നാൽ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ത്യപ്രവാചകർ മുഹമ്മദ് നബി(സ്വ) ഹജ്ജ് വേളയിൽ നടത്തിയ അവിടുത്തെ വിശ്വപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തിൽ ലോകാവസാനം വരെയുള്ള സർവ മനുഷ്യരും കാത്തുസൂക്ഷിക്കേണ്ട മനുഷ്യാവകാശങ്ങളെ കുറിച്ച് വളരെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഭൗതിക ലോകം. വിവിധ മതങ്ങളും അനേകം ജാതികളും ഉപജാതികളും ഗോത്രങ്ങളും വർഗങ്ങളും വിശ്വാസമുള്ളവരും ഇല്ലാത്തവരുമെല്ലാം നിറഞ്ഞു നിൽക്കുന്ന കാഴ്ചകളാണ് ലോകത്ത് എവിടെയും. സാമൂഹിക ജീവിയായ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ വ്യവഹാരങ്ങൾക്കിടയിൽ ഇണക്കവും പിണക്കവും സ്വാഭാവികമാണ്. എന്നാൽ ചിലപ്പോൾ അത് തർക്കങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും രക്തച്ചൊരിച്ചിലുകളിലേക്കും വഴിവെക്കാറുണ്ട്. മനുഷ്യോത്പത്തി മുതൽ ലോകത്ത് എണ്ണമറ്റ സംഘട്ടനങ്ങളും യുദ്ധങ്ങളും കലഹങ്ങളും നടന്നിട്ടുണ്ട്. പ്രശ്നങ്ങൾ ഒഴിഞ്ഞ ഒരു കാലവും ഭൂമുഖത്ത് കഴിഞ്ഞു പോയിട്ടില്ല എന്നുതന്നെ പറയാം. ഓരോ യുദ്ധവും ധാരാളം ദുരിതങ്ങളുടെ പേമാരിയാണ് മാനവരാശിക്ക് ബാക്കിവെക്കുന്നത്. കൊടും നാശങ്ങൾ, കൂട്ടമരണങ്ങള്‍, കൂട്ടപ്പലായനങ്ങള്‍, അനാഥത്വം, വൈധവ്യം, ബലാത്സംഗം, അംഗവൈകല്യം, ഭക്ഷ്യക്ഷാമം, വിദ്യാഭ്യാസ നിഷേധം, അഭയാര്‍ഥി ക്യാന്പുകള്‍ തുടങ്ങിയ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന അനേകം കെടുതികൾ യുദ്ധത്തിന്റെ ബാക്കിപത്രങ്ങളാണ്.
യുദ്ധങ്ങൾ മാനവരാശിയുടെ നിലനിൽപ്പാണ് ചോദ്യം ചെയ്യുന്നത്. സഹജീവികളായ മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയാതെ പോകുന്നതാണ് കൊടുംക്രൂരതക്കും അറുകൊലക്കും പ്രേരകമാകുന്നത്. മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ചു കൊടുക്കാനും അവരെ അർഹിക്കുന്ന വിധത്തിൽ പരിഗണിക്കാനും സാധിക്കുന്നേടത്താണ് മനുഷ്യത്വം യാഥാർഥ്യമാകുന്നതും മാനവികത പൂത്തുലയുന്നതും. ബന്ധങ്ങളും ബാധ്യതകളും പരസ്‌പരം മനസ്സിലാക്കിയും സഹിച്ചും സഹകരിച്ചും മൂല്യങ്ങള്‍ ഉൾക്കൊണ്ടും ധാർമികതയില്‍ ഊന്നിയും ജീവിതം ക്രമപ്പെടുത്തുമ്പോഴാണ് യഥാർഥത്തില്‍ മാനവികത പ്രായോഗികമാകുന്നത്.

1948 ഡിസംബര്‍ പത്തിനാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള നയരേഖ അംഗീകരിച്ചത്. എന്നാൽ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ത്യപ്രവാചകർ മുഹമ്മദ് നബി(സ്വ) ഹജ്ജ് വേളയിൽ നടത്തിയ അവിടുത്തെ വിശ്വപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തിൽ ലോകാവസാനം വരെയുള്ള സർവ മനുഷ്യരും കാത്തുസൂക്ഷിക്കേണ്ട മനുഷ്യാവകാശങ്ങളെ കുറിച്ച് വളരെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് നബി(സ്വ) പൂർത്തീകരിച്ച് ലോകത്തിന് നൽകിയ വിശുദ്ധ ഇസ്‌ലാം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൽസ്വഭാവത്തിന്റെയും കാരുണ്യത്തിന്റെയും മതമാണ്. മാനുഷിക മൂല്യങ്ങളും ധാര്‍മികതയുമാണ് ഇസ്്ലാം ലോകത്തിന് പകർന്നു നല്‍കുന്നത്. ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും രാഷ്ട്രത്തിന്റെയും കുലമഹിമയുടെയും പേരിലുള്ള വൈജാത്യങ്ങളോ വേർതിരിവുകളോ പാർശ്വവത്കരിക്കലോ ഇസ്‌ലാമിലില്ല. മനുഷ്യരെല്ലാം ഒന്നാണ്, അവര്‍ ആദമിന്റെ സന്തതികളാണ്, അവരെല്ലാം ആദരവിന് അർഹരാണ് എന്നാണ് ഇസ്്ലാം പഠിപ്പിക്കുന്നത്. മനുഷ്യജീവന് ഏറെ പവിത്രത നൽകുന്നുമുണ്ട്. അല്ലാഹു പറയുന്നു: “നിശ്ചയം ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവർക്ക് നാം കടലിലും കരയിലും വാഹനങ്ങള്‍ നല്‍കി. ഉത്തമ പദാര്‍ഥങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളേക്കാള്‍ പ്രകടമായ ഔന്നത്യമരുളുകയും ചെയ്തു’ (ഇസ്റാഅ്: 70). മുസ്‌ലിം, അമുസ്‌ലിം എന്ന വേർതിരിവില്ലാതെ സർവരോടും നീതിപാലിക്കാനാണ് ഇസ്‌ലാമിന്റെ തേട്ടം. നീതിപാലിക്കുന്നതില്‍ മതമോ വര്‍ഗമോ വര്‍ണമോ മറ്റു പ്രത്യേകതകളൊന്നും പരിഗണിക്കാതെ സത്യത്തിന്റെയും നീതിയുടെയും പക്ഷത്തെ പിന്തുണക്കുകയണ് ഇസ്്ലാം ഏതു ഘട്ടങ്ങളിലും ചെയ്തത്. മദീനയില്‍ ജൂതന്മാരുമായി മുസ്‌ലിംകള്‍ കച്ചവടത്തിലേര്‍പ്പെടുകയും അവരോട് നല്ലനിലയില്‍ വര്‍ത്തിക്കുകയും അവരിൽ പെട്ട രോഗികളെ സന്ദർശിക്കുകയും അവർക്ക് ഉപഹാരങ്ങള്‍ നല്‍കുകയും അവരില്‍നിന്ന് ഉപഹാരങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നുവെന്ന് ധാരാളം ഹദീസുകളിൽ കാണാം. മരണസമയത്ത് നബി(സ)യുടെ പടയങ്കി ഒരു ജൂതന്റെ അടുക്കല്‍ പണയത്തിലായിരുന്നു ! (ബുഖാരി)

തിരുനബി(സ്വയും സച്ചരിതരായ ഭരണാധികാരികളും ഭരണം നടത്തിയ ഇടങ്ങളിലെല്ലാം യഹൂദ ക്രൈസ്തവ വിഭാഗങ്ങൾക്ക് മതസ്വാതന്ത്ര്യം നൽകുകയും അവരുടെ ആചാരാനുഷ്ഠാനങ്ങൾ പ്രകാരം ജീവിക്കാൻ അനുവദിക്കുകയും ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഒരിക്കലും അവരുടെ നാശം പ്രവാചകർ(സ്വ) കൊതിക്കുകയോ അവര്‍ക്കെതിരെ പ്രാര്‍ഥിക്കുകയോ ചെയ്തിരുന്നില്ല. ഇതര മതവിഭാഗങ്ങളോട് എങ്ങനെ വര്‍ത്തിക്കണമെന്നതിന് വ്യക്തമായ മര്യാദകളും രീതികളും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “മതകാര്യങ്ങളില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതികാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’ (മുംതഹിന: 8)

Latest