Connect with us

National

കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർമാണ കമ്പനി തുറക്കാൻ അനുമതി നൽകി യു പി സർക്കാർ

ഉസ്ബക്കിസ്ഥാനിൽ 65 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർമിച്ച കമ്പനിക്കാണ് വീണ്ടും പ്രവർത്തനാനുമതി

Published

|

Last Updated

ന്യൂഡൽഹി | ഉസ്ബക്കിസ്ഥാനിൽ 65 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർമിച്ച ഇന്ത്യൻ കമ്പനിക്ക് വീണ്ടും പ്രവർത്തനാനുമതി നൽകി ഉത്തർപ്രദേശ് സർക്കാർ. മാരിയൻ ബയോടെക് എന്ന മരുന്നുത്പാദന കമ്പനിക്കാണ് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഉസ്ബക്കിസ്ഥാൻ, ഗാംബിയ, കാമറൂൺ രാജ്യങ്ങളിലായി കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് 141 കുട്ടികൾ മരിച്ച സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള മൂന്ന് ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് മാരിയൻ ബയോടെക്.

ലോകാരോഗ്യ സംഘടന ഉൾപ്പെടെ വിവിധ ഏജൻസികൾ കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് കഫ്സിറപ്പാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ഉത്തർപ്രദേശ ഡ്രഗ്സ് കൺട്രോളർ കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയത്. ഇതിനെതിരെ കമ്പനി നൽകിയ അപ്പീൽ പരിഗണിച്ചാണ് ഡ്രെഗ്സ് കൺട്രോൾ ബോർഡ് കമ്പനിക്ക് നിബന്ധനകളോടെ പ്രവർത്തനാനുമതി നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കമ്പനി നിർമിക്കുന്ന മറ്റു മരുന്നുകളിൽ ഗുണനിലവാര കുറവ് കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ കമ്പനി നൽകിയ അപ്പീൽ സാമൂഹ്യ നീതിയുടെ അടിസസ്ഥാനത്തിൽ ഭാഗീകമായി പരിഗണിക്കുന്നുവെന്നും ഡ്രഗ്സ് കൺട്രോൾ ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. കഫ്സിറപ്പിലെ ചേരുവയായ പ്രൊപിലീൻ ഗ്ലൈക്കോൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ ഒഴികെ മറ്റെല്ലാ ഉൽപ്പന്നങ്ങളും നിർമ്മിക്കാനും വിൽക്കാനുമാണ് കമ്പനിക്ക് വീണ്ടും അനുമതി നൽകിയിരിക്കുന്നത്.

മാരിയൺ ബയോടെക് നിർമിച്ച, ആംബ്രോണോൾ, ഡിഒകെ-1 മാക്‌സ് എന്നീ കഫ് സിറപ്പുകളിൽ അസ്വീകാര്യമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും (ഡിഇജി) എഥിലീൻ ഗ്ലൈക്കോളും (ഇജി) അടങ്ങിയിട്ടുണ്ടെന്ന് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം കണ്ടെത്തിയതിനെത്തുടർന്നാണ് ഫാക്ടറി അടച്ചുപൂട്ടിയത്.

ജനുവരിയിൽ ഒരു ഇന്ത്യൻ സർക്കാർ ലബോറട്ടറി നടത്തിയ പരിശോധനയിൽ മരിയോൺ നിർമ്മിത സിറപ്പുകളുടെ 22 സാമ്പിളുകൾ “മായം കലർന്നതും വ്യാജവുമാണെന്ന്”കണ്ടെത്തുകയും ചെയ്തിരുന്നു.

Latest