Kerala
വടക്കഞ്ചേരി അപകടം ആവർത്തിക്കപ്പെടരുത്; അനധികൃതമായി പരിഷ്കരിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് എതിരെ നടപടി കർശനമാക്കണം: ഹൈക്കോടതി
ബസ് യാത്രക്കാരുടെയും റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം വാഹനങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് വ്ലോഗർമാർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി | വടക്കഞ്ചേരിയിലെ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, നിയമവിരുദ്ധമായ പരിഷ്‌കാരങ്ങൾ ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി കർശനമാക്കണമെന്ന് ഹൈക്കോടതി. ഇത്തരം അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്നും കോടതി നിർദേശിച്ചു. ബസ് യാത്രക്കാരുടെയും റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം വാഹനങ്ങൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് വ്ലോഗർമാർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ പാസഞ്ചർ ക്യാബിനിൽ മൾട്ടി-കളർ എൽഇഡി/ലേസർ/നിയോൺ ലൈറ്റുകൾ, ഫ്ലാഷ് ലൈറ്റുകൾ, ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഹൈ പവർ ഓഡിയോ സിസ്റ്റം എന്നിവ ഘടിപ്പിച്ചത് ഉൾപ്പെടെ നിരവധി അനധികൃത മാറ്റങ്ങൾ വരുത്തിയതായി കോടതി ചൂണ്ടിക്കാട്ടി. ബസിന്റെ വിൻഡ്‌സ്‌ക്രീനിൽ ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന വലിയ ഗ്രാഫിക്കൽ ലിഖിതങ്ങളും ഉണ്ടായിരുന്നു. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ ലംഘിച്ച് മൾട്ടി-ടോൺ ഹോൺ ഘടിപ്പിച്ചാണ് വണ്ടി ഓടിയിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ, 2022 ജൂണിൽ പുറപ്പെടുവിച്ച മുൻ ഉത്തരവ് കോടതി പരാമർശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അനധികൃത ഓഡിയോ, വിഷ്വൽ സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികാരികൾക്ക് കോടതി നിർദ്ദേശം നൽകി.
യുട്യൂബിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും പൊതുസ്ഥലങ്ങളിൽ മോട്ടോർ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്യുന്ന വ്ലോഗർമാരുടെയും മറ്റുള്ളവരുടെയും നടപടിയെ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങിയ ബെഞ്ച് ശക്തമായി അപലപിച്ചു. കമ്മീഷണർ ഇവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത് കോടതിയിൽ ഹാജരായിരുന്നു. അപടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. ഗതാഗത കമ്മിഷണറോട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു.
ബുധനാഴ്ച രാത്രി 11.30ഓടെയാണ് തൃശൂർ- പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരിക്ക് സമീപം അപകടമുണ്ടായത്. മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കെ എസ് ആർ ടി സി ബസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒൻപത് പേർ മരിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് വ്യക്തമായിട്ടുണ്ട്. അപകടം നടക്കുമ്പോൾ 97 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.