Connect with us

Articles

മൂല്യമിടിഞ്ഞ ഇന്ത്യന്‍ രൂപ വിരല്‍ ചൂണ്ടുന്നത്

വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങല്‍ രൂപയുടെ മൂല്യത്തെ അതീവ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 മെയില്‍ ഡോളറിനെതിരെ 59.89 ഉണ്ടായിരുന്ന രൂപയുടെ മൂല്യം എട്ട് വര്‍ഷം പിന്നിടുമ്പോള്‍ 77.42 കഴിഞ്ഞ് താഴേക്ക് പതിച്ചിരിക്കുകയാണ്. അതേസമയം രൂപയുടെ മൂല്യം ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം താഴേക്ക് പതിച്ചപ്പോള്‍ നേരത്തേ മൂല്യത്തകര്‍ച്ചക്കെതിരെ ആഞ്ഞടിച്ചിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ രൂക്ഷമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Published

|

Last Updated

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് കൂപ്പുകൂത്തിയ ഇന്ത്യന്‍ രൂപ വിരല്‍ചൂണ്ടുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഘടന നേരിടുന്ന ഭീഷണിയിലേക്കാണ്. രൂപയടക്കമുള്ള കറന്‍സികള്‍ക്ക് മുന്നില്‍ ശക്തി തെളിയിച്ച് ഡോളര്‍ മുന്നേറുമ്പോള്‍ ഇന്ത്യന്‍ രൂപ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതില്‍ പിന്നെ 17.68 രൂപയുടെ മൂല്യ ശോഷണമാണ് ഇന്ത്യന്‍ രൂപക്ക് സംഭവിച്ചത്. നിലവില്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 77.47 എന്ന നിരക്കിലാണ് വിനിമയം നടത്തുന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൂട്ടമായി പിന്‍വലിക്കപ്പെട്ടതോടെ അടിസ്ഥാന പലിശ നിരക്കായ റിപ്പോ നാല്‍പ്പത് ബേസിസ് പോയിന്റ് ഉയര്‍ത്തിയ ആര്‍ ബി ഐ നടപടിയും രൂപയുടെ രക്ഷക്കെത്തിയില്ല.

മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോര്‍ഡിനെയാണ് ഇതോടെ മറികടന്നത്. രൂപക്കൊപ്പം ഏഷ്യന്‍ കറന്‍സികളും വിപണിയില്‍ ബലഹീനത പ്രകടിപ്പിച്ചു. ജപ്പാന്‍ കറന്‍സിയായ യെന്നും ദക്ഷിണ കൊറിയന്‍ കറന്‍സിയായ സൗത്ത് കൊറിയന്‍ വോണും വലിയ തകര്‍ച്ച നേരിടുന്ന കറന്‍സികളുടെ കൂട്ടത്തിലുണ്ട്. രാജ്യത്തെ സമ്പദ്ഘടനയില്‍ പ്രതിഫലിച്ച ആഗോളതലത്തിലെ പണപ്പെരുപ്പവും ഒപ്പം റഷ്യ- യുക്രൈന്‍ യുദ്ധവുമാണ് രൂപക്ക് തിരിച്ചടിയായ പ്രധാന ഘടകങ്ങളില്‍ ചിലത്. ഇതിനിടെ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടല്‍ രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഇതോടൊപ്പം വര്‍ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങളും കറന്‍സിയെ ബാധിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോര്‍ഡ് ഇടിവിലേക്ക് എത്തിക്കുകയായിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് വിതരണ ശൃംഖലയില്‍ വന്ന തടസ്സങ്ങളും ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതും ഒപ്പം വര്‍ധിക്കുന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇതോടൊപ്പം ചൈനയിലെ ലോക്ക്ഡൗണ്‍ സാഹചര്യങ്ങളും വിപണിയിലുണ്ട്. അതേസമയം ഇന്ത്യന്‍ രൂപയെ അപേക്ഷിച്ച് അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച വരെ 1.2 ശതമാനം ഇടിവാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തിലുണ്ടായത്. യു എസ് കേന്ദ്ര ബേങ്കായ ഫെഡ് റിസര്‍വിന്റെ നിരക്കിന് അനുസൃതമായി ധനനയം ആവിഷ്‌കരിക്കാന്‍ കഴിയാത്തതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ കറന്‍സികളെ ബാധിക്കുന്നത്.

യു എസ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ അതിന്റെ ഉത്തേജന ഇടപെടലുകള്‍ കുറക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഡോളറിനെതിരെ രൂപ 77.42 എന്ന നിരക്കിലേക്ക് ഇടിഞ്ഞത്. ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിച്ചതോടെ നിരക്കുകള്‍ ഉയര്‍ത്തിയത് നിക്ഷേപകരെ ഭയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സാമ്പത്തിക മാന്ദ്യമെന്ന അപകടത്തെ മുന്നില്‍ കണ്ടുകൊണ്ട് വിദേശ നിക്ഷേപകര്‍ പിന്‍വലിഞ്ഞതാണ് രൂപയുടെ തകര്‍ച്ച വേഗത്തിലാക്കിയത്. ഇതിനു പുറമെ യു എസ് കേന്ദ്ര ബേങ്കായ ഫെഡറല്‍ റിസര്‍വ് ബേങ്ക് നിരക്കില്‍ അരശതമാനം വര്‍ധന വരുത്തിയത് ഡോളറിന്റെ കുതിപ്പിന് ആക്കം കൂട്ടി.

കഴിഞ്ഞയാഴ്ച 77.05 നിലവാരത്തിലാണ് ക്ലോസ് ചെയ്തിരുന്നതെങ്കിലും ഈ ആഴ്ച വ്യാപാരം ആരംഭിച്ചതോടെ രൂപ കൂടുതല്‍ താഴേക്ക് പതിക്കുകയായിരിന്നു. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയും കുതിക്കുന്ന ഡോളര്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചപ്പോള്‍ ഇന്ത്യന്‍ രൂപ കിതക്കുകയാണ്. ഇതോടൊപ്പം ആഗോള തലത്തിലെ പണപ്പെരുപ്പവും ഇന്ധനവില വര്‍ധനയും ക്രമാതീതമായി തുടരുന്നത് ഇന്ത്യന്‍ വിപണിയിലെ അപകട സാധ്യത ഉയര്‍ത്തിയതോടെ താരതമ്യേന സുരക്ഷിത കറന്‍സിയായ ഡോളറിലേക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് ഡോളറിന് ഗുണകരമായത്. രൂപക്കൊപ്പം മറ്റു കറന്‍സികള്‍ക്കും ഇത് തിരിച്ചടിയായപ്പോള്‍ ഡോളര്‍ കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് ചെയ്തത്. രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയത് ഓഹരി വിപണിയെയും സ്വാധീനിച്ചിട്ടുണ്ട്. സെന്‍സെക്‌സ് 550 പോയിന്റോളം ഇടിഞ്ഞ നിലയിലാണ് വിനിമയം നടന്നത്.

രൂപയുടെ വിനിമയ മൂല്യം ക്രമേണയായി കുത്തനെയിടിഞ്ഞ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്ന് 17.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. ഈ മാസം ആദ്യത്തെ നാല് ദിനങ്ങളില്‍ മാത്രം 6,400 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ ഈ പിന്‍വാങ്ങല്‍ രൂപയുടെ മൂല്യത്തെ അതീവ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 മെയില്‍ ഡോളറിനെതിരെ 59.89 ഉണ്ടായിരുന്ന രൂപയുടെ മൂല്യം എട്ട് വര്‍ഷം പിന്നിടുമ്പോള്‍ 77.42 കഴിഞ്ഞ് താഴേക്ക് പതിച്ചിരിക്കുകയാണ്.

അതേസമയം രൂപയുടെ മൂല്യം ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം താഴേക്ക് പതിച്ചപ്പോള്‍ നേരത്തേ മൂല്യത്തകര്‍ച്ചക്കെതിരെ ആഞ്ഞടിച്ചിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെതിരെ രൂക്ഷമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ചക്കെതിരെ പ്രസംഗിക്കുന്ന മോദിയുടെ വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളായി പ്രചരിക്കുന്നുണ്ട്. “ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് ദേശത്തിന്റെ രക്ഷയെ കുറിച്ച് ഒരു ചിന്തയുമില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. രൂപയുടെ മൂല്യം ഇടിയുന്നു. അവര്‍ക്ക് കസേര സംരക്ഷിക്കാനുള്ള ചിന്ത മാത്രമാണുള്ളത്. ഡോളറിന് മുമ്പില്‍ രൂപ കരുത്തോടെ നില്‍ക്കണം. ഇതിനായുള്ള കാര്യങ്ങള്‍ ചെയ്യണം. എന്നാല്‍ ഇക്കാര്യത്തിലൊന്നും സര്‍ക്കാറിന് ചിന്തയില്ല’. രൂപയുടെ മൂല്യത്തകര്‍ച്ചക്കെതിരെ 2013ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളായിരുന്നു ഇത്. ഇന്ധന വിലവര്‍ധനക്കെതിരായ ക്ലിപ്പുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. പഴയ പ്രസംഗങ്ങളും നിലപാടുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാറിനെയും തിരിഞ്ഞുകുത്തുകയാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest