Kerala
ബഹുഭൂരിപക്ഷം മലയാളികളും മരണ സമയം ചെലവിടുന്നത് ആശുപത്രിക്കിടക്കയില്‍
യൂറോപ്പിലെ ശരാശരിയുടെ ഇരട്ടിയോളമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട്
കോഴിക്കോട് | ആഗോളതലത്തിലും ദേശീയതലത്തിലുമുള്ള കണക്കുകളെ അപേക്ഷിച്ച് അന്ത്യനിമിഷങ്ങളില്‍ ആശുപത്രിയിലേക്ക് ഓടുന്ന മലയാളികളുടെ എണ്ണം ബഹുദൂരം മുന്നില്‍. കേരളത്തില്‍ മരണാസന്നം ആശുപത്രിയില്‍ ചെലവഴിച്ച് മരിക്കുന്നവരുടെ എണ്ണം ദേശീയ ശരാശരിക്കും മുന്നിലെന്നാണ് പഠനം. ഗ്രാമീണ മേഖലയില്‍ 88 ശതമാനം പേരും നഗരങ്ങളില്‍ 75 ശതമാനം പേരും മരിക്കുന്നത് ആശുപത്രികളിലാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളിലിത് വെറും 40 ശതമാനമാണ്.
യൂറോപ്പിലെ ശരാശരിയുടെ ഇരട്ടിയോളം വരും കേരളത്തിലെ കണക്കുകളെന്ന് പഠനത്തില്‍ പറയുന്നു. സെന്‍സസ് കമ്മീഷണറുടെ ഓഫീസ് തയ്യാറാക്കിയ സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയത്. അമേരിക്കക്കാരെക്കാളും വൈദ്യശാസ്ത്രത്തെ ആശ്രയിച്ച് കഴിയുന്നവരും വൈദ്യശാസ്ത്ര- കേന്ദ്രീകൃതമായ സമൂഹവുമാണ് മലയാളികളെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡി നാരായണ പറഞ്ഞു.
മിക്ക ആളുകളും വീട്ടില്‍ മരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, പല കാരണങ്ങളാലും മിക്കവര്‍ക്കും അതിനുള്ള സാഹചര്യം ലഭിക്കുന്നില്ല. മരണത്തിന് തൊട്ടുമുമ്പുള്ള ആശുപത്രിവാസം കൊണ്ട് നല്ലൊരു അന്ത്യമുണ്ടാകുമെന്ന ഉറപ്പൊന്നുമില്ല. അതിനു പുറമെ ആരോഗ്യരംഗത്തെ ചെലവുകള്‍ കൂട്ടുകയും ചെയ്യുന്നുണ്ടെന്നും നാരായണ ചൂണ്ടിക്കാട്ടി.