Kerala
വിധി തളർത്തിയില്ല; ചിറകുവിരിച്ച് ദാനിഷ്
എസ് എം എ ബാധിതനാണെങ്കിലും ദാനിഷിന് തളരാത്ത മനസ്സുണ്ടായിരുന്നു, കരുത്തുള്ള അക്ഷരങ്ങളും
കണ്ണൂർ | പരിമിതികളിൽ തളർന്നില്ല, മുഹമ്മദ് ദാനിഷിന്റെ ചിറകുകൾ വിരിക്കുന്നു. ഏഴാം ക്ലാസ്സുകാരനായ ദാനിഷിന്റെ പത്തോളം ചെറുകഥകളടങ്ങിയ ആദ്യ കഥാസമാഹാരമായ “ചിറകുകൾ’ അടുത്ത മാസം ആദ്യവാരം പ്രകാശനം ചെയ്യുകയാണ്.
എസ് എം എ ബാധിതനാണെങ്കിലും ദാനിഷിന് തളരാത്ത മനസ്സുണ്ടായിരുന്നു, കരുത്തുള്ള അക്ഷരങ്ങളും. കാഞ്ഞിരോട് അൽഹുദാ ഇംഗ്ലീഷ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിയാണ് ദാനിഷ്. ചെറുപ്പം മുതൽ തന്നെ കഥകളോടും പുസ്‌തകങ്ങളോടും ദാനിഷിന് വലിയ താത്്പര്യമായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അലട്ടിയെങ്കിലും തന്റെ വീൽചെയറിൽ ഇരുന്നു കൊണ്ട് ദാനി്ഷ് കുത്തിക്കുറിച്ചുകൊണ്ടേയിരുന്നു. അതൊക്കെ കാമ്പുള്ള രചനകളുമായിരുന്നു. സ്‌കൂളിലെ എഴുത്തു മത്സരങ്ങളിലെല്ലാം പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തതോടെ ദാനിഷിന് അധ്യാപകരും രക്ഷിതാക്കളും കഥകൾ എഴുതാനുള്ള ആത്മവിശ്വാസവും പ്രോത്സാഹനവും നൽകി. ഇത് തന്നെയാണ് ദാനിഷിന് വലിയ കരുത്തായി മാറിയത്. പിന്നീട് ദാനിഷ് സ്വപ്നം നെയ്്തു കൊണ്ടേയിരുന്നു. അതൊക്കെ എഴുതിപ്പിടിപ്പിക്കുകയും ചെയ്തു. വീടിനടുത്തുള്ള ലൈബ്രറിയിൽ നിന്നും നിരവധി പുസ്തകങ്ങളെടുത്ത് ഒറ്റയിരിപ്പിന് വായിച്ചുതീർക്കുന്ന സ്വഭാവമായിരുന്നു ദാനിഷിന്. ഇത്രയും പുസ്തകങ്ങൾ വായിക്കുന്ന ആൾക്ക് ഒരു പുസ്തകം എഴുതിയാൽ എന്താണെന്ന് ലൈബ്രേറിയൻ ദാനിഷിന്റെ പിതാവിനോട് ചോദിച്ചു. ആ ചോദ്യം ദാനിഷിന് വിലിയ പ്രചോദനമായിരുന്നു.
കൊവിഡ് കാലത്ത് വീട്ടിലിരുന്നാണ് പത്ത് കഥകൾക്കും ജീവൻ നൽകിയത്. മൊബൈലിൽ നോട്ട്പാടിലാണ് കഥകളെഴുതിയത്. ഇത് സ്‌കൂളിലെ പ്രധാനാധ്യാപിക സുബൈദ ടീച്ചർക്ക് അയക്കും. കഥ വായിച്ച ശേഷം ടീച്ചർ ആവശ്യമായ മറ്റ് നിർദേശങ്ങൾ നൽകുകയും ചെയ്തു. എല്ലാ കഥകളും ഒന്നിനൊന്ന് മികച്ചതാണെന്ന് സ്‌കൂൾ അധ്യാപിക സുബൈദ ടീച്ചർ പറഞ്ഞു.
പ്രായമായവരെ ബഹുമാനിക്കുക എന്നൊരു തീം എല്ലാ കഥകളിലും കാണാമെന്നും എല്ലാവരെയും സഹായിക്കുന്ന ഒരു മനസ്സും കഥകളുടെ ഉള്ളടക്കത്തിൽ പ്രകടമാണെന്നും ടീച്ചർ പറഞ്ഞു. അത് തന്നെയാണ് അവന്റെ കഥകളെ വ്യത്യസ്്തമാക്കുന്നത്. ബെന്യാമിനും വൈക്കം മുഹമ്മദ് ബശീറും ടി പത്മനാഭനുമാണ് ദാനിഷിന്റെ പ്രിയപ്പെട്ട എഴുത്തുകാർ. പുസ്തകത്തിന്റെ കവർ പേജ് ശിശുദിനത്തിന് റിലീസ് ചെയ്തിട്ടുണ്ട്. സ്‌കൂൾ പ്രിൻസിപ്പൽ സുബൈദ ടീച്ചറുടെ മകൾ അംന മർസൂഖാണ് കവർ ഡിസൈൻ ചെയ്തത്. കണ്ണൂർ പായൽ ബുക്‌സാണ് പുസ്തകം പ്രസാധനം ചെയ്യുന്നത്.
വായിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ദാനിഷിന് ഭാവിയിൽ ഐ എ എസ് ഓഫീസറാകാനാണ് ആഗ്രഹം. കാഞ്ഞിരോട് കുടുക്കി മൊട്ടയിലെ മുത്വലിബ്- നിഷാന ദമ്പതികളുടെ മകനാണ് ദാനിഷ്.