National
പുതിയ പാര്‍ലിമെന്റ് കെട്ടിടത്തില്‍ ഉപരാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി; ചടങ്ങിന് എത്താനാകാതെ ഖാര്‍ഗെ
ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് വളരെ വൈകിയാണ് തനിക്ക് ലഭിച്ചതെന്നും അതില്‍ വിഷമമുണ്ടെന്നും അറിയിച്ചു കൊണ്ടുള്ള കത്ത് ഖാര്‍ഗെ രാജ്യസഭാ ജനറല്‍ സെക്രട്ടറി പ്രമോദ് ചന്ദ്ര മോദിക്ക് അയച്ചു.
ന്യൂഡല്‍ഹി | പുതിയ പാര്‍ലിമെന്റ് കെട്ടിടത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ആണ് പാര്‍ലിമെന്റിലെ ഗജ് ദ്വാറില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. ഈമാസം 18 മുതല്‍ 22 വരെ ചേരുന്ന പ്രത്യേക പാര്‍ലിമെന്റ് സമ്മേളനത്തിനു മുന്നോടിയായാണ് പുതിയ മന്ദിരത്തില്‍ പതാക ഉയര്‍ത്തുമെന്ന് കേന്ദ്ര പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി നേരത്തെ അറിയിച്ചിരുന്നു. വിവിധ കക്ഷി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഈയാഴ്ച അവസാനം ഹൈദരാബാദില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് ഖാര്‍ഗെക്ക് എത്താനാകാതെ പോയത്.
ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് വളരെ വൈകിയാണ് തനിക്ക് ലഭിച്ചതെന്നും അതില്‍ വിഷമമുണ്ടെന്നും അറിയിച്ചു കൊണ്ടുള്ള കത്ത് ഖാര്‍ഗെ രാജ്യസഭാ ജനറല്‍ സെക്രട്ടറി പ്രമോദ് ചന്ദ്ര മോദിക്ക് അയച്ചിട്ടുണ്ട്.