Connect with us

Ongoing News

പോരാട്ട വീര്യത്തിന്റെ വിജയം; നാലാം തവണയും ഏഷ്യന്‍ ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

കലാശപ്പോരില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് മലേഷ്യയെ മലര്‍ത്തിയടിച്ചാണ്‌ ഇന്ത്യ വിജയഭേരി മുഴക്കിയത്. 1-3ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.

Published

|

Last Updated

ചെന്നൈ | മിന്നും ജയത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് ഇന്ത്യ. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കിരീടം നേടുന്നത്. ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് മലേഷ്യയെ മലര്‍ത്തിയടിച്ചാണ്‌ ഇന്ത്യ വിജയഭേരി മുഴക്കിയത്.

1-3ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. പരാജയപ്പെടുമെന്ന് തോന്നിച്ചിടത്തു നിന്ന് ഉജ്ജ്വലമായ പോരാട്ട വീര്യം കാഴ്ചവച്ച ടീം ഇന്ത്യ തുടരെ മൂന്ന് ഗോളുകള്‍ മലേഷ്യയുടെ വലയിലാക്കി ചാമ്പ്യന്‍പട്ടം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. ആദ്യ ക്വാര്‍ട്ടറില്‍ ജുഗ്‌രാജ് സിംഗിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. എന്നാല്‍, കമല്‍ അബു അര്‍സായിയിലൂടെ മലേഷ്യ സമനില പിടിച്ചു (1-1). രണ്ടാം ക്വാര്‍ട്ടറില്‍ റാസി റഹീം മലേഷ്യയെ മുന്നിലെത്തിച്ചു (2-1). പെനാള്‍ട്ടി കോര്‍ണറിലൂടെയായിരുന്നു ഗോള്‍.

രണ്ടാം ക്വാര്‍ട്ടറിലെ തന്നെ അവസാന നിമിഷങ്ങളില്‍ മലേഷ്യ ലീഡുയര്‍ത്തി. പെനാള്‍ട്ടി കോര്‍ണറിലൂടെ അമിനുദ്ദീന്‍ മുഹമ്മദ് ആണ് സ്‌കോര്‍ ചെയ്തത് (3-1). മൂന്നാം ക്വാര്‍ട്ടറില്‍ വര്‍ധിത വീര്യത്തോടെ പൊരുതിയ ഇന്ത്യ പെനാള്‍ട്ടിയില്‍ നിന്ന് തങ്ങളുടെ രണ്ടാം ഗോള്‍ കണ്ടെത്തി. സ്‌ട്രോക്കെടുത്ത ഹര്‍മന്‍പ്രീത് സിംഗിന് പിഴച്ചില്ല (2-3). പിന്നീട് ഗുര്‍ജന്ത് സമനില ഗോള്‍ നേടി (3-3). കളി തീരാന്‍ അല്‍പ സമയം മാത്രം ബാക്കിനില്‍ക്കേ ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യ മത്സരവും കിരീടവും പോക്കറ്റിലാക്കുകയായിരുന്നു.

---- facebook comment plugin here -----

Latest