Connect with us

vigilance arrest

പ്രതിയില്‍ നിന്ന് 40,000 രൂപ കൈക്കൂലി വാങ്ങിയ എസ് ഐയെ വിജിലന്‍സ് പിടികൂടി

40,000 രൂപ നല്‍കാമെന്ന് പറഞ്ഞ പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് വയനാട് യൂണ്റ്റ് ഡിവൈ എസ് പി ഷാജി വര്‍ഗ്ഗീസിനെ അറിയിച്ചു.

Published

|

Last Updated

ബത്തേരി | കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. വഞ്ചനാ കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതിന് കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 40,000 രൂപ കൈക്കൂലി വാങ്ങിയ സുല്‍ത്താന്‍ ബത്തേരി സബ് ഇന്‍സ്പെക്ടര്‍ സി എം സാബുവിനെയാണ് വിജിലന്‍സ് പിടികൂടിയത്.

കോളജ് പ്രവേശനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ പരാതിക്കാരന്‍ കോടതി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്പെക്ടര്‍ സാബുവിനെ കണ്ടപ്പോള്‍, ജാമ്യ വ്യവസ്ഥ പാലിക്കുന്നില്ലായെന്ന് തെറ്റായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി ജാമ്യം റദ്ദ് ചെയ്യുമെന്നും അത് ഒഴുവാക്കുന്നതിന് 50,000 രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

40,000 രൂപ നല്‍കാമെന്ന് പറഞ്ഞ പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് വയനാട് യൂണ്റ്റ് ഡിവൈ എസ് പി ഷാജി വര്‍ഗ്ഗീസിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി വൈകുന്നേരം 5.30 ഓടെ പോലീസ് ക്വാര്‍ട്ടേഴ്സ് പരിസരത്ത് വച്ച് പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങവെ സാബുവിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടറായ ടി മനോഹരന്‍, പോലീസ് സബ് ഇന്‍സ്പെക്ടറായ കെ ജി റജി, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ പ്രമോദ്, എസ് സുരേഷ്, സതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലന്‍ എസ്, അജിത് കുമാര്‍, സുബി ടി സി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത് പ്രകാശ്, കെ ജെ ജിനേഷ് എന്നിവരുമുണ്ടായിരുന്നു.

 

Latest