Uae
ഏഴാം ഹാളിൽ മലയാളത്തിന്റെ ശബ്ദം ഉയരെ
ആകെ 112 രാജ്യങ്ങളിൽ നിന്ന് 2,520 പ്രസാധകരാണ് പങ്കെടുക്കുക.
ഷാർജ | 43-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഏഴാം ഹാൾ ആദ്യ ദിവസങ്ങളിൽ തന്നെ തിരക്കിലമർന്നു. ഇവിടെയാണ് ഇന്ത്യയിൽ നിന്നുള്ള പ്രസാധകരുടെയുടെയും വാർത്താമാധ്യമങ്ങളുടെയും സ്റ്റാളുകൾ. പ്രകാശനങ്ങൾ നടക്കുന്ന റൈറ്റേർസ് ഫോറവും പതിവ് പോലെ ഇവിടെ തന്നെ. എല്ലായിടത്തും ആസ്വാദകരുടെ തിരക്ക്. ഇന്ത്യയിൽ നിന്ന് ഇത്തവണ 52 പ്രസാധകർ. സ്റ്റാളുകൾ ഇന്ത്യൻ ഭാഷകളാൽ വിശേഷിച്ച് മലയാളത്താൽ ശബ്ദമുഖരിതമായി. “പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്ന പ്രമേയം അലയടിച്ചു. ഭൂരിഭാഗവും മലയാളം പ്രസാധകരാണ്. ഹിന്ദി, തമിഴ്, കന്നഡ, ഉറുദു പ്രസാധകരുമുണ്ട്.
ആകെ 112 രാജ്യങ്ങളിൽ നിന്ന് 2,520 പ്രസാധകരാണ് പങ്കെടുക്കുക. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് 12 ദിവസം നീണ്ടുനിൽക്കുന്ന മേള. ഔദ്യോഗിക അതിഥികളായി 400 എഴുത്തുകാരുണ്ട്. തമിഴിൽ നിന്ന് സംഗീതജ്ഞൻ ഇളയരാജ, എഴുത്തുകാരൻ ജയദേവൻ, തമിഴ്നാട് ഐ ടി, ഡിജിറ്റൽ സേവന മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ, മലയാളത്തിൽ നിന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, കവി പി പി രാമചന്ദ്രൻ, നോവലിസ്റ്റ് വിനോയ് തോമസ്, ഹിന്ദി കവി വാസി ഷാ, ബോളിവുഡ് നടി ഹുമാ ഖുറേഷി തുടങ്ങിയവരും പങ്കെടുക്കും.
കൂടാതെ, മലയാളം പ്രസാധകർ ഒട്ടേറെ എഴുത്തുകാരെയും രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകരെയും അണിനിരത്തുന്നു. മൊറോക്കോയാണ് അതിഥി രാജ്യം. അവരുടെ സാഹിത്യ സാംസ്‌കാരിക പാരമ്പര്യം പ്രദർശിപ്പിക്കാൻ 100 പേർ പങ്കെടുക്കുന്ന 107 പരിപാടികൾ അവതരിപ്പിക്കും. ആകെ 2,522 അറബ്, രാജ്യാന്തര പ്രസാധകരും പ്രദർശകരും അവരുടെ ഏറ്റവും പുതിയ തലക്കെട്ടുകളുമായി എത്തിച്ചേരും. ഇതിൽ 835 അറബ്, 264 വിദേശ പ്രസാധകരാണ്. 234 പ്രസാധകരുമായി ആതിഥേയ രാജ്യമായ യു എ ഇ തന്നെയാണ് മുന്നിൽ. ഈജിപ്ത്-172, ലബനാൻ-88, സിറിയ -58 എന്നിവർ തുടർ സ്ഥാനങ്ങളിൽ ഇടംപിടിച്ചു. അറബ് ഇതര രാജ്യങ്ങളിൽ യു കെയാണ് മുന്നിൽ- 81. തൊട്ടു പിന്നിൽ ഇന്ത്യ-52 പ്രസാധകർ.
62 രാജ്യങ്ങൾ അവതരിപ്പിക്കുന്ന 1,357 പരിപാടികളിൽ 250 അതിഥികൾ പങ്കെടുക്കും. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന 600 ശിൽപ്പശാലകളാണ് ഇതിൽ പ്രധാനം. എഴുത്ത് പരിശീലനം നൽകുന്ന അറബിക്, ഇംഗ്ലീഷ് ശിൽപ്പശാലകളിൽ പങ്കെടുക്കാൻ നേരത്തെ പേര് റജിസ്റ്റർ ചെയ്യണം. അറബി ശിൽപ്പശാലകൾ മൂന്ന് ദിവസം വീതം നീണ്ടുനിൽക്കും. ഇംഗ്ലീഷിൽ ഏകദിന ശിൽപ്പശാലയാണ്. ത്രില്ലർ എഴുത്ത്, സാഹിത്യ എഡിറ്റിംഗ്, തെറാപ്പിറ്റിക് റൈറ്റിംഗ് എന്നിവ ഇതിലുൾപ്പെടും. രൂപി കൗർ, ഇസബെല്ല മാൽഡൊനാഡോ, അഹ്്മദ് മൗറാദ്, അഹ്്മദ് അബ്ദുൽ മജീദ് തുടങ്ങിയ പ്രശസ്ത രാജ്യാന്തര, അറബ് എഴുത്തുകാരാണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകുക.
അതിഥികളിൽ പ്രശസ്ത എഴുത്തുകാരും ചിന്തകരും 500 സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 134 അതിഥികൾ സംബന്ധിക്കും. പ്രമുഖ അറബ്, രാജ്യാന്തര അവാർഡുകൾ നേടിയവർ ഉൾപ്പെടെയുള്ള ബുദ്ധിജീവികളെയും കലാകാരന്മാരെയും കാണാനും കേൾക്കാനും സന്ദർശകർക്ക് അപൂർവാവസരമാണ് ലഭിക്കുക. ഇതിൽ 14 രാജ്യങ്ങളിൽ നിന്നുള്ള 49 രാജ്യാന്തര പ്രഭാഷകർ ഉൾപ്പെടും.
17 രാജ്യങ്ങളിൽ നിന്നുള്ള 45 അറബ് അതിഥികളും 40 പ്രമുഖ ഇമാറാത്തി പ്രസംഗകരും പങ്കെടുക്കും. വിദേശ അതിഥികൾ ബൾഗേറിയൻ കവിയും നാടകകൃത്തും ഉൾപ്പെടെ ഈ വർഷത്തെ മേളയിൽ ശ്രദ്ധേയരായ രാജ്യാന്തര വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നു. 2023ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ പ്രശസ്ത എഴുത്തുകാരൻ ജോർജി ഗോസ്പോഡിനോവാണ് പ്രമുഖൻ.
കനേഡിയൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും കോസ്‌മോളജിസ്റ്റുമായ പ്രൊഫ. ലോറൻസ് എം ക്രൗസ് ആണ് മറ്റൊരു പ്രമുഖൻ. ഇവരോടൊപ്പം പാക്കിസ്ഥാൻ നോവലിസ്റ്റും ബ്രിട്ടീഷിലെ പാനി മർ രഹാ ഹേയുടെ രചയിതാവുമായ അംന മുഫ്തിയും ഉണ്ടാകും. ദ് ഖലീഫസ് ഹൗസിലൂടെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മറ്റ് കൃതികളിലൂടെയും ശ്രദ്ധേയനായ ബ്രിട്ടീഷ് എഴുത്തുകാരൻ താഹിർ ഷാ, ഐ റൈറ്റ് ദിസ് ഫോർ യു ആൻഡ് എവരി വേർഡ് യു ക്യാൻ നോട് സേ എന്ന പുസ്തകത്തിലൂടെ ആഘോഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ കവിയും എഴുത്തുകാരനുമായ ഇയൻ എസ്. തോമസ് എന്നിവരും പങ്കെടുക്കും. കൂടാതെ, ആഗോള ചരിത്രകാരൻ പ്രൊഫ. പീറ്റർ ഫ്രാങ്കോപൻ (യു കെ) എന്നിവരും മേളയിൽ പങ്കെടുക്കും.
ബുക്ക് സൈനിങ് കോർണർ, ത്രില്ലർ ഫെസ്റ്റിവൽ, തത്സമയ പാചക പരിപാടികൾ, നാടക ശിൽപ്പശാലകൾ, ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനം തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് തുടങ്ങി.