Kasargod
കാത്തിരിപ്പിന് നാല് പതിറ്റാണ്ടിന്റെ പഴക്കം; നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുന്നു
നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് നാലു കമ്മിഷനുകൾ സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും മാറി മാറി വന്ന സർക്കാരുകൾ ഈ റിപ്പോർട്ടിനെ അവഗണിക്കുകയായിരുന്നു.

നീലേശ്വരം|നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന നീണ്ടകാലത്തെ ആവശ്യത്തിന് പ്രതീക്ഷ നൽകി ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഹൊസ്ദുർഗ് താലൂക്ക് തഹസീദാർ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടുകയും ഐക്യകണ്ഠേന നീലേശ്വരം താലൂക്ക് യാതാർഥ്യമാക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. നീലേശ്വരം താലൂക്ക് ഓഫീസിന് ആവശ്യമായ കെട്ടിടം ഉൾപ്പെടെ എല്ലാ സൗകര്യവും ചെയ്തു നൽകുവാൻ തയ്യാറാണെന്ന് മുൻസിപ്പൽ ചെയർപേഴ്‌സൺ ടി വി ശാന്തയും കളക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
പതിനഞ്ചോളം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്ത യോഗം രണ്ട് മാസം കഴിഞ്ഞെങ്കിലും നീലേശ്വരം താലൂക്ക് പ്രഖ്യാപനം ഇഴയുകയാണ്. പുതിയ സിവിൽ സ്റ്റേഷൻ കെട്ടിടം നിർമ്മാണം പൂർത്തിയാകുന്നത് വരെ താലൂക്ക് ഓഫീസിനായി പുതിയ നഗരസഭ ഓഫീസോ പഴയ നഗരസഭ ഓഫീസോ താൽക്കാലികമായി ഉപയോഗിക്കാവുന്നതാണ്. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയ തഹസിൽദാർ നീലേശ്വരം താലൂക്കിനായി അനുകൂല റിപ്പോർട്ട് സർക്കാറിന് നൽകിയതോടെ എപ്പോൾ താലൂക്ക് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് നീലേശ്വരത്തുകാർ.
കഴിഞ്ഞ ബജറ്റിൽ താലൂക്ക് പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും ഉണ്ടായില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണ ആവശ്യം. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് മത്സരിച്ചു ജയിച്ച നീലേശ്വരം മണ്ഡലത്തിന്റെ ഓർമ്മ നിലനിർത്താൻ നീലേശ്വരം താലൂക്ക് രൂപീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി താലൂക്ക് രൂപീകരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ അദ്ദേഹം കമ്മീഷനെ വച്ചിരുന്നു. പിന്നീട് കാസർകോട് ജില്ല രൂപീകരിക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും നീലേശ്വരം താലൂക്ക് രൂപീകരിക്കുമെന്ന് താലൂക്ക് ആക്ഷൻ കമ്മിറ്റിക്ക് വാഗ്ദാനം നൽകുകയുണ്ടായി. ജില്ല രൂപീകരിക്കുമ്പോൾ കാസർകോട്, ഹോസ്ദുർഗ് എന്നീ രണ്ട് താലൂക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും താലൂക്ക് രൂപീകരിച്ചപ്പോഴും നീലേശ്വരം താലൂക്ക് എന്ന ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു.
നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് നാലു കമ്മിഷനുകൾ സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും മാറി മാറി വന്ന സർക്കാരുകൾ ഈ റിപ്പോർട്ടിനെ അവഗണിക്കുകയായിരുന്നു. ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ, പിലിക്കോട്, വലിയപറമ്പ, കയ്യൂർ-ചീമേനി, മടിക്കൈ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളും, നീലേശ്വരം നഗരസഭയും ഉൾപ്പെടുത്തിയാണ് നീലേശ്വരം താലൂക്ക് രൂപീകരിക്കേണ്ടതെന്നാണ് കളക്ടർ സർക്കാറിന് നൽകിയ റിപ്പോർട്ട്.