Connect with us

valiyazheekkal bridge

കാത്തിരിപ്പിന് വിരാമം; വലിയഴീക്കൽ പാലം മാർച്ച് 10ന് നാടിന് സമർപ്പിക്കും

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിംഗ് ആര്‍ച്ച് പാലമാണ് വലിയഴീക്കല്‍ പാലം.

Published

|

Last Updated

ആറാട്ടുപുഴ l ആലപ്പുഴ  ജില്ലയിലെ ആറാട്ടുപുഴയേയും- കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനേയും ബന്ധിപ്പിച്ച് കായംകുളം പൊഴിക്ക് കുറുകെ നിർമിച്ച വലിയഴീക്കൽ പാലം  മാർച്ച് 10ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. യാത്രാ ദുരിതത്തിന് ആശ്വാസമാകുന്നതോടൊപ്പം തീരദേശത്തിൻ്റെ  വികസനത്തിനും വിനോദ സഞ്ചാരത്തിൻ്റെ കുതിച്ചു  ചാട്ടത്തിനും പാലം വഴിയൊരുക്കും. വർഷങ്ങളായുളള ജനങ്ങളുടെ കാത്തിരിപ്പിനാണ് ദിവസങ്ങൾക്കുള്ളിൽ  വിരാമമാകുന്നത്. നാടിൻ്റെ ഉത്സവമായി ഉദ്ഘാടന ചടങ്ങ് മാറും.

മാർച്ച് 10 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തല, കരുനാഗപ്പള്ളി എം എൽ എ. സി ആർ മഹേഷ് സംബന്ധിക്കും. 146.50 കോടി രൂപ മുതല്‍ മുടക്കിലാണ് പാലം നിർമിച്ചത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍  ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ്  രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം എന്ന ആശയം മുന്നോട്ട് വെക്കുന്നത്.  ഡിസ്ട്രിക്ട് ഫ്‌ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖാന്തരമാണ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചത്.  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. 2015 ലാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്.  981 മീറ്റര്‍ നീളമുള്ള പാലത്തിന് 29 സ്പാനുകളുണ്ട്. വലിയഴീക്കല്‍ ഭാഗത്തേക്കുളള അപ്രോച്ച് റോഡിന് 145 മീറ്ററും അഴീക്കല്‍ ഭാഗത്തെ അപ്രോച്ച് റോഡിന് 90 മീറ്ററുമാണ് നീളം. പാലവും അപ്രോച്ച് റോഡുമുള്‍പ്പടെ ആകെ നീളം 1216 മീറ്ററാണ്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിംഗ് ആര്‍ച്ച് പാലമാണ് വലിയഴീക്കല്‍ പാലം. പാലം നാടിന് തുറന്ന് നല്‍കുന്നതോടെ അനന്തമായ ടൂറിസം സാധ്യതയാണ് വലിയഴീക്കലിലേക്ക് വരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് പാലത്തിൽ പ്രത്യേക വെളിച്ച സംവിധാനം ഏർപ്പെടുത്തുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി ടൂറിസം വകുപ്പ് മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.  കേരളത്തിലെ തന്നെ ഏറ്റവും മികച്ച ടൂറിസം സര്‍ക്യൂട്ടാക്കി വലിയഴീക്കലിനെ മാറ്റുവാനുളള പദ്ധതി ആവിഷ്കരിച്ച് വരികയാണെന്നും അദ്ദേഹം  അറിയിച്ചു.

ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് കടലിന്റേയും കായലിന്റേയും സൗന്ദര്യവും അസ്തമയ ഭംഗിയും പ്രദേശത്തിന്റെ മനോഹാരിതയും പാലത്തിൽ നിന്നുകൊണ്ട്  ആസ്വദിക്കാൻ കഴിയുമെന്നതിനാൽ  സഞ്ചാരികൾ ഒഴുകിയെത്തും. കടലും കായലും സംഗമിക്കുന്ന കായംകുളം പൊഴിമുഖത്തിന്റെ അക്കരെ കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമമാണ്. അവിടെയും വിനോദ സഞ്ചാരികൾക്കായി കടൽ തീരം മനോഹരമായി ഒരുക്കിയിട്ടുണ്ട്.

Latest