t20worldcup
കാത്തിരുന്ന കളി
നാളെ വൈകിട്ട് 7.30ന് ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാക് പോരാട്ടം
ദുബൈ | ഐ സി സി ടി20 ലോകകപ്പ് പോരാട്ടങ്ങൾക്ക് അരങ്ങുണരുന്പോൾ മുൻ താരങ്ങൾ ഉൾപ്പെടെ മത്സര വിജയികളെ പ്രവചിച്ചുകൊണ്ട് സജീവമായി രംഗത്ത്.
ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും ആകർഷകമായ മത്സരം ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ്. നാളെ വൈകിട്ട് 7.30നാണ് മത്സരം. വിജയസാധ്യത കൂടുതൽ ഇന്ത്യക്കാണെങ്കിലും പാകിസ്ഥാനെ എഴുതിത്തള്ളാനാകില്ല. ഇതുവരെ ഇന്ത്യയെ ലോകകപ്പിൽ പരാജയപ്പെടുത്താൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ചരിത്രം നിലനിർത്താൻ ഇന്ത്യയിറങ്ങുന്പോൾ അത് തിരുത്താനാണ് പാകിസ്ഥാൻ ക്രീസിലിറങ്ങുക. ഏതായാലും വലിയ ആവേശത്തോടെയാണ് ഇരു ടീമുകളുടെയും പ്രേമികൾ കാത്തിരിക്കുന്നത്.
ക്യാപ്റ്റൻസി നിർണായകം
ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ക്യാപ്റ്റൻസി നിർണായകമാകുമെന്ന് പാക് ബാറ്റിംഗ് കൺസൾട്ടന്റും മുൻ ഓസീസ് ഓപണറുമായ മാത്യു ഹെയ്ഡൻ. ഐ പി എല്ലിൽ കണക്കുകൾ നോക്കിയാൽ മുൻ റെക്കോർഡുകൾ പോലെ വ്യക്തിഗത പ്രകടനം നല്ലതായിരുന്നില്ലെങ്കിലും ചെന്നൈ സൂപ്പർ കിംഗ്‌സിനെ എം എസ് ധോണിയും കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സിനെ ഒയിൻ മോർഗനും ഫൈനലിലേക്ക് നയിച്ചു. ഇതിൽ ഇരുവർക്കും നിർണായക പങ്കുണ്ടായിരുന്നു. വരും മത്സരത്തിലും ക്യാപ്റ്റൻസി നിർണായകമാകും. വളരെ ചെറിയ തെറ്റുപോലും വിധിയെഴുത്തിനെ സ്വാധീനിക്കുമെന്നും ഹെയ്ഡൻ പറഞ്ഞു.
നേർക്കുനേർ വന്നത് ഏഴ് തവണ
ഏകദിന ലോകകപ്പുകളിൽ ഇതുവരെ ഏഴ് തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വന്നത്. ഇതിൽ ഏഴ് തവണയും ഇന്ത്യക്കൊപ്പമായിരുന്നു ജയം. ടി20 ലോകകപ്പിൽ അഞ്ച് തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയുടെ കൂടെ നിന്നു. അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടിയത്. രോഹിത് ശർമയുടെ സെഞ്ച്വറി മികവിൽ മത്സരത്തിൽ 89 റൺസിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണം ഇരുവരും ഐ സി സി ടൂർണമെന്റുകളിൽ മാത്രമാണ് നേർക്കുനേർ വരാറുള്ളത്. എന്നിരുന്നാലും ഏറെ ആവേശത്തോടുകൂടിയാണ് ക്രിക്കറ്റ് പ്രേമികൾ ഇൗ മത്സരത്തെ വീക്ഷിക്കുന്നത്.
സാധ്യത കൂടുതൽ ഇന്ത്യക്ക് : ഷെയിൻ വോൺ
സിഡ്നി | ടി20 ലോകകപ്പിൽ കിരീട സാധ്യത ഇന്ത്യക്കും ഇംഗ്ലണ്ടിനുമാണെന്ന് മുൻ ആസ്്ത്രേലിയൻ താരം ഷെയിൻ വോൺ. സന്നാഹ മത്സരത്തിൽ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. അതേസമയം ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി ന്യൂസിലാൻഡിനെ 13 റൺസിന് കീഴടക്കി. ഇന്ത്യയും ഇംഗ്ലണ്ടും കഴിഞ്ഞാൽ ആസ്്ത്രേലിയ, പാകിസ്ഥാൻ, വെസ്റ്റിൻഡീസ് എന്നീ ടീമുകൾക്കാണ് വോൺ സാധ്യത കൽപ്പിക്കുന്നത്.
സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബ്രാഡ് ഹോഗ്
സിഡ്‌നി | ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഒാസീസ് താരം ബ്രാഡ് ഹോഗ്. സെമിയിലെത്തുന്ന നാല് ടീമുകളിൽ രണ്ടെണ്ണം ഏഷ്യയിൽ നിന്നായിരിക്കുമെന്നും ആസ്്ത്രേലിയ സെമിയിലെത്തില്ലെന്നും ഹോഗ് പറഞ്ഞു. സൂപ്പർ 12ലെ ഗ്രൂപ്പ് വണ്ണിൽ നിന്ന് വെസ്റ്റിൻഡീസും ഇംഗ്ലണ്ടും ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും സെമിയിലെത്തും. ആസ്്ത്രേലിയയും ദക്ഷിണാഫ്രിക്കയും പുറത്താകുമെന്നും ഹോഗ് പ്രവചിച്ചു.
ഇന്ത്യയാണ് ഫേവറിറ്റുകൾ: ഇൻസമാമുൽ ഹഖ്
കറാച്ചി | ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യയാണ് ഫേവറിറ്റുകളെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാമുൽ ഹഖ്.
എഷ്യൻ പിച്ചുകളിൽ ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകരമായ ടീമാണ് ഇന്ത്യ. സന്നാഹ മത്സരത്തിൽ ആസ്്ത്രേലിയക്കെതിരെ ഇന്ത്യ 153 റൺസ് പിന്തുടർന്ന രീതി കണ്ടാൽ മനസ്സിലാകും. ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റ് പോലും ചെയ്തില്ല. എന്നിട്ടും അനായാസം ഇന്ത്യ വിജയം സ്വന്തമാക്കി. ആസ്്ത്രേലിയ പോലുള്ള ഒരു ടീമിനെതിരെ പോലും അനായാസം വിജയിക്കുന്നത് അത്ഭുതപ്പെടുത്തിയെന്നും ഇൻസമാമുൽ ഹഖ് പ്രതികരിച്ചു. മറ്റ് ടീമുകളെ അപേക്ഷിച്ച് കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള ടീം ഇന്ത്യയാണെന്നും ഇൻസമാം കൂട്ടിച്ചേർത്തു.