Kerala
വാളയാര്‍ കേസ്; പ്രതികളുടെ ഫോണുകള്‍ പരിശോധനക്ക് അയക്കാന്‍ സിബിഐക്ക് കോടതി അനുമതി
പെണ്‍കുട്ടികളുടെ അമ്മയുടെ മൊബൈല്‍ ഫോണും പരിശോധനക്ക് അയയ്ക്കും

കൊച്ചി വാളയാര്‍ കേസിലെ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രിയ പരിശോധനക്ക് അയക്കാന്‍ കോടതി അന്വേഷണ സംഘമായ സിബിഐക്ക് അനുമതി നല്‍കി.പാലക്കാട് പോക്‌സോ കോടതിയുടെ നടപടി. അനുമതി ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ അമ്മയുടെ മൊബൈല്‍ ഫോണും പരിശോധനക്ക് അയയ്ക്കും.അതേ സമയം, പ്രതികളെ നുണപരിശോധനക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹരജിയില്‍ അടുത്ത മാസം 30ന് കോടതി വിധി പറയും.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസ്സുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.
ഇതിന് പിന്നാലെ വിധി റദ്ദാക്കണമെന്നും പുനര്‍വിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബര്‍ 19 ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2020 മാര്‍ച്ച് 18 ന് പോലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമീഷന്‍ കണ്ടെത്തി. 2020 നവംബര്‍ നാലിന് മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു. 2021 ജനുവരി ന് പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയും ചെയ്തു. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രില്‍ ഒന്ന് പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. 2021 ഡിസംബര്‍ 27 ന് വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലില്‍ സിബിഐ കുറ്റപത്രം 2022 ഓഗസ്റ്റ് 10 കുറ്റപത്രം പാലക്കാട് പോക്‌സോ കോടതി തള്ളി. തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.